പരിധിജയിച്ചവൾ


കോളേജിലെത്തുന്നതിന് മുൻപേ ഹോസ്റ്റൽ ഗ്രൂപ്പുകളിലൂടെയാണ് ഞാൻ അവളെ ആദ്യമായി പരിചയപ്പെടുന്നത്; മുറികളെയും ഭക്ഷണത്തെയും കുറിച്ചുള്ള സാധാരണ സംസാരങ്ങൾക്കിടയിലാണ് അവൾ ഹാൻഡിക്ക്യാപ്ഡ് ആണെന്നൊരു സൂചന എനിക്ക് കിട്ടിയത്, അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന ആദ്യ ചിന്ത ഇതായിരുന്നു — അവൾക്ക് കോളേജ് വരാൻ ഭയമുണ്ടാകുമോ, ഒറ്റപ്പെടുമോ എന്നുള്ള ആ പേടി; കാരണം അവളുടെ അവസ്ഥ സാധാരണമല്ലായിരുന്നു, ഡോക്ടർമാർ പോലും പ്രതീക്ഷ കൈവിട്ട സമയത്ത് റബ്ബിന്റെ കാവലിൽ ജീവൻ തിരികെ പിടിച്ച അവൾ രണ്ട് വർഷം നീണ്ട കഠിന ചികിത്സകളും സർജറികളും വിവിധ തെറാപ്പികളും മരുന്നുകളും സഹിച്ചാണ് ഇന്ന് ഒരാളുടെ സഹായത്തോടെയെങ്കിലും നടക്കാൻ കഴിയുന്ന നിലയിലെത്തിയത് — അതാണ് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം; നിൽക്കാൻ അവൾക്ക് പറ്റില്ല, നടന്നുകൊണ്ടേയിരിക്കണം — അത് ശീലമല്ല, ജീവിതത്തിന്റെ നിർബന്ധം, അമ്മ ഗർഭിണിയായിരുന്ന സമയത്ത് എടുത്ത ഒരു മരുന്നാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അവൾ പറഞ്ഞപ്പോൾ അവളുടെ ജീവിതം എങ്ങനെ മാറിപ്പോയെന്ന് ഞാൻ തിരിച്ചറിഞ്ഞു; അവളെ ആദ്യമായി നേരിൽ കണ്ട ദിവസം ഇന്നും എന്റെ മനസ്സിൽ തളിർന്നു നിൽക്കുന്നു — വീണുപോവുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നെങ്കിലും അവൾ അതിനപ്പുറം ധൈര്യമായിരുന്നു, ശരീരത്തേക്കാൾ വലിയ വേദന അവളുടെ മനസ്സിലായിരുന്നു; ഹോസ്റ്റലിൽ വന്ന ആദ്യദിനം തന്നെ റൂംമേറ്റുകൾ കൂടെ നിൽക്കില്ലെന്ന് പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ കത്തിയ ആ നിശ്ശബ്ദ വേദന, ഭക്ഷണം എടുത്ത് സ്വന്തം മുന്നിൽ വെക്കാൻ പോലും പറ്റാത്ത അവസ്ഥ, പ്ലേറ്റ് മറ്റിടത്തേക്ക് മാറ്റാൻ കഴിയാത്ത അവൾക്കായി നമ്മൾ സാധാരണമെന്ന് കരുതുന്ന കാര്യങ്ങൾ പോലും വലിയ പോരാട്ടമായിരുന്ന ദിവസങ്ങൾ, വീക്കെൻഡിൽ ഞങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ ഹോസ്റ്റലിൽ ഒറ്റയ്ക്ക് നിന്ന അവളുടെ മുഖം ഞാൻ ഒരിക്കലും മറക്കില്ല — തനിച്ച് പോകാനും പറ്റില്ല, ഉപ്പയോട് വന്ന് കൊണ്ടുപോകാൻ പറയാനും മടി, അതുകൊണ്ടുതന്നെ അവൾ ജീവിതം മുഴുവൻ ‘സർവൈവൽ മോഡിൽ’ ആയിരുന്നു; റബ്ബ് നമുക്ക് നൽകിയ അനുഗ്രഹങ്ങൾ എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവളോടൊപ്പം ജീവിച്ച രണ്ട് വർഷക്കാലത്താണ്, ആ ദിവസങ്ങളിൽ അവൾ എനിക്ക് ഒരു ഫ്രണ്ട് മാത്രമായിരുന്നില്ല — ഞങ്ങൾ ഒരുമയുടെ രണ്ട് മക്കളെപ്പോലെയായിരുന്നു, ഇന്നും എനിക്ക് ലഭിക്കുന്ന ഏത് നേട്ടത്തിനും പിന്നിൽ അവളുടെ പ്രാർത്ഥനയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു; "  അവളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയാമോ — നേരെ നിൽക്കണം, നമ്മൾ എളുപ്പത്തിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ അത് എത്ര വലിയ അനുഗ്രഹമാണെന്ന് എനിക്ക് മനസ്സിലായത് അവളോടൊപ്പം ജീവിച്ചപ്പോഴാണ്; അവൾ എനിക്ക് പഠിപ്പിച്ച വലിയ പാഠം ഇതാണ് — എല്ലാവർക്കും കാണാനാവാത്ത യുദ്ധങ്ങളുണ്ട്, നമ്മൾ ‘സാധാരണം’ എന്ന് വിളിക്കുന്ന ജീവിതം ചിലർക്കൊരു സ്വപ്നം മാത്രമാണ്, ഇന്ന് അവളെ ഓർക്കുമ്പോൾ ഞാൻ മനസ്സിൽ പറയാറുണ്ട്: നടന്നുകൊണ്ടേയിരിക്കേണ്ടി വന്നവളേ, നേരെ നിൽക്കാൻ കൊതിച്ചവളേ, നിന്റെ ജീവിതം തന്നെ ഒരു പ്രചോദനമാണ് — നിശബ്ദമായ പോരാട്ടങ്ങൾക്കും വലിയ മൂല്യമുണ്ടെന്ന് നീ ഞങ്ങളെ പഠിപ്പിച്ചു.



Shamna. K.

Assistant Professor of Commerce, 

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്