എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്

 ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ കുട്ടിയെ കാണാനില്ല. വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ടുവെങ്കിലും അവിടെ എത്തിയിട്ടില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി അന്ന് ഞങ്ങളെല്ലാരും.. എന്തൊരു ഭീകരതയാണ് അത്തരം നിമിഷങ്ങൾക്ക്.. അനുഭവിച്ചിട്ടുള്ളവർക്ക് ശരിക്കും മനസ്സിലാകും. അവന്റെ ക്ലാസിൽ തന്നെയുള്ള അവന്റെ ഉപ്പാന്റെ പെങ്ങളുടെ കുട്ടിയാണ്  അവൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് അവളോടൊപ്പം വന്നിട്ടുണ്ട് എന്നും ഇപ്പൊ കാണുന്നില്ല എന്നും അധ്യാപകരോട് പറഞ്ഞത്.റാക്കറ്റുകളുടെ കൂടി കാലമാണ്. അധ്യാപകരും, വീട്ടുകാരും  ഞങ്ങൾ അയൽവാസികളും  എല്ലാവരും മുൾമുനയിലായിരുന്നു.. അടുത്തുള്ള കിണറുകൾ ഒക്കെ നോക്കുന്നു. സ്കൂളിന് അടുത്തുള്ള കടകളിലും, ഓട്ടോക്കാരോടും ഒക്കെ അന്വേഷിക്കുന്നു.. ആകെ ബഹളവും, ടെൻഷനും..

എന്തായാലും ഒരു ഉച്ചസമയം ആയപ്പോഴേക്കും അവനെ കണ്ടെത്തി .. അത്രയും സമയം അവൻ ഒരിടത്ത് ഒളിച്ചിരുന്നതാണ്. ആരും അവന്റെ മുമ്പിൽ യാതൊരു സീനും ഉണ്ടാക്കിയില്ല. അധ്യാപകരും ഉണ്ടാക്കിയില്ല. അക്കാര്യത്തിൽ അധ്യാപകർക്ക് നല്ല ധാരണ ഉണ്ടായിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. നീ ഇനി ഇന്ന് സ്കൂളിൽ വരുന്നോ.. അല്ലെങ്കിൽ ഇനി നാളെ വന്നാൽ മതി എന്നൊക്കെ അവനെ തലോടി പറഞ്ഞിട്ടാണ് അവർ പോയത്.. 

രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് അവനോട് പലപ്പോഴായി ചോദിച്ചറിഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കിയെടുത്തു. അവനെ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ അവന് പേടിയാണ്. അതിന്റെ പേരിൽ ഒളിച്ചിരുന്നതാണ്. ആരാണ് ആ അധ്യാപകൻ എന്ന് അന്വേഷിച്ചപ്പൊ ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ പേര് പറഞ്ഞു..ആ സ്കൂളിലെ ഏറ്റവും മികച്ച അധ്യാപകരിലൊരാളാണ്. കൂടാതെ  ഏറ്റവും ജനപ്രിയനായ ഒരാൾ . കുട്ടികൾക്കൊക്കെ ഇഷ്ടമുള്ള ഒരധ്യാപകൻ കൂടിയാണ് അദ്ദേഹം. ആ വിഷയം അങ്ങനെ അവന്റെ ഉപ്പ തന്നെ ഏറ്റെടുത്തു,മറ്റാരുമിടപെടണ്ട എന്നു പറഞ്ഞു. ശേഷം അധ്യാപകനെ പോയി കണ്ട് കാര്യം പറഞ്ഞു.. തീർത്തും വ്യക്തിപരമായി സംസാരിച്ചു.. ആ സംസാരത്തിൽ ആദ്യാവസാനം വരെ അദ്ദേഹം പൂർണ്ണമായും ശ്രദ്ധിച്ചത്, ആ അധ്യാപകൻ്റെ ആത്മാഭിമാനത്തെ പോറലേൽപ്പിക്കാതെ എങ്ങനെ ഈ വിഷയം അവതരിപ്പിക്കാം എന്നതായിരുന്നു എന്ന് പിന്നീട് അദ്ദേഹം ( കുട്ടിയുടെ ഉപ്പ )  പറഞ്ഞിരുന്നു.. . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടിയോട്‌ വെറുതെ ഒന്ന് സ്കൂളിലെ കാര്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ,ആ സാറിന് എന്തോ സംഭവിച്ചിട്ടുണ്ട് , ഒടുക്കത്തെ സ്നേഹം, പഴയ പോലെ ഒന്നുമല്ല എന്നാണ്..എന്തായാലും പിന്നീടവൻ സ്കൂളിൽ പോകാൻ മടി കാണിച്ചെന്ന് പറയുന്നത് കേട്ടിട്ടില്ല.

പറഞ്ഞു വന്നത് ഇതാണ്, മനുഷ്യരുടെ കൊണ്ടു കൊടുക്കലുകൾക്കിടയിൽ ധാരാളം പൊരുത്തക്കേടുകൾ കാണും. മറ്റു കുട്ടികൾക്ക് ചിലപ്പോൾ ആ അധ്യാപകൻ പെർഫക്റ്റ് ആയിരിക്കാം. ഈ കുട്ടിക്ക് മാത്രമായിരിക്കാം അദ്ദേഹം അൺഫിറ്റ് ആകുന്നത്. ചിലപ്പോൾ ഇവനുമായുള്ള മിസ്‌മാച്ച് ആവാം കാരണം. രണ്ടു ഭാഗവും കൂടി നമ്മുടെ പരിഗണയിൽ വെച്ച് ഇടപെടുന്നതാണല്ലോ നല്ലത്. കാരണം  കുട്ടികൾ കൂടുതൽ സമയവും വർഷങ്ങളും ചിലവിടുന്നത് അധ്യാപകരോടൊപ്പമാണ്. 

ആ സംഭവത്തിന്‌ ശേഷം ഒരു രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞു എന്റെ മോൻ എൽ പി ക്ലാസ്സിൽ ആയിരുന്നപ്പോൾ എനിക്കും ഇതേ പോലെ ഒരനുഭവം ഉണ്ടായി.. ഒന്ന് രണ്ട് ദിവസം ആയി സ്കൂളിൽ പോകാൻ ആയാൽ അവന്റെ മുഖം വാടും..  നേരത്തെ എണീക്കാനും കുളിക്കാനും, ഡ്രസ്സ്‌ ചെയ്യാനും ഒന്നും പ്രശ്നമില്ല.. ഫുഡ് കഴിക്കാൻ ആകുമ്പോഴേക്കും കുട്ടി തല താഴ്ത്തി ഫുഡ് ഒന്നും കഴിക്കാതെ കണ്ണിൽ വെള്ളം നിറച്ചു ഇരിക്കും. രാവിലത്തെ തിരക്കിന്റെ ഇടയിൽ കഴിക്കാതെ ഇരിക്കുന്നത് കാണുമ്പോ ആദ്യം വഴക്ക് പറയാണ് ചെയ്യ..സ്കൂൾ ബസ് വരാൻ ആയിട്ടുണ്ടാവും..പക്ഷേ,കുട്ടി ഒന്നും നേരെ കഴിക്കാതെ വണ്ടിയിൽ കയറി പോകും.. വന്നാൽ എഴുതാനും വായിക്കാനും ഉഷാറില്ലാതെ തൂങ്ങിപിടിച്ച് ഇരിക്കും..കളിക്കാനും പോകില്ല..എന്താന്ന് ചോദിക്കുമ്പോ ഒന്നേ പറയൂ..ഞാൻ നാളെ ലീവാക്കിക്കോട്ടേ എന്ന്..