കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല- പുതിയ സാധ്യതകൾ
ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇടമാണ് കേരളം. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഭാരതത്തിന്റെ ഇതര ഭാഗങ്ങളെക്കാൾ ഒട്ടാകെ മെച്ചമായിരുന്നു നമ്മുടെ വിശിഷ്യാ,തിരുവിതാംകൂറിന്റെ പൊതുജനാരോഗ്യ സൂചികകൾ. എങ്കിലും ലോകത്തിലെ വികസിത സമൂഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം വളരെ പിന്നോക്കാവസ്ഥയിൽ തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഐക്യ കേരളം രൂപീകൃതമായതിനുശേഷമാണ് നമ്മുടെ സമൂഹം പൊതുജനാരോഗ്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടം നടത്തിയത്. കേരളത്തിലെ ആദ്യ ജനാധിപത്യ സർക്കാർ ഭൂമിയുടെ മേലുള്ള അവകാശത്തിലും സാർവത്രിക സൗജന്യ വിദ്യാഭ്യാസത്തിനും മറ്റും നടത്തിയ ഇടപെടലുകളുടെ സ്വാധീനം പൊതുജനാരോഗ്യ മേഖലയിലും ചലനങ്ങളുണ്ടാക്കി. പൊതുജനാരോഗ്യത്തിന്റെ സാമൂഹിക നിർണ്ണയ ഘടകങ്ങളിൽ ഉണ്ടായ ഗുണപരമായ മാറ്റം പകർച്ചവ്യാധികളെ ഗണ്യമായി കുറച്ചു. ഭക്ഷണലഭ്യത ഉറപ്പുവരുത്തി കൊണ്ടും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ സവിശേഷമായ ശ്രദ്ധ നൽകി കൊണ്ടും നാം പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം മുന്നോട്ട് പോയി.ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം നാം നേടിയ പൊതുജന ആരോഗ്യ നേട്ടങ്ങളാണ്...