ഇനി എത്ര ദൂരം

 ഞങ്ങൾ കൂട്ടുകുടുംബം ആയിട്ടാണ്

 ജീവിച്ചിരുന്നത്.

ഇടക്കെപ്പോഴോ ചിലർ ഇറങ്ങിപ്പോയിരുന്നു.

പോയവരാരും പിന്നീട് തിരിച്ചുവന്നില്ല.

എല്ലാവരുടെയും മുഖത്ത്

ഒരുപോലെ സന്തോഷവും സങ്കടവും കാണാമായിരുന്നു.

എല്ലാവരെയും കൂട്ടിക്കൊണ്ടുപോകാൻ

ആരൊക്കെയോ വരുമായിരുന്നു.


ഞാൻ കേട്ട മുത്തശ്ശിക്കഥകൾ

സത്യമായി പുലർന്നിരിക്കുന്നു.

ഒരിക്കൽ ഞാനും ഇറങ്ങേണ്ടി വരും എന്ന്

എന്നെ കൂട്ടാനും ആളു വരും എന്ന്.

കുറച്ചു നേരത്തേക്കെങ്കിലും

 എന്നെ പൊന്നുപോലെ നോക്കും എന്ന്.


എങ്കിലും എനിക്ക് ആശങ്കയില്ലാതില്ല !

പോയവർ ആരും ഇതുവരെ തിരിച്ചു വന്നില്ല.

പിന്നീട് ഉറക്കമില്ലാ രാത്രികൾ ആയി

 ഉറക്കത്തിൽ എങ്ങാനും പിടിച്ചു കൊണ്ടു പോയാലോ...


നിലാവുള്ള ഒരു രാത്രിയിൽ

ഒരു കാൽപെരുമാറ്റം

ആരൊക്കെയോ എന്നെ തിരയുന്നു.

തലമുതിർന്ന ആരോ ചൊല്ലി:

 "ഇന്ന് നിന്നെ കൂട്ടാൻ ആളു വരും ".


ഞാൻ ഇല്ലെന്ന് ഉറക്കെ നിലവിളി ചെങ്കിലും

ആരും ചെവിക്കൊണ്ടില്ല.


അവസാനം....

 സുഗന്ധപൂരിതമായ കൈകളിൽ

ഞാൻ എത്തപ്പെട്ടു.

അയാളുടെ തലോടൽ ഞാൻ അനുഭവിച്ചു.

പലതും ചോദിക്കാൻ ഉണ്ടായിരുന്നെങ്കിലും

 ഒന്നിനും സാധിച്ചില്ല.

എങ്കിലും കൂടെ പോയി.

കാലം കടന്നു പോയി അയാൾ ഉറക്കത്തിലേക്ക് വീണു.


എന്നെപ്പോലെ വീടുവിട്ടിറങ്ങിയവർ

അവിടം ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

അവരോടും ഒന്നും തിരക്കാൻ സാധിച്ചില്ല.


ഉറക്കം വിട്ടുണർന്ന അയാൾ

 പലതും പുലമ്പുന്നു ഉണ്ടായിരുന്നു.

അയാളുടെ കൈകൾക്ക് മൃദുത്വം നഷ്ടപ്പെട്ടു.

അയാൾ എന്നെ ഞെരുക്കാൻ തുടങ്ങി.

കൂടെയുള്ളവരുടെ നിലവിളികൾ എന്നിൽ തുളച്ചുകയറി.

ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു

എന്തിനാണ് എന്നെ ഉപദ്രവിക്കുന്നതെന്ന്...?.

ഞാൻ എന്താണ് ചെയ്തതെന്ന്...!

മുത്തശ്ശി കഥകളിലെ

 കേൾക്കാൻ ബാക്കി വെച്ചതാണോ എന്ന് എനിക്ക് നിശ്ചയമില്ല.


ഇനിയും..എത്ര ദൂരം... എന്ന് ഉറപ്പില്ല.

Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...