ഒരു ഓർമ്മ കുറിപ്പ്...

Temporary people gives permanent memories

ഒരുപാട് നാളുകൾക്ക് ശേഷം അന്ന് ഒരു ദിവസം ഞങ്ങളെല്ലാവരും ഒന്നുകൂടി ഒത്തുകൂടി..... പഴയ ഓർമ്മകളൊക്ക പുതുക്കിയുള്ള സംസാരത്തിനിടക്കേപ്പഴോ ആ ചെക്കന്റെ കാര്യവും കേറി വന്നു... 😊

ഡിഗ്രി ഒന്നാം വർഷം തുടങ്ങിയിട്ട് മൂന്നോ നാലോ മാസങ്ങളായിട്ടുണ്ടെന്നു തോന്നുന്നു.... അഡ്മിഷൻ അപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സമയം....ക്ലാസ്സ്‌ തുടങ്ങി എല്ലാവരും പതിയെ കൂട്ടായി കഴിഞ്ഞു... അങ്ങനെയിരിക്കെ കുറച്ചു ദിവസത്തിന് ശേഷം പുതിയൊരു അഡ്മിഷനും വന്നു..... അവന്റെ പേര് ശരത്... ചെറുപ്പുളശേരികാരനാണ്.... അവൻ ക്ലാസ്സിൽ ജോയിൻ ചെയ്ത അന്ന് ക്ലാസ്സ്‌ ട്യൂട്ടർ അവനോട് self introduction നടത്താൻ പറഞ്ഞു... അതെന്തോ പതിവില്ലാത്ത പരിപാടിയായിരുന്നു.... കുറച്ച് നാളുകൾക്കു ശേഷം അഡ്മിഷനെടുത്ത പുതുമുഖമെന്ന നിലക്കാവാം അവന് മാത്രമായൊരു self introduction ആചാരം.... ഇത് കേട്ടതും ചെക്കന് ആകെ വെപ്രാളമായി..... മുഖത്ത് ഒരു ചിരിയുണ്ടെങ്കിലും അവന്റെ നെഞ്ച് പെരുമ്പറ കൊട്ടുന്നത് ശെരിക്ക് കേൾക്കാം....

"പേരും സ്ഥലോം അങ്ങനെ എന്തങ്കിലൊക്കെ പറഞ്ഞ് ഇങ്ങോട്ട് പോന്ന പോരെ അതിന് ഇങ്ങനെ കണ്ണ് തുറുപ്പിക്കണോ......" 

എന്നൊക്കെ ഞാൻ ചുമരിനോട് ചേർത്തിട്ട ബാക്ക് ബെഞ്ചിലിരുന്നു മനസിൽ പിറുപിറുത്തിരുന്നു.... 

മുറിയൻ ഇംഗ്ലീഷ് വെച്ച് അവനെന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു പകുതിയും പുറകിലിരിക്കുന്ന ഞങ്ങളാരും കേട്ടതുപോലുമില്ല ..... തിരികെ വന്നിരിക്കാൻ നിന്ന അവനെ പിടിച് നിർത്തി സാറ് പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ടിരിന്നു.... എല്ലാവരുടെയും മുൻപിൽ ഒന്ന് നിവർന്നു നിൽക്കാൻ പോലും ആത്മവിശ്വാസമില്ലെന്നു അവനെ കണ്ടാലേ അറിയാം..... കൂടുതൽ ചോദ്യങ്ങളെ അവൻ ഭയക്കുന്നുണ്ട്.......ക്ലാസ്സ്‌ എടുക്കാനുള്ള കുറച്ച് നേരമെങ്കിലും ഇങ്ങനെ തീരട്ടെ എന്ന വിചാരത്തിലിരിക്കുന്ന ഞങ്ങളെല്ലാവരും ഇതൊക്കെ കാര്യമായി ആസ്വദിച്ചുള്ള ഇരിപ്പിലാണ്..... 

