അക്കരപച്ച

  

ചില പറിച്ചു മാറ്റലുകൾ സ്ഥിരമായുള്ള പറിച്ചു നടീലുകൾക്ക് വേണ്ടികൂടിയായിരിക്കാം.

പട്ടിക്കാട്... ഓണംകേറാ മൂല... എന്നൊക്കെ വേണ്ടത്ര പരാതിയും പരിഭവവും പുച്ഛവും കാണിച്ച് ഈ ഒറ്റപാലത്ത്ന്ന് അങ്ങ് ദുബായിലേക്ക് വണ്ടി കയറുമ്പോൾ ഇനി ഇങ്ങോട്ടില്ലെന്ന തീരുമാനം തന്നെയായിരുന്നു. പണ്ട് എൽ പി സ്കൂളിൽ പഠിക്കണ കാലത്ത് തന്നെ മുംബൈ പോണന്നും അധോലോകം കാണണന്നൊക്ക ജീവിതഭിഷായികൊണ്ട് നടന്ന ചെക്കന് പേരിനെങ്കിലും ബുദ്ധിവന്നപ്പോ ഐടിഐക്ക് പഠിക്കാൻ പോയി നട്ടും ബോൾട്ടൊക്കെ തിരിക്കാനും മുറുക്കാനും തെറ്റില്ലാത്ത പോലെ മെക്കാനിക്കൽ വർക്കൊക്കെ പഠിച്ചപ്പോഴേക്കും ചെക്കന് പിന്നേം നാട് വിടണന്നായി ഇപ്പ്രാവശ്യം പക്ഷേ അധോലോകം കാണാനല്ലാട്ടോ ജോലി ചെയ്ത് പത്ത് കാശ് ഇണ്ടാക്കി ഈ പട്ടിക്കാടിന് പുറത്ത് എവിടെങ്കിലും സ്ഥിരതാമസക്കാലോ എന്ന ചെറിയ വലിയ ആഗ്രഹം കൊണ്ടായിരുന്നു.

വേനൽ കാലമായാൽ ചക്കയും മാങ്ങയും പല പേരിലുള്ള വിഭവങ്ങളായി മേശയിലെത്താൻ തുടങ്ങും. പിന്നെ അച്ഛന്റെ മാസ്റ്റർപീസ് ഐറ്റം ചുവന്ന ചീരയും..... വേനല് തുടങ്ങിയാൽ പിന്നെ പുരയിടത്തിലെയും പാട്ടത്തിനെടുത്ത പറമ്പിലുമെല്ലാം ചീര തന്നെയാണ് പ്രധാന കൃഷി.... പിന്നെ വാഴ കുലയും... വഴുതനയും വേണ്ടയുമൊക്കെയായി ദിവസവുമുള്ള പച്ചക്കറി സദ്യ കലശലായി മടുത്തു തുടങ്ങിയ കാലം കൂടിയായിരുന്നു അത്..... പോരാത്തതിന് അബുദാബിയിലെയും സൗദിയിലുമൊക്കെയുള്ള ചെങ്ങായിമാര് പറഞ്ഞുള്ള ഗുബ്ബൂസ്സിന്റെയും കുഴിമന്തിയുടെയുമൊക്കെ സ്വാദ് മനസ്സിൽ സങ്കല്പിച്ചുള്ള ദിവസങ്ങളായിരുന്നു അന്നൊക്കെ....

ഹരിപ്പാട്ടുള്ള അമ്മാവന്റെ തുണികടയിൽ തരക്കേടില്ലാത്ത ശമ്പളത്തിലൊരു ജോലിയൊക്കെ തരപ്പെട്ട് വന്നപ്പോഴും പോകാനൊട്ടും താല്പര്യം കാണിച്ചിരുന്നില്ല... പോരാത്തതിന് കുടുംബക്കാരെ കൂടെ വല്ല പണിക്കും നിന്ന ചെക്കന്റെ സ്വഭാവം വെച്ച് എപ്പോ കച്ചറ കൂടി പിരിഞ്ഞെന്ന് ചോയ്ച്ച മതി....മുറപെണ്ണിനെ കെട്ടാൻ നോക്കി നിന്ന് വിദ്യാഭ്യാസം പോരാന്ന് പറഞ്ഞ് ഒഴിവാക്കിയതിന്റെ വൈരാഗ്യം കൂടിയുണ്ടെന്ന് കൂട്ടിക്കോ.... Insulating ഒന്നും പണ്ടേ നമ്മള് വെറുതെ വിട്ട് ശീലമില്ല....😌

തുണികടയിൽ നിൽക്കാൻ താല്പര്യകേടുണ്ടങ്കിൽ കൊറച്ചൂടി സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയൊക്കെ ഉഷാറാക്കി നിനക്ക് ഇവടെ തന്നെ അങ്ങട് കൂടിയ പോരെ കുട്ട്യേന്ന് അച്ഛനോന്നു ചോയ്ച്ചതെ ഓർമ്മയുള്ളു വിളമ്പി വെച്ച ചോറ് പോലും കഴിക്കാതെ ഇറങ്ങി ഒരു പോക്കായിരുന്നു ☹️.

വലിയ ഐ എ എസിന് പഠിച്ചോനല്ലേ പാടത്ത് എറങ്ങാൻ മടി കാണും..... എന്ന് അമ്മയുടെ വക ഇരുത്തലും കൂടിയായപ്പോ നാട് വിടാനുള്ള തീരുമാനം ഒന്നൂടി കനത്തു....

ദുബായിലുള്ള ചെങ്ങായിമാരെ വിളിച് എങ്ങനെയൊക്കെയോ ഒരു വിസയൊപ്പിച് ബുർജ് ഗലീഫക്ക് ഒപ്പം മുട്ടി മുട്ടിയില്ല എന്നു തോന്നണ ഒരു manufacturing കമ്പനിയിൽ ജോലി തരപ്പെടുത്തി.....നാട്ടിലെ ചെങ്ങായിമാരെല്ലാം കൂടി ചെക്കന് ഷർട്ടും പാന്റും സ്പോൺസർ ചെയ്തു. അങ്ങനെ ആയാൾ മണലാരണ്ണ്യങ്ങൾ തേടി പോവുകയാണ് സുഹൃത്തുക്കളെ......🙌

വിമാനം അറബിയുടെ മണ്ണിലെത്തിയപ്പോ തൊട്ടേ ചെക്കൻ ദുബായികാരനായി..... ട്രെയിൻ പോലെ നീളുന്ന വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് നാട്ടുകാർക്കും ദുബായ് കണ്ടത് പോലെയായി... 🥴

താമസിക്കാൻ സ്വന്തമായൊരു മുറിയും അറ്റാച്ഡ് ബാത്‌റൂമുമൊക്കെ മനസ്സിൽ കണ്ട് ചെന്നെത്തിയത് എട്ട് പേരോളം താമസിക്കുന്ന ഒരു ഡോർമെറ്ററിയിലേക്കായിരുന്നു...... ഭാഗ്യത്തിന് കൂടെയുള്ളോരൊക്കെയും മാലയാളികള് മാത്രായിരുന്നു..... അന്ന് രാത്രിയിൽ തന്നെ ഗുബ്ബൂസ്സിന്റെ രുചിയും നാവില് ശെരിക്ക് പിടിച്ചു..... പിറ്റേ ദിവസം തൊട്ട് നേരെത്തെ പറഞ്ഞ കമ്പിനിയിലെ ഇരുപതാം നിലയിലെ ചൂട് കൂടി ചെക്കൻ ആദ്യം ദിവസം തന്നെ മോഹലസ്യപെട്ടു 😌..... സ്ഥിരമായുള്ള ചൂടുവെള്ളത്തിലുള്ള കുളിയും അത് കഴിഞ്ഞുള്ള രാസനാദി തിരുമ്മലുമൊക്കെയായി നടന്ന കുട്ടിക്ക് ഇന്നലെ ഒരു ദിവസത്തെ മാറ്റം തന്നെ കിടപ്പിലാക്കി...... അന്ന് രാത്രി സാമാന്യം നല്ലൊരു പനി പിടിച്ച് കെടന്ന ചെക്കനെ റൂമിലെ അന്തേവാസികൾ തട്ടിവിളിച് ഭക്ഷണം കൊടുത്തു..... പത്രത്തിൽ ദേ കെടക്കുണു നമ്മളെ ഗുബ്ബൂസേട്ടൻ.... നാട്ടിലായിരുന്നെങ്കിൽ ഈ നേരം അമ്മയുടെ പൊടിയരി കഞ്ഞിയും കടുമാങ്ങ അച്ചാറും കൂട്ടി ഒരു പിടി പിടിക്കാർന്നു..... പ്രസ്തുത കക്ഷി ആദ്യമായി അതാലോചിച് വായിൽ വെള്ളമുറിപോയി..... പിന്നീടുണ്ടായിരുന്ന പ്രവാസ ദിനങ്ങളൊന്നും തന്നെ കക്ഷിക്ക് മാനസികമായോ ശാരീരികമായോ യാതൊരു തരത്തിലും ഇണങ്ങിയതായിരുന്നില്ല...... പാലക്കാടൻ ചൂടിന്റെ സുഖമൊന്നും അറബി ചൂടിനെല്ലെന്ന തിരിച്ചറിവുകളുടെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്.....

