എന്താണ് ബ്ലോഗ്
ബ്ലോഗ് എന്നാൽ,കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിപരമായ വെബ്‌പേജുകളാണ്.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവനവന്റെ കാഴ്ചപ്പാടുകൾ , അതേപോലെ വാർത്തകൾ അപഗ്രഥനങ്ങൾ വ്യക്തിഗതമായ നിരീക്ഷണങ്ങൾ തുടങ്ങിയവയൊക്കെയാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി രാഷ്ട്രീയം, സാഹിത്യം , സാംസ്‌കാരികം, തുടങ്ങി എല്ലാ മേഖലകളെക്കുറിച്ചും വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്ന് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ട്.
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്.ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നിങ്ങനെയും പറയാറുണ്ട്.
വ്യക്തികൾ തങ്ങളുടെ സ്വകാര്യജീവിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 1994ൽ സ്വാത്ത്മോർ കോളെജിൽ (Swarthmore College )വിദ്യാർത്ഥിയായിരിക്കേ പതിനൊന്നുവർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ (Justin Hall)ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
2001 ആയപ്പോഴേയ്ക്കും ബ്ലോഗിങ്ങ് ഒരു വലിയ പ്രതിഭാസമായി വളർന്നിരുന്നു. എങ്ങനെ ബ്ലോഗ് ചെയ്യാം എന്നു പഠിപ്പിയ്ക്കുന്ന ലേഖനങ്ങൾ വരെ വന്നു തുടങ്ങി. ബ്ലോഗിങ്ങ് സമൂഹത്തിന്റെ പ്രാധാന്യവും അതിന് മുഖ്യധാരാസമൂഹത്തിലുള്ള ഇടപെടലുകളും കൂടി വന്നു. പത്രപ്രവർത്തന രംഗത്തെ പല പ്രമുഖ സ്ഥാപനങ്ങളും ബ്ലോഗിങ്ങിനെ താൽപ്പര്യത്തോടെ വീക്ഷിയ്ക്കാനും ബ്ലോഗിങ്ങും പത്രപ്രവർത്തനവും തമ്മിലുള്ള വ്യത്യാസങ്ങൾ വിലയിരുത്താനും തുടങ്ങി.
2002 മുതൽ വാർത്തകൾ വെളിച്ചത്തു കൊണ്ടുവരാനും, രൂപപ്പെടുത്താനും, തിരിച്ചുമറിയ്ക്കാനും ഒക്കെ ബ്ലോഗുകൾക്കുള്ള കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാക്ക് യുദ്ധസമയത്ത് പല ബ്ലോഗെഴുത്തുകാരും വളരെ കൃത്യമായതും വികാരപരമായതുമായ വീക്ഷണ കോണുകൾ പങ്കുവെച്ചിരുന്നു.
രണ്ടാമത്തെ ഇറാഖ് യുദ്ധം ഒരർത്ഥത്തിൽ ഒരു ബ്ലോഗ് യുദ്ധത്തിനു വഴിവെച്ചു. ഇറാഖിൽ നിന്നുള്ള പല ബ്ലോഗെഴുത്തുകാരും പ്രശസ്തരായി. സലാം പാക്സ് എന്നയാൾ തന്റെ ബ്ലോഗ് ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകവരെ ചെയ്തു. യുദ്ധം ചെയ്തുകൊണ്ടിരുന്ന പല സൈനികരും ബ്ലൊഗുകൾ ഉണ്ടാക്കി. ഇത്തരം യുദ്ധബ്ലോഗൂകൾ യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങളെപ്പറ്റി വായനക്കാർക്ക് പല പുതിയ അറിവുകളും പകർന്നു കൊടുത്തു. ഔദ്യോഗിക വാർത്താമാധ്യമങ്ങളുടെതിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകളാണ് പല ബ്ലോഗുകളും വായനക്കാർക്ക് നൽകിയത്.
സാധാരണ കാണുന്ന ഇടത്-വലത് രാഷ്ട്രീയ ചർച്ചകൾക്കുപരിയായ പല വീക്ഷണങ്ങളും,
പല രാഷ്ട്രീയക്കാരും സ്ഥാനാർത്ഥികളും അവരുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കാനും ബ്ലോഗുകൾ ഉപയോഗിച്ചതും ബ്ലോഗുകളുടെ പ്രചാരം വർദ്ധിപ്പിച്ചു.
രാഷ്ട്രീയ ഉപദേശകർ, മാധ്യമങ്ങൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർ ജനങ്ങളിലേയ്ക്ക് എത്താനും അഭിപ്രായരൂപവൽക്കരണത്തിനുമായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ ബ്ലോഗുകൾ കൂടുതൽ പൊതുധാരയിലേയ്ക്കു കടന്നുവന്നു തുടങ്ങി.
പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകൾ(Link ) നിറഞ്ഞ ബ്ലോഗുകളെ ലിങ്ക്‌ലോഗ് എന്നും ചിത്രങ്ങൾ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ് എന്നും വിളിക്കുന്നു.ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈൽ ഫോൺ അല്ലെങ്കിൽ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു.
ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകൾ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.
പകർപ്പവകാശ നിയമങ്ങൾ അനുസരിച്ച്
അധികവും ബ്ലോഗുകൾ സ്വകാര്യംബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോൾ വാണിജ്യപരമായ ഉപയോഗങ്ങൾക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴിൽസംഘത്തിന്റെ അകത്ത് വാർത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന്ന ബ്ലോഗുകളാണ് കോർപ്പറേറ്റ് ബ്ലോഗുകൾ.
ബ്ലോഗ് സെർച്ച് എഞ്ചിനുകൾ (ബ്ലോഗോസ്ഫിയർ) അനുസരിച്ച്
ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെർച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗർ, ഫീഡ്‌സ്റ്റർ, ടെക്നൊറാറ്റി). ടെക്നൊറാറ്റി കൂടുതൽ ആളുകൾ തിരയുന്നതെന്തെന്നും ബ്ലോഗുകൾ തരം തിരിക്കാൻ ഉപയോഗിക്കുന്ന ടാഗുകൾ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.
ബ്ലോഗുകൾ മലയാളത്തിൽ
യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണ് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായത്. അതിനു മുമ്പ് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ട് ആവശ്യമായിരുന്നു. ഇത് ബ്ലോഗിംഗിന്റെ പ്രചാരത്തിനു തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ട് ഉപയോഗിച്ച് 2002 ഡിസംബറിൽ എം.കെ.പോൾ ആരംഭിച്ച ജാലകം ആണ് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്.
ഫ്രീനോഡ് എന്ന സെർവ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചത്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗർ സേവനം ആരംഭിച്ചപ്പോൾ അതിലേക്കും ചിന്ത ഡോട്ട് കോം ആരംഭിച്ചപ്പോൾ അതിലേക്കും ജാലകം മാറി. മലയാളം ബ്ലോഗിംഗ് പ്രചാരത്തിലായതോടെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയും ഇന്നു ബ്ലോഗുകൾ ഉപയോഗിക്കുന്നു.
2006 ഒക്ടോബറിലെ കണക്കു വെച്ച് ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തിൽ ബ്ലോഗുകൾ ഉപേക്ഷിക്കപ്പെടുന്നതാണത്. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ് ഇന്റർനെറ്റിൽ അതിവേഗം വളരുകയാണ്. ഇപ്പോൾ അവിടെ 20 കോടി ബ്ലോഗുകൾ സംസ്‌കാരം കാത്തുകിടക്കുന്നു!
ബ്ലോഗുകളെക്കുറിച്ച് സമീപവർഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരത്തിൽ അകലാചരമമടഞ്ഞ ബ്ലോഗുകൾ നെറ്റിൽ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന് വിദഗ്‌ധർ പറയുന്നു. കാരണം, സെർച്ച്‌എഞ്ചിനുകളിൽ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികൾ'(links) അവശേഷിക്കും. ബ്ലോഗർ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെർച്ച്‌എഞ്ചിനുകൾ അറിയണമെന്നില്ല. നെറ്റിൽ തിരച്ചിൽ നടത്തുന്നവർക്ക്, പ്രത്യേകിച്ച് ബ്ലോഗ് സെർച്ച്‌എഞ്ചിനുകളിൽ തിരയുന്നവർക്ക്, ഈ കണ്ണികളും സെർച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകൾ' (ghost blogs) എന്നാണ് ചില വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്.
സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയിൽ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക് മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ൽ എന്തുകൊണ്ട് ഇത്രയേറെ ബ്ലോഗുകൾ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.
Ms. Febina
Asst. Prof. of Malayalam
Al Shifa College of Arts and Science, Kizhattoor, Perinthalmanna
Nice, very informative..
ReplyDelete👍🏻
Delete