" കൊറച്ചൊക്കെ ബോൾഡ് ആവണം കേട്ടോ ശരതെ... "

അങ്ങനെ ഒരു ഉപദേശവും കൊടുത്ത് സാർ അവനെ പറഞ്ഞയച്ചു.... അവന്റെ അന്നേരത്തെ നിൽപ്പും പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ എനിക്കും എന്തോ അങ്ങനെ തന്നെ തോന്നി ..... ആദ്യ ദിവസം കോളേജിൽ ജോയിൻ ചെയ്യാനെത്തുന്ന മിക്ക കുട്ടികൾക്കും പലവിധ ആശങ്കകളും സ്വാഭാവികമാണ് എന്നിരുന്നാലും ശരത് ഒരൽപ്പം കൂടുതൽ പേടി കാണിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അന്ന് തന്നെ തോന്നി.... ആ ഹവർ ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലാവരും അവനെയൊന്ന് ഉഷാറാക്കാൻ നോക്കി.... 

" കൂൾ ആവട.... ഇത്ര പേടിക്കണ്ട കാര്യൊന്നുല്ല..... നാളെ തൊട്ട് ശരിയാവും... "

എന്നൊക്കെ പറഞ്ഞ് ചെക്കനെ ഒരുവിധം ആശ്വസിപ്പിച്ചു... കൂടുതൽ പറഞ്ഞ് കുളമാക്കണ്ടല്ലോ എന്ന് കരുതി ഞാൻ പ്രത്യേകിച്ചൊന്നും പറയാൻ പോയില്ല.....അടുത്ത ഹവർ തൊടങ്ങുമ്പഴും self introduction പരിപാടി ഉണ്ടാവുമോ എന്നായി അടുത്ത പേടി......അതെന്തായാലും ഉണ്ടായില്ല.........

പിന്നീടുള്ള പല ദിവസങ്ങളിലും ശരത് സ്ഥിരമായൊന്നും ക്ലാസ്സിൽ വരാറില്ലായിരുന്നു.....ചില ദിവസങ്ങളിലൊക്കെ ആരോടും പറയാതെ ഉച്ചക്ക് ഒരു മുങ്ങലായിരിക്കും... വരുന്ന ദിവസം തന്നെ ക്ലാസ്സ്‌ തുടങ്ങി പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് ഓടി കിതച്ചോരു വരവാണ്.... ആകെ വിയർത്തു കുളിച് കിതപ്പ് മാറാതെ വാതിൽക്കൽ നിന്ന് "സാർ "എന്ന് പതിയെ വിളിക്കും.... ആ സമയം ഗസ്റ്റ് ലെക്ചെർസ് ആണ് ക്ലാസ്സ്‌ എടുക്കുന്നത് എങ്കിൽ പൊതുവെ വഴക്കൊന്നും പറയാറില്ല എന്നാലും അറ്റൻഡൻസ് ഒന്നും തരാറില്ല...... വല്ലപ്പോഴുമൊക്കെ ക്ലാസ്സിൽ വരുന്ന ആളായതുകൊണ്ട് ഞങ്ങളാരായിട്ടും വലിയ അടുപ്പമൊന്നും അവനില്ലായിരുന്നു..... 

അങ്ങനെയിരിക്കെ ഓണം വെക്കേഷൻ ഒക്കെ കഴിഞ്ഞ് ക്ലാസ്സ്‌ റീഓപ്പൺ ചെയ്തൊരു സമയമായിരുന്നു.... ലഞ്ച് ബ്രേക്കിന് മുൻപുള്ള അവസാനത്തെ ഹവർ... ക്യാന്റീനിൽ മീൻ വറുക്കുന്ന മണത്തിനൊപ്പം 

മാനേജീരിയൽ ഇക്കണോമിക്സിന്റെ ദഹിക്കാത്ത തിയറി കേട്ട് വാച്ച് നോക്കിയിരിക്കുന്ന നേരം..... ഒരു പത്ത് മിനിറ്റ് മുന്നേ ക്ലാസ്സ്‌ നിർത്തി അതുവരെ പഠിപ്പിച്ചതെല്ലാം സാർ ഓരോരുത്തരോടായി ചോദിച്ച് തുടങ്ങി...... ആ നേരം വരെ അന്തം വിട്ടിരുന്ന ഞാൻ ടെക്സ്റ്റ്‌ ബുക്ക്‌ അരിച്ചു പെറുക്കാൻ തുടങ്ങി..... അങ്ങനെ ചോദ്യം ചോദിച്ച് ചോദിച്ച് നമ്മളെ ചെക്കന്റെ അടുത്തായി ചോദ്യം.... എന്തുകൊണ്ടോ സാറിന് അവനോട് മാത്രമായി കാര്യങ്ങളവതരിപ്പിക്കുമ്പോൾ ഒരു കളിയാക്കൽ സ്ഥിരമായുള്ളതാണ്.... എന്ത് പറഞ്ഞാലും ഇവൻ ചിരിച്ചോണ്ട് നിൽക്കേം ചെയ്യും..... അങ്ങനെ ഓരോന്ന് പറഞ്ഞ് അവസാനം സാർ ഒരു കമെന്റ് ഇട്ടു... 

"നിന്നെ കാണുമ്പഴെല്ലാം ഈ മഞ്ഞേലും നീലേലും ആണല്ലോ ശരത്തെ... ഊരി അലക്കാറോന്നുല്ലേ.... "

ഇതും പറഞ്ഞ് സാർ തന്നെ ചിരിക്കാൻ തുടങ്ങി..... ക്ലാസ്സിൽ വെച്ച് അധ്യപകനൊരു തമാശ പറഞ്ഞാൽ നിലവാരം നോക്കാതെ കുട്ടികളെല്ലാവരും ചിരിച്ചു കൊടുക്കുന്ന വളരെ പാരമ്പര്യമുള്ളോരു ശീലം അന്നും ക്ലാസ്സിൽ നിലനിന്നിരുന്നു .... കാര്യങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള പക്വതയോ അറിവോ ഇല്ലാത്തത് കൊണ്ടാവാം ഞാനടക്കം എല്ലാവരും ഒരു ഉളുപ്പും ഇല്ലാതെ അങ്ങ് ചിരിച്ചു കൊടുത്തു..... 

ശെരിക്കും പറയാണെങ്കിൽ സാർ പറഞ്ഞ കാര്യം ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ടങ്കിലും അതൊരിക്കലും ഞങ്ങൾക്കിടയിലൊരു ചർച്ചാവിഷയമായിട്ടില്ല...... പൊതുവെ ഏത് കാര്യത്തിനും ചിരിച്ചു കാണിക്കുന്ന അവന്റെ മുഖത്ത് അപ്പോഴും ചിരിയുണ്ടായിരുന്നു..... എന്നാൽ ക്ലാസ്സ് കഴിഞ്ഞ് ലഞ്ച് ബ്രേക്ക്‌ തുടങ്ങിയപ്പോഴും ശരത് ഇരുന്നിടത്ത് നിന്ന് എണീറ്റിരുന്നില്ല..... വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരുന്ന പതിവ് അവനില്ലാത്തത് കൊണ്ട് നേരെ ക്യാന്റീനിലേക്ക് പോകാറായിരുന്നു......കണ്ണ് നിറഞ്ഞു തുളുമ്പി... ബാഗിന്റെ വള്ളിയിൽ അലസമായി പിടിച്ചുകൊണ്ട് അവൻ ഒരേ ഇരിപ്പാണ്.... അടുത്ത് ചെന്ന് എന്തൊക്കെ ചോദിച്ചിട്ടും അവനൊന്നും പറയുന്നുണ്ടായിരുന്നില്ല.......

" സാർ പറഞ്ഞത് ആലോജിച്ചിട്ടാണോടാ "

എന്ന് ആരോ ചോദിച്ചതും.... കണ്ണ് നിറച് അവൻ ഞങ്ങളെ നോക്കി ചിരിച്ചു... ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറയുകയും ചെയ്തു... 

" ഉള്ളതല്ലെടാ ഇട്ടിട്ട് വരാൻ പറ്റു.... "

കണ്ട് നിന്ന ഞങ്ങൾക്കെല്ലാവർക്കും വലിയ സങ്കടം തോന്നിയ നേരം അതോടൊപ്പം... വലിയ തമാശയായി കണ്ട് പൊട്ടിചിരിച്ചതോർത്ത്‌ അങ്ങേയറ്റം ലജ്ജയും തോന്നി...... എന്തുകൊണ്ടോ ആ നേരം സാറിനോട് ഞങ്ങൾക്ക് വലിയ ദേഷ്യം തോന്നി.... ഒരു അധ്യാപകൻ കുട്ടികൾക്ക് മുന്നിൽ വെച്ച് അങ്ങനൊരു കാര്യം അവതരിപ്പിക്കാൻ പാടുള്ളതല്ലെന്നും..... ഏത് വസ്ത്രം ധരിക്കുന്നു എന്നുള്ളതൊക്കെ അവരവരുടെ ഇഷ്ട്ടങ്ങളല്ലേ എന്നൊക്കെ ഞങ്ങൾ വട്ടം കൂടിയിരുന്ന് പറയാൻ തുടങ്ങി...... 

പിന്നെ രണ്ടു ദിവസം ശരത് ക്ലാസ്സിൽ വന്നില്ല.... പൊതുവെ പിൻ വലിഞ്ഞുള്ള സ്വഭാവകരനായ അവൻ ആ സംഭവത്തിന് ശേഷം പിന്നീട് പാടെ മിണ്ടാതായതു പോലെയായി.... കാര്യങ്ങളെന്തെങ്കിലും ചോദിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞ് ഒഴിവാകാറായിരുന്നു പതിവ്.....അവനൊന്നും പറയാതെ തന്നെ അവന്റെ വീട്ടിലെ സ്ഥിതി ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു... പെരിന്തൽമണ്ണയിലൊരു ബേക്കറിയിൽ ഒരു ജോലി ശരിയായിട്ടുണ്ടെന്ന് പിന്നീട് പറഞ്ഞു... ക്ലാസ്സ്‌ തീരുന്നതിനു മുന്നേ തന്നെ സ്ഥിരമായി പോവുന്നത് കൊണ്ട് അറ്റെൻഡൻസ് വളരെ കുറവായിരുന്നു...... അങ്ങനെ പോകെ പോകെ അവൻ പഠിപ്പ് മൊത്തത്തിൽ നിർത്തി.....ഇടക്കെപ്പോഴെക്കെ സാർ അവനെ പറ്റി അന്വേഷിക്കുമ്പോഴും മുഖത്തൊരു ചിരി വരാറുണ്ട്.....ഒരു അധ്യാപകനിൽ ഉണ്ടാവാൻ പാടില്ലാത്ത വലിയൊരു കുറവ് ഞാനയാളിൽ കാണുന്നുണ്ടായിരുന്നു..... എടുത്ത് കൂട്ടിയ ഡിഗ്രികൾകൊക്കെ എന്ത് അർത്ഥമാണുള്ളതെന്നു ചിന്തിച്ചുപോയി..... 

ഈ സംഭവങ്ങളൊക്കെ കേൾകുന്ന ഏതോരാൾക്കും വലിയ കാര്യമായൊന്നും തോന്നണമെന്നില്ല... സാർ അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലും അവൻ പഠിത്തം നിർത്തി പോയേനെ എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് പലരും പറയാറുള്ളത്.... മറ്റുചിലർ ഗവണ്മെന്റ് കോളേജുകളിലും യൂണിഫോം സിസ്റ്റം കൊണ്ടുവരാത്തതിനെ വിമർശിച്ചു.... 

വിദ്യാഭ്യാസ നയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും....മാന്യമായി ധരിക്കുന്ന വസ്ത്രത്തെ.... നിറത്തെ.... തടിയെ.... സംസാരത്തെ എല്ലാം അങ്ങേയറ്റം കളിയാക്കികൊണ്ടുള്ള അധ്യാപന നയം പലരും ഇപ്പോഴും പിന്തുടരുന്നു എന്നത് നിരാശജനകമാണ്.....അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം body shaming ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട് .... പലപ്പോഴും ക്യാമ്പസുകളിൽ വലിയ ചർച്ചകളായി മാറേണ്ട വിഷയമാണെന്ന് തോന്നിയിട്ടുമുണ്ട്....... മുന്നിലെത്തുന്ന അധ്യപകരെ മാതൃകയാക്കണം എന്നതിനോടൊപ്പം.... ഒരു അധ്യാപകൻ എങ്ങനെയവരുതെന്നതുകൂടി ചിലപ്പോഴൊക്കെ വേർതിരിച്ചു കാണേണ്ടിരിക്കുന്നു......

സ്വന്തം മക്കളെ പോലെ കുട്ടികളെ ചേർത്ത് നിർത്തുന്ന... അവരുടെ വിജയങ്ങളിൽ അങ്ങേയറ്റം സന്തോഷിച്ചും... പരാചയങ്ങളിൽ ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന നല്ല അധ്യപകരെയും ഓർക്കുന്നു.......😊

Mr. Yaswanth Viswam T 

Assistant Professor of Commerce 

Al Shifa College of Arts and Science

 Kizhattoor, Perinthalmanna


Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices