ഇനിയും കീഴടക്കേണ്ടുന്ന സിംഹാസനങ്ങൾ
ദളിതർ,കീഴാളർ,അധഃകൃതർ... ഏതൊക്കെ പേരിൽ അറിയപ്പെട്ടാലും ,സ്വപ്രയത്നം കൊണ്ട് നൂറു സിംഹാസനങ്ങൾ ചവിട്ടികയറിയാലും..'നീ അതാണ്'എന്ന് അവന്റെ ചുറ്റിലുമുള്ള ഓരോ മുഖങ്ങളും അവനെ ഓർമപ്പെടുത്തികൊണ്ടേയിരിക്കുന്ന ..ധവളാധികാരത്തിന്റെ,മനുഷ്യമനസ്സിന്റെ ജീർണതയുടെ നേർ ആവിഷ്‌കാരമാണ് ബി ജയമോഹൻ ന്റെ "നൂറു സിംഹാസനങ്ങൾ' എന്ന നോവൽ.
'കാപ്പൻ'എന്ന് അമ്മ വിളിക്കുന്ന നായാടി പയ്യനിൽ നിന്ന് ധർമപാലൻ എന്ന ഐ എ എസ് ഓഫീസറിലേക്കുള്ള ജീവിത യാത്രയാണ് ഈ നോവൽ..
ഏതൊരു നായാടിയുടെയും ജീവിതം പോലെ തന്നെ 'വിശപ്പ്' ആണ് കാപ്പന്റെ ജീവിതവും..കാപ്പക്കു ചോറെ എന്ന് നിലവിളിക്കുന്ന,തിന്നണം തിന്നണം എന്ന് മാത്രം ഉരുവിടുന്ന..വയറു നിറച്ചു ഒരു നേരം പോലും ഭക്ഷണമില്ലാത്ത,ആളുകളുടെ തെറിവിളികളും,ഉപദ്രവവും ജീവിതമായി മാറിയ,അമ്മയുടെ കൂടെ അലഞ്ഞു തിരിഞ്ഞു തെണ്ടി നടക്കുന്ന കുട്ടിയെ,നാരായണ ഗുരുവിന്റെ ശിഷ്യൻ പ്രജാനന്ദൻ കണ്ടെടുത്ത്,ചോറിനൊപ്പം അറിവും വിളമ്പി..ആട്ടും തുപ്പും കേൾക്കാതെ ആദ്യമായി വയറു നിറയെ ചോറ് കൊടുക്കുമ്പോൾ അവൻ ചുറ്റുമുള്ളതൊന്നും..കാണുന്നില്ല..ചോറിന്റെ കടൽ,ചോറിന്റെ മല.. ചോറിന്റെ ആന..എന്നാണവന് തോന്നുന്നത്..വിശപ്പ് ഒരു കഥാപാത്രമായി വരുന്ന ഈ നോവൽ കണ്ണ് നിറയാതെ വായിക്കാനാവില്ല..
കാലങ്ങൾ കഴിയുമ്പോൾ കാപ്പന്റെ വിശപ്പും ആർത്തിയും അറിവിനോടായി മാറുന്നു..സ്വപ്രയത്നം കൊണ്ട് പഠിച്ച് ഐ എ എസ് ഓഫീസർ ആയി മാറുന്ന കാപ്പൻ എന്ന ധർമപാലൻ പിന്നീട് അധികാരത്തിനും,അപകർഷതാബോധത്തിനും ഇടയിൽ ആടിയുലയുകയാണ്.
കഥയുടെ ആദ്യഭാഗത്തിൽ ,ഐ എ എസ് ഇന്റർവ്യൂ സമയത്തു ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരമായി ,"..ന്യായം എന്ന് പറഞ്ഞാൽ അതിന്റെ കാതലായി ധർമം ഉണ്ടായിരിക്കണം,ധര്മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. ഒരു വശത്ത് നായാടിയേയും,മറുവശത്ത് ഒരു മനുഷ്യനെയും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായി മാറികഴിഞ്ഞു.അവൻ എന്ത് തെറ്റ് ചെയ്താലും,കൊലപാതകം ആണെങ്കിൽ പോലും..അവൻ നിരപരാധിയാണ്". എന്ന് പറയുന്ന ധര്മപലനിൽ നിന്ന് കഥാന്ത്യത്തിൽ
, ജന്മം കൊണ്ട് കിട്ടിയ ജീവിതത്തിൽ സംതൃപ്തയായ, മകന്റെ അധികാര കസേരയും ,വെളുത്ത ഭാര്യയും,ഉടുപ്പുകളുമെല്ലാം ഭയമായ അവസാന ശ്വാസത്തിലും 'കാപ്പാ ലെ കളസം വേണ്ടലേ..തംബ്രാൻ കശേരയില് ഇരിയാത ലേ.. എന്ന് കരയുന്ന അമ്മയുടെ ഉപദേശം സ്വീകരിക്കാൻ തയ്യാറാവുന്നു.
കുലവും, ജാതിയും,വർണ്ണവുമെല്ലാം അതിർത്തി നിശ്ചയിക്കുന്ന ഈ കാലഘട്ടത്തിലും സമത്വം എന്ന ആശയം ഉൾക്കൊള്ളാൻ ഇനിയുമെത്ര സിംഹാസനങ്ങൾ കീഴടക്കണം...
Ms. Febina. K
Assistant Professor of Malayalam
Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment