ഗാന്ധാരി:- അന്ധതയെ സ്വയം വരിച്ചവൾ
മഹാഭാരതത്തിലെ ശക്തമായ സ്ത്രീ കഥാപാത്രം എന്ന നിലയിൽ പാഞ്ചാലിയെ എല്ലായിടത്തും ഉയർത്തി കാണിക്കുമ്പോളും അതിനിടയിൽ മുങ്ങി പോയതോ അതോ കഥാപാത്ര നിരൂപണങ്ങളിൽ വേണ്ടത്ര ഇടം പിടിക്കാതെ പോയതോ ആയ ഒരു സ്ത്രീ കഥാപാത്രമാണ് ഗാന്ധാരി. ഗാന്ധാരം എന്ന ഹസ്തിനപുരത്തിന്റെ സാമന്തരാജ്യത്തെ രാജകുമാരി എന്നതിനപ്പുറം ഹസ്തിനപുരം എന്ന മഹാസാമ്രാജ്യത്തിന്റെ രാജ്ഞി എന്ന നിലയിലേക്ക് ഗാന്ധാരി എത്തി ചേർന്നത് മറ്റുള്ളവരെ പോലെ സ്വയംവരത്തിലൂടെ അല്ല. ഭീഷ്മർ എന്ന അതികായന്റെ വാക്കുകൾക്ക് മുന്നിൽ ജന്മനാ അന്ധൻ ആയ ധൃതരാഷ്ട്രർക്ക് വധു ആയി നിൽക്കേണ്ടി വരികയാണ്. തന്റെ ഭർത്താവിന് കാണാൻ പറ്റാത്ത ഒന്നും തനിക് കാണണ്ട എന്ന് പറഞ്ഞു സ്വയം അന്ധത വരിച്ച പതിവ്രത ആയിട്ട് ആണ് മഹാഭാരതത്തിൽ ഗാന്ധാരിയെ ചിത്രീകരിച്ചിരിക്കുന്നത് എന്നാൽ അതിനപ്പുറം അതൊരു പ്രതിഷേധമാണ്, കുരുടനായ ഭർത്താവിനെ വരിക്കേണ്ടി വന്നതിനോട്, ഭീഷ്മ പിതാമഹനോട് കുരുവംശത്തിനോട്.. എല്ലാവരോടും ഉള്ള പ്രതിഷേധം ആയിരുന്നു സ്വയം ഏറ്റെടുത്ത ആ അന്ധത. നൂറു പുത്രന്മാരെ ജന്മം നൽകിയതിനെ പോലും കുന്തിയുടെ മാതൃത്വത്തോടുള്ള അസൂയ ആയിട്ടല്ലാതെ ഒരു മാതാവാകാൻ ഉള്ള അഭിനിവേശം ആയി കാണിക്കാൻ എന്തേ വ്യാസന് കഴിയാതെ പോയി. പുത്ര വാത്സല്യത്താൽ അന്ധനായിരുന്നു ധൃതരാഷ്ട്രർ എന്ന് പറയുമ്പോളും ഗാന്ധാരി ഒരിക്കലും പുത്രവാത്സല്യത്താൽ അന്ധ ആയിരുന്നില്ല. സ്ത്രീയെ പതിവ്രത ഭർത്താവിന്റെ ദാസിയായും ചിത്രീകരിക്കുന്നതിനപ്പുറം ശക്തയായ ഒരു സ്ത്രീ പോരാളി കൂടി ആയിരുന്നു ഗാന്ധാരി. കുരുക്ഷേത്ര യുദ്ധാവസാനം സ്വന്തം മക്കളുടെ ജഡം നഗ്നനേത്രം കൊണ്ട് കാണേണ്ടി വന്ന ഗാന്ധാരി തന്റെ ഇത്രയും കാലം മറച്ചുവെച്ച വെളിച്ചം കൊണ്ട് കൃഷ്ണനെയും യദുകുലത്തെ നീയും നിന്റെ കുലവും തമ്മിലടിച്ചു മുടിയും എന്ന് ശപിച്ചപ്പോൾ കൃഷ്ണൻ ചിരിച്ചുകൊണ്ട് നിന്നത് ആ മാതൃത്തത്തിനു മുന്നിലായിരുന്നു. അതെ ഗാന്ധാരി അന്ധതയെ വരിച്ചവൾ അല്ല സമൂഹത്തിന്റെ അന്ധതക്കെതിരെ സ്വയം ഇരുട്ട് വരിച്ചു പ്രതിഷേധിച്ചവരാണ് .
Mr. Rohith. R
Head, Dept of Commerce
Al Shifa College of Arts and Science Kizhattoor, Perinthalmanna
Comments
Post a Comment