അറേബ്യൻ വിഭവങ്ങളോരോന്നും മാറി മാറി പരീക്ഷിച്ചിട്ടും വയറിനൊരു വിധത്തിലും തൃപ്തി വരാതായി വന്നു.... വറുത്തരച്ച സാമ്പാറും ചീര തോരനുമൊക്കെ ആലോചിച് കണ്ണൊന്ന് നിറഞ്ഞ് പോയി.... അത്തവണത്തെ വിഷു കൂടാൻ കൂടി പറ്റാത്തായത് മറ്റൊരു സങ്കടം 🥺..... ഒരു വിതത്തിലും പൊരുത്തപെടാത്ത ദിവസങ്ങൾ തള്ളി നീക്കികൊണ്ടിരിക്കെ ഫുഡ് പോയസണും വയറിളക്കവുമായി കൊറച്ചു ദിവസം ദുബായിലെ ആശുപത്രി സന്ദർശനം കൂടിയായപ്പോൾ എല്ലാം ശുഭം....

പാലക്കാട്ടേക്ക് വണ്ടി കയറാൻ പിന്നീട് അതികം സമായൊന്നും വേണ്ടി വന്നില്ല..... നാല് മാസത്തെ ദുബായ് സന്ദർശനത്തിന്റെ ഓർമ്മക്കയെന്നോണം കൊറച്ചു ബദാമും ഈന്തപഴവും വാങ്ങി നേരെ എയർ ഇന്ത്യ പിടിച്ചു.....

നാട്ടിലെത്തിയതും അമ്മേടേം അച്ഛന്റേം മുഖത്ത് എവിടെയോ ഒരു ചിരി ഒളിപ്പിച്ചിട്ടില്ലേ എന്നൊരു തോന്നലായിരുന്നു..... അച്ഛൻ ചിരിച്ചാലും അമ്മക്ക് തൂക്കോം നിറോം പോയതിന്റെ സങ്കടം മാത്രേ ഉണ്ടാവു.. അത് എല്ലാ അമ്മമാരും അങ്ങനാണല്ലോ... 🥰🥰

ആട്ടിൻ പാലും നേന്ത്രപഴാവുമൊക്കെ കാര്യമായി തിന്ന് തടിയൊക്കെ ഒന്നു പുഷിട്ടിച്ചപ്പോൾ അച്ഛൻ കാര്യത്തിലേക്ക് കടന്നു... അല്ല ഇനിപ്പോ എന്താ പരിപാടി.... സാക്ഷാൽ ഇന്ദുചൂടനെ മനസ്സിൽ ധ്യാനിച് ആ ഡയലോഗ് അങ്ങ് കാച്ചി " ഞാനിനി ഇവടെ കൃഷിയൊക്ക നോക്കി....ഇവടതന്നെ അങ്ങട്....." വാതിലിനപ്പുറത്തു നിന്ന അമ്മ ചെക്കൻ വന്ന് കേറിയപ്പോ ചിരിക്കാത്ത ചിരി ആ നേരം അങ്ങ് ഇട്ടുകൊടുത്തു..... അച്ഛനും സന്തോഷം.... ആ എന്ന അങ്ങാനാവട്ടെ....

അച്ഛൻ പണ്ട് പറഞ്ഞ അതെ അഭിപ്രായങ്ങളൊക്കെ ഉൾക്കൊണ്ട്‌ കക്ഷി കൊറച്ചു സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറിയും വാഴയുമൊക്കെ കാര്യമായി തന്നെ നട്ട് നനച്ചുണ്ടാക്കി....ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോൾ സ്വന്തമായി കൊറച്ചു സ്ഥലം കൂടി വാങ്ങി ഒരു പോളി ഫാം കൂടി തുടങ്ങി.... വീട്ടിലിപ്പോൾ മൂന്ന് നാല് ആടിനേം കൂടി വാങ്ങിയിട്ടുണ്ട്.....ലവകോട്ന്ന് ഒരു ടി ടി സി കാരി പെണ്ണിനേക്കൂടി കല്യണം കഴിച് ആളിപ്പോ ഒറ്റപാലത്ത് സ്വസ്ഥം സുഖം 😊

നാട് വിട്ട് വ്യാഴാവട്ടങ്ങൾക്ക് അപ്പുറവും പൊരുത്തകേടുകളേ കയ്യിലൊതുക്കി ഇപ്പോഴും പ്രവാസികളായി തുടരുന്ന ഓരോരുത്തരുടെയും അധ്വാനത്തിനോടും വിയർപ്പിനോടും അങ്ങേയറ്റം ബഹുമാനം തോന്നിയ ആ നാളുകളെ ഒരിക്കൽ അയാൾ ഓർത്തെടുക്കുകയായിരുന്നു.....ഒപ്പം മനസ് വെച്ചാൽ ചുറ്റുമുള്ളതിൽ നിന്ന് പൊന്ന് വിളയിക്കാനാവുമെങ്കിൽ നാട് തന്നെ എന്നും സ്വർഗ്ഗം ❤️

ഒരു പാലകാടൻ ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ചെറുപ്പക്കാരന്റെ അനുഭവങ്ങളലും തിരിച്ചറിവുകളിലും അല്പം സ്വല്പം പൊടിപ്പും തൊങ്ങലും ചേർത്തത്.. 😁

Mr. Yashwant Viswam, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices