കണ്ണുണ്ടാവട്ടെ, കാഴ്ചകളും
കാണാൻ മനസ്സുണ്ടെങ്കിൽ ഹൃദയം നിറക്കുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലോകം എന്ന് തോന്നാറുണ്ട്. വായിക്കുന്നവർ മാത്രമല്ല, കണ്ണ് തുറന്ന് കാണുന്നവരും ഒരുപാട് ജീവിതങ്ങൾ ജീവിക്കുമത്രെ.
ചുറ്റുമുള്ള മനുഷ്യരെ കാണാനുള്ള കണ്ണില്ലെങ്കിൽ പിന്നെ എത്ര വെളിച്ചമുണ്ടയാലും ഉള്ളിൽ ഇരുട്ടായിരിക്കും എന്ന് എവിടെയോ വായിച്ചതോർക്കുന്നു.
കോളേജിലേക്കുള്ള യാത്ര ഏറ്റവും മനോഹരമായ ചില രാവിലെക്കാഴ്ചകളുടേത് കൂടിയാണ്.
ഊട്ടി റോഡ് കഴിഞ്ഞ് വരുമ്പോൾ ഒരച്ഛനെയും മകളെയും കാണാം, വാ തോരാതെ സംസാരിക്കുന്ന മകളും എല്ലാം ചിരിയോടെ കേൾക്കുന്ന ഒരച്ഛനും. സ്കൂളിലേക്ക് പോകുന്ന വഴിയാണ്. എന്നും സംസാരിച്ചാലും തീരാത്തത്ര വിഷയങ്ങൾ എല്ലാ മനുഷ്യരുടെ ഉള്ളിലും ഉണ്ടെന്ന് വെറുതെ ഓർക്കും.
പിന്നെ എണ്ണമറ്റ കച്ചവടക്കാർ, വിലപേശി ജീവിതം മിച്ചം പിടിക്കുന്നവർ, സ്വപ്നങ്ങൾ തുന്നിച്ചേർക്കുന്ന തയ്യലുകാർ, പിന്നെ ബാധ്യതകളുടെ കുമിളകൾക്ക് മേലെ അധ്വാനം നീട്ടിയടിച്ച് ചിരിയും ചേർത്ത് ചായ വിളമ്പുന്നവർ, എന്നും കയറുന്നവർക്ക് വേണ്ടി ഒരു മിനിറ്റ് അധികം കാക്കാനും സ്റ്റോപ്പ് ഇല്ലാത്തിടത്ത് മെല്ലെയൊന്ന് ബ്രേക്കിടാനും മടിക്കാത്ത നാടൻ ലൈൻ ബസുകാർ, അങ്ങനെ അറ്റമില്ലാത്ത കൊറേ മനുഷ്യരെയും കൊണ്ട് കറങ്ങിയേടത്ത് തന്നെ ഒരു പരിചയവും കാണിക്കാതെ വീണ്ടും കറങ്ങുന്ന കാലവും.
പതിയെ നടന്നാൽ ഒന്നും നഷ്ടപ്പെടാൻ ഉണ്ടാവില്ല. കറുത്ത തൊപ്പി വെച്ച് പോകുന്ന മണ്ണാറമ്പ ബസിലെ കണ്ടക്ടർ നല്ലൊരു ചിരി തരുന്നത് വാങ്ങി വെക്കാം,
ചീറിപ്പായുന്ന ആംബുലൻസിലെ രോഗിക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കാം. നഗരത്തിൻ്റെ മുഖം മിനുക്കുന്ന മുൻസിപ്പാലിറ്റി ജോലിക്കാരുടെ അടുത്തുകൂടെ അല്പം ബഹുമാനത്തോടെ മെല്ലെ നടക്കാം. ഇന്നെല്ലാവർക്കും സന്തോഷമുണ്ടാവട്ടെ എന്നാഗ്രഹിക്കാം...
കുറച്ചൊക്കെ കുപ്പായം നനഞ്ഞാലും കുട നനയ്ക്കാതെ മെല്ലെ സ്ഥലത്തെത്താം. അല്ലെങ്കിലും പണ്ട് മോഹിച്ചതൊക്കെ ഇപ്പൊ ബാധ്യതയായി, പുതുമഴ നനയാൻ, സമയത്ത് ഉറങ്ങാൻ, സംസാരിച്ചിരിക്കാൻ ഒക്കെ...
എന്തോരം മനുഷ്യരാണ് ചുറ്റും... കരയുന്നവർ, ചിരിക്കുന്നവർ, ചിരിച്ചു കരയുന്നവർ, കരഞ്ഞു ചിരിക്കുന്നവർ...ഒരാവർത്തി കൂടി ആദ്യം മുതൽ ജീവിക്കാൻ പറ്റിയാൽ എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കുമോ? എന്നും ഉത്തരമില്ലാത്ത ഒരു ചോദ്യം റോഡ് ക്രോസ് ചെയ്ത് മനസ്സിൽ ഇടക്കിടെ കേറി വരും.
എന്തൊക്കെയോ എണ്ണിയും പെറുക്കിയും വഴിയെ വരുന്ന കണാടിയിലെല്ലാം മുഖം നോക്കിയും ബസിനരികിൽ എത്തുമ്പോൾ വീണ്ടും ജീവിതം ഒരു കിക്ക് സ്റ്റാർട്ട് എടുക്കും. പിന്നെ മെല്ലെ പതിവ് വഴികളിലേക്ക് വീണ്ടും...
എന്നും കാണുന്ന കാഴ്ചകൾ ഏകദേശം ഒന്ന് തന്നെയാണ്. പക്ഷേ, ഉള്ള് കൊണ്ട് എല്ലാം മാറുന്നുണ്ടാവും, ആഴവും പരപ്പും എല്ലാം. ഒന്നുമില്ലെങ്കിലും സുഭാഷ് ചന്ദ്രൻ എഴുതിയ പോലെ പൂർണ്ണ വളർച്ചയെത്തും മുമ്പ് മരിച്ചു പോവാൻ വേണ്ടിയെങ്കിലും മനുഷ്യന് വളർന്നല്ലേ പറ്റൂ...
"ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി"
കൂവുന്ന മനുഷ്യനും ഒരു മറുകൂവൽ കാത്ത് നിൽക്കുന്നുണ്ട്. തിരിച്ച് ഒന്നും കേൾക്കാത്തപ്പോൾ പ്രതിധ്വനി കേട്ട് അപ്പുറത്താരോ ഉണ്ടെന്ന് സ്വയം കബളിപ്പിച്ച് തിരിഞ്ഞു നടക്കുന്നവർ...
ഒന്നുറക്കെ കൂവിയാൽ തിരിച്ച് കൂവാൻ എല്ലാവർക്കും ആരെങ്കിലും ഉണ്ടാവട്ടെ...
ഈ വഴികളിൽ കാണുന്ന മനുഷ്യരെല്ലാം സന്തുഷ്ടരായിരിക്കട്ടെ...എന്നും എപ്പോഴും...
🥰👍🏻
ReplyDelete