വേറെ ഒന്നും പറയില്ല.. രണ്ട് ദിവസം ഇങ്ങനെ ആയപ്പോ അവനോട് , കുട്ടികൾ ആരെങ്കിലും വികൃതി കാട്ടിയോ, ടീച്ചർ എന്തെങ്കിലും പറഞ്ഞോ എന്നൊക്കെ ചോദിച്ച് ഞാനും സ്കൂളിൽ വരാം എന്നൊക്കെ പറഞ്ഞു.. ഉമ്മ വരണ്ടാ എന്ന് പറഞ്ഞു മോൻ ഉറക്കെ കരഞ്ഞു.. ചേർത്ത് പിടിച്ചു ചോദിച്ചപ്പോഴാണ് അവൻ പറയുന്നത്.. അവന്റെ യൂണിഫോം ഷർട്ട് ന്റെ പോക്കറ്റ് സ്റ്റിച് ചെറുതായി പോന്നിരുന്നു.. അത് രാവിലെ തുന്നാൻ സമയമില്ലാത്തത് കൊണ്ട് ഞാൻ സേഫ്റ്റി പിൻ കൊണ്ട് കാണാത്ത രീതിയിൽ പിൻ ചെയ്ത് കൊടുത്തു കൊണ്ടാണ് ഒരു ദിവസം സ്കൂളിൽ വിട്ടത്.. അന്ന് അവന്റെ ക്ലാസ്സ്‌ ടീച്ചർ അത് കാണുകയും മോനെ ക്ലാസ്സിൽ വെച്ച് കളിയാക്കുകയും ചെയ്തു എന്ന് മാത്രമല്ല ആ ദിവസം മുഴുവൻ ആ സ്ത്രീ മോനെയും കൊണ്ട് അവർ പോകുന്ന എല്ലാ ക്ലാസ്സിലും പോകുകയും ‘ഇവന് ഒരു ഷർട്ട് വാങ്ങാൻ പോലും കാശില്ല അതുകൊണ്ട് പിന്ന് കുത്തി വന്നിരിക്കുന്നു, അപ്പോൾ നിങ്ങൾ നാളെ വരുമ്പോൾ കാശ് കൊണ്ട് വരണം ഇവനൊരു ഷർട്ട് എല്ലാർക്കും കൂടി വാങ്ങി കൊടുക്കാം എന്നും പറയുകയും ചെയ്തുവത്രേ..’’

അവനേം കെട്ടിപിടിച്ച് ഞാനും കരഞ്ഞുപോയി..

അന്ന് തന്നെ സ്കൂളിൽ അവനോടൊപ്പം പോയി പ്രിൻസിപ്പൽനോട്‌ കാര്യം പറഞ്ഞു.. അദ്ദേഹം ആ സ്ത്രീയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞു എന്നെ പറഞ്ഞു വിട്ടു.. അവനെ ആശ്വസിപ്പിച്ചു ക്ലാസ്സിൽ അയക്കുകയും ചെയ്തു. പക്ഷേ അത് അവന്റെ ഉള്ളിൽ ഉണ്ടാക്കിയ അപമാനവും മുറിവും എത്രയുണ്ടെന്ന് ആ പ്രിൻസിപ്പൽനോ അധ്യാപിക എന്ന് പറയുന്ന ആ സ്ത്രീക്കൊ മനസ്സിലായിട്ടില്ല.. കാരണം, അതിന് ശേഷം അവർ വീണ്ടും മോനെ കളിയാക്കുമായിരുന്നത്രെ.. ‘ഉമ്മാനെ കൂട്ടി വന്നാൽ ഞാൻ പേടിക്കും എന്നാ ചിലരുടെ ഒക്കെ വിചാരം.. ..നിങ്ങളൊക്കെ ഉമ്മനെയാണോ ഉപ്പാനെയാണോ കൊണ്ട്വരുന്നത്.. എന്നാ നിങ്ങളുടെ ഉമ്മ വരുന്നത് എന്നൊക്കെ പറഞ്ഞ്..’

വീണ്ടും അവൻ സ്കൂളിൽ പോകാൻ മടി കാണിച്ചപ്പോൾ ചോദിച്ചപ്പോൾ അവൻ കരഞ്ഞു കൊണ്ട് പറഞ്ഞതാണ്..അതോടെ അവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി ഞാൻ മോനെ വേറെ സ്കൂളിൽ ചേർത്തു.. എന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു..

 ഇതൊക്കെ ഓർക്കാനും എഴുതാനും കാരണം മറ്റൊന്നുമല്ല.. തൃത്താലയിൽ അദ്ധ്യാപകനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആ വാർത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്നും, ക്രിമിനൽ ആണെന്നും, ഡ്രഗ് അടിക്ട് ആണെന്നും തുടങ്ങി നിരവധി കമന്റുകൾ കണ്ടു..കൊന്നു കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു..അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് ആ പോസ്റ്റിന് താഴെ എന്ന് ഞാൻ അത്ഭുതപ്പെട്ടു.. ഒരാൾ പോലും എന്താവും ആ കുട്ടി അങ്ങനെ പെരുമാറിയിട്ടുണ്ടാവുക എന്ന് ചിന്തിച്ചതേ ഇല്ല..ഈ പയ്യൻ ചെയ്‌തത് തെറ്റ് തന്നെയാണ്..എന്നാൽ അത് വീഡിയോ ആക്കി പുറത്ത് വിട്ട അധ്യാപകരോ അവർ ചെയ്‌തത് അതിലും വലിയ തെറ്റല്ലേ,.വിദ്യാർത്ഥികൾക്ക് തെറ്റ് പറഞ്ഞുകൊടുത്തു നന്നാക്കേണ്ടവരല്ലേ അധ്യാപകർ..അവൻ അവന്റെ തെറ്റ് തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ടാലും അവൻ്റെ മനസ്സിൽ ആ അധ്യാപകരോട് വെറുപ്പ് തന്നെയായിരിക്കും ..തെറ്റ് ചെയ്തവൻ കാലകാലം തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുമോ..

ഗുരു -ശിഷ്യ / സർ - വിദ്യാർത്ഥി ബന്ധത്തെക്കുറിച്ച് തിരിച്ചറിവ് വരേണ്ടിയിരിക്കുന്നു.പേര് ഗുരു എന്നായാലും സർ എന്നായാലും വിദ്യാർഥികളോട് ഉണ്ടാകേണ്ടത് സ്നേഹവും കരുതലും ജനാധിപത്യബോധവുമാണ്.ഇപ്പൊഴുള്ള പ്രശ്നത്തിൽ വിദ്യാർത്ഥിയെ ന്യായീകരിക്കുകയല്ല.. വിദ്യാർഥിയിൽ നിന്ന് തെറ്റായ പ്രവണതകൾ വരുമ്പോ ആ തെറ്റിന്റെ പാതി ഉത്തരവാദിത്തം അധ്യാപകനാണ് എന്ന ബോധം ഉണ്ടാവണം. അല്ലാതെ ദാ കാണു കാണു എന്ന് പറഞ്ഞു വിഡിയോ ഇട്ട് ഗുരുവിന്റെ പീപ്പിംഗ് പ്ലഷർ അനുഭവിക്കൽ അല്ല അധ്യാപനം.

 എല്ലാ ക്ലാസ്സിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് എന്റെ ഓർമ്മയിൽ. പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലും ആണോ അവരെ പ്രശ്നക്കാരാക്കിയത് എന്നറിയാൻ ശ്രമിച്ച അദ്ധ്യാപകരൊക്കെ വളരെ ചുരുക്കമാണ്. കാരണം ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി.അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവിതം എത്രയോ മാറിയേനെ എന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്..

Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം