ഈ വായനാദിനത്തിൽ ഞാൻ നിങ്ങൾക്കായി എന്റെ ഒരു വായനകുറിപ്പു പരിചയപ്പെടുത്തുകയാണ്.
മുത്തശ്ശി
ചെറുകാടിന്റെ മുത്തശ്ശി വായിച്ചു തുടങ്ങിയപ്പോൾ, നാണിയിലൂടെ പുരോഗമിക്കുന്ന കഥയിലേയ്ക്ക് ഇറങ്ങിയപ്പോൾ തോന്നിയത് എങ്ങനെ ഈ നോവല്‍ 'മുത്തശ്ശി' ആയി എന്നാണ്. കഥ പറയുന്ന ശക്തമായ കഥാപാത്രം നാണി ടീച്ചര്‍ ആയിരിക്കെ എങ്ങിനെ മുത്തശ്ശി? അതിനുത്തരം ഏറെ വൈകാതെ കിട്ടിത്തുടങ്ങി. 672 ാം താളിൽ വായന അവസാനിച്ചപ്പോൾ 'മുത്തശ്ശി' അല്ലാതെ മറ്റൊരു പേരും ഈ നോവലിന് അനുയോജ്യമല്ലെന്ന തിരിച്ചറിവിൽ എത്തി.
എന്നെ സംബന്ധിച്ച് മുത്തശ്ശി തുടക്കത്തിൽ വെറുമൊരു സ്കൂൾ ആധാരമാക്കിയുളള നോവൽ മാത്രമായിരുന്നു. പക്ഷേ വായനയുടെ പല ഘട്ടങ്ങളിലും ഇത് മറ്റു പലതുമാണെന്ന തിരിച്ചറിവുണ്ടായി. അടിമകളായി മാനേജ്മെന്റിനു കീഴിൽ ഞെരിഞ്ഞമരേണ്ടി വന്ന അദ്ധ്യാപക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന 'മുത്തശ്ശി' ചൂഷിതരായ തൊഴിലാളി വര്ഗ്ഗത്തെ മുഴുവനുമാണ് പ്രതിനിധാനം ചെയ്യുന്നത്. പല മാനേജുമെന്റിനു കീഴിലും നാണി ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വന്തം അവകാശങ്ങൾക്കായി പൊരുതേണ്ടി വരുന്നത് ചുരക്കം ചിലരോടാണ്.. ബ്രിട്ടീഷ് ഇന്ത്യ, ആ കാലഘട്ടത്തിലെ കേരളം, കോണ്ഗ്രസ് - കോണ്‍ഗ്രസില്‍ നിന്ന് വേറിട്ട ചിന്തയുമായി കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഉദയം എല്ലാം ചരിത്ര പരമായ ഉത്തരവാദിത്വമായി ചെറുകാട് 'മുത്തശ്ശി'യിലൂടെ പറയാതെ പറയുന്നു.
സൗന്ദര്യം ഇല്ലാത്തതിനാൽ വിവാഹക്കമ്പോളത്തിൽ പിന്തളളപ്പെടുകയും അതു കൊണ്ടു തന്നെ പഠനം തുടരാൻ ഭാഗ്യം ലഭിയ്ക്കുകയും ചെയ്ത നാണിയുടെയും അവളുടെ മുത്തശ്ശിയുടെയും കഥയാണ് ഇത്. പഴയ തലമുറയെ പ്രതിനിദാനം ചെയ്യുന്ന മുത്തശ്ശിയെ, അവരുടെ കടും പിടുത്തങ്ങളെ, താൻ ആര്ജ്ജിച്ചെടുത്ത വിദ്യാഭ്യാസം കൊണ്ട് തിരുത്തിക്കുറിക്കുകയാണ് നാണി. പുത്തൻ ആശയങ്ങളെ തഴുകി പഴയകാല അനാചാരങ്ങള്ക്കെതിരെ ശബ്ദമുയര്ത്തുന്ന വീറും വാശിയുമുളള മുത്തശ്ശിയിലേക്കുളള ഒരു പ്രയാണം കൂടിയാണി നോവൽ.
ക്ലാസിലെ പഠിക്കാൻ മിടുക്കിയായ കുട്ടിയോട് ആണ്കുട്ടികള്ക്ക് പൊതുവെ ഒരു പുച്ഛ മനോഭാവമാണ്. അവരുടെ പോരായ്മകളെ കൂരമ്പുകളാക്കാൻ പ്രത്യേക കഴിവാണ് ഇത്തരം പിള്ളേര്‍ക്ക്.
പലര്‍ക്കും ഈ കൂരമ്പുകളെ അത്ര നിസ്സാരമായി നേരിടാനാവാറില്ല. എന്നാല്‍ നാണി എന്നെ ഇവിടെ തൊട്ടേ അവളുടെ ആരാധികയാക്കുന്നു.
"വമ്പത്തിയായ കൊമ്പത്തി"
അത് എന്നെകൊണ്ടാണെന്ന് അറിഞ്ഞിട്ടും ഞാൻ ശുണ്ഠി എടുത്തില്ല. പരിഭവിച്ചില്ല. ആ മാർക്ക് കിട്ടത്തക്കവണ്ണം ഞാൻ മനസ്സിരുത്തി പഠിച്ചിരുന്നു. ആ അലസന്മാരുടെ നാവിന് നികുതി കെട്ടാൻ എന്നെ കൊണ്ടാവില്ല. ആ കോന്ത്രമ്പല്ല് എന്െറ മുഖത്തുളളതാണ്. പിന്നെ ഞാനെന്തിന് പരിഭവിക്കണം." (എന്നെ പോലുളള മൂക്കില്ലാ രാജ്യത്തെ മുറിമൂക്കാന്മാരായ പഠിപ്പിസ്റ്റുകള്‍ ഇത്തരം കൂരമ്പുകള്ക്കെതിരെ എത്ര ശുണ്ഠി എടുത്തിരിക്കുന്നു. കൈയ്യേറ്റം വരെ നടത്തിയിരിക്കുന്നു. അവിടെയാണ് നാണി വ്യത്യസ്തയാകുന്നത്). 1957 ല്‍ ഇത്തരം ഒരു കഥാപാത്രത്തെ സൃഷ്ടിച്ച ചെറുകാട് ഈ
21-ാം നൂറ്റാണ്ടിനോട് പലതും ഉറക്കെ വിളിച്ചു പറയുകയാണ്.
വിദ്യാഭ്യാസത്തിന് - മാറ് മറയ്ക്കുന്നതിന് അങ്ങിനെ അന്നു പെണ്കുട്ടികള്ക്കു നിഷേധിക്കപ്പെട്ട എല്ലാ അവകാശങ്ങള്ക്കുമായി അവള് സ്വന്തം വീട്ടില്‍ നിന്നു തന്നെ പടയൊരുക്കം തുടങ്ങുകയാണ്. മരുമക്കത്തായ സമ്പ്രദായത്തിലെ ദുര്വാസനകള്ക്കെതിരെ അവള് മുഖമടച്ച് മൂക്കു പൊത്തി പ്രതിഷേധിക്കുകയാണ്.
തന്റെ സമ്മതം ചോദിക്കാതെ സമുദായം തന്റെ മേല്‍ അടിച്ചേല്പിച്ച കുട്ടന്നായര് എന്ന വൃദ്ധനെ ഉള്ക്കൊളളാനാവാതെ നാണി സ്വന്തം തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. അവിടന്നങ്ങോട്ട് ഓരോ കൊളളരുതായ്മകള്ക്കെതിരെയും തലമുറകളായി തുടര്ന്നു വരുന്ന അനാചാരങ്ങള്ക്കെതിരെയും മുത്തശ്ശിയില്‍ തുടങ്ങി ഓരോരുത്തരോടായി പട പൊരുതി അവള് ജയിച്ചു കേറുകയാണ്. അതിന്റെ ആദ്യപടിയായി മുസ്ലിയാരുടെ മാനേജ്മെന്റിനു കീഴില്‍ അദ്ധ്യാപക ജോലിയില്‍ പ്രവേശിക്കുന്നു. അവിടെ വിദ്യാഭ്യാസം ഒരു കച്ചവടമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ.
ഒരു നായര്‍ തറവാട്ടില്‍ ജനിച്ചു വളര്ന്ന നാണിക്ക് അറുത്തു മാറ്റാന്‍ എളുപ്പമല്ലാത്ത ചില പരമ്പരാഗത കീഴ്വഴക്കങ്ങള് ഉണ്ടായിരുന്നു എന്ന് കഥാകൃത്ത് ഇടക്കിടെ ബോധ്യപ്പെടുത്തുന്നുണ്ട്. മുസ്ലിയാര് ചായക്കു ക്ഷണിക്കുമ്പോള്‍ " ഞാന്‍ മാപ്പിളയുടെ ചായ കുടിക്കില്ല" എന്ന് അവളെ കൊണ്ട് പറയിപ്പിക്കുന്നുത് ശീലിച്ചു പോന്നവയില്‍ നിന്നു പിന്തിരിയാനുളള ബുദ്ധിമുട്ടാണ്. മനുഷ്യന് മാത്രമേ ഉളളൂ എന്നും നായരും നമ്പൂതിരിയും മുസ്ലിമും എല്ലാം മനുഷ്യനു മുന്നിലെ പുറന്തോടുകളാണെന്നും നാണി തിരിച്ചറിയുന്നുണ്ട്.
" വയറിനു വിശപ്പു പോലെ ബുദ്ധിക്കും ഒരു വിശപ്പുണ്ടെന്നും അതു മാറാന്‍ വിജ്ഞാന പ്രദങ്ങളായ പുസ്തകങ്ങളും പത്രങ്ങളും വായിക്കണമെന്നും വായനശാലകളെ വളര്ത്തണമെന്നും " പറയുന്ന ഗോപാലനെ പോലുളളവരും 'മുത്തശ്ശി ' യുടെ ജീവനാഡിയാണ്. വായനശാല ഉടലെടുക്കുന്നതോടു കൂടി ഒരു ഗ്രാമാന്തരീക്ഷം തന്നെ മാറുകയാണ്. കുളക്കടവുകളിലെ നുണക്കൂട്ടങ്ങളുടെ നാമ്പുകള്‍ നുളളിക്കളയാനും പകരം ഇന്ദുലേഖയും സൂരി നമ്പൂതിരപ്പാടും മാര്ത്താണ്ഡവര്മ്മയുമെല്ലാം നിരൂപണത്തിനു വിധേയമാവുകയാണ്.
പ്രധാനാദ്ധ്യാപകനായി, രാഷ്ട്രീയം വിദ്യാലയത്തിന് പുറത്ത് എന്ന് പറഞ്ഞ രാഘവന് മാസ്റ്റര്‍ ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞ നാണി ടീച്ചര്‍ ചോദിക്കുന്ന ചോദ്യവും ഉത്തരവും ഇതിലെ എന്റെ പ്രിയപ്പെട്ട വരികളാവുന്നു.
" കമ്മ്യൂണിസ്റ്റുകാരനായിട്ട് ഈ ഗീതയിലെന്താ ഇത്ര കമ്പം ? "
" കമ്മ്യൂണിസ്റ്റുകാര്ക്ക് ഗീത കയ്ക്കോ ? ഗീത ഒന്നാന്തരമൊരു തത്വശാസ്ത്രവും മഹാകാവ്യവുമാണ്. ഗീത ത്യാഗത്തിന്റെയും വീര്യത്തിന്റെയും നിസ്വാര്ത്ഥതയുടെയും എല്ലാം സന്ദേശം വഹിക്കുന്നു. അക്കാലത്തെ ഇന്ത്യയിലെ പൊളിറ്റിക്സും അതിലുണ്ട്. ഭക്തികൊണ്ടൊന്നും വായിച്ചിരുന്നതല്ല. "
കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ എല്ലാവരെയും പിടിച്ച് ജയിലിലിടുക, വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി അയമ്മുവിന്റെ നിയന്ത്രണത്തില്‍ പോലീസും കോണ്ഗ്രസും അഴിഞ്ഞാടുന്ന ബ്രിട്ടീഷ് ഭരണത്തെ കവച്ചു വെക്കുന്ന ഭരണം. രാജ്യമാകെ വെളിച്ചം വീശേണ്ട അദ്ധ്യാപകരുടെ കരളിലാണ് ഭരണാധികാരികള്‍ അടിമത്തം നിറയ്ക്കുന്നതോര്ത്ത് പരിതപിയ്ക്കുന്ന നാണിടീച്ചര്‍. കമ്മ്യൂണിസത്തെ എതിര്‍ക്കാന്‍ നേരിനെ എതിര്‍ക്കാന്‍ അവസാനം മുത്തശ്ശിയെ ജയിലിലേറ്റുന്ന ഭരണകൂടം.
അന്നത്തെ രാഷ്ട്രീയാന്തരീക്ഷം ചെറിയ തോതിലെങ്കിലും ചെറുകാട് പറഞ്ഞു വെയ്ക്കുന്നു.
ബാലന്‍ എവിടെയാണെന്ന് ചോദിച്ച് പോലീസുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചാല്‍ സത്യം പറയുമോ എന്ന ചോദ്യം കേട്ട മുത്തശ്ശി
" പറയില്ല. നൊന്തു വിളിച്ചു പെറാന്‍ ധൈര്യമുളള ഒരു പെണ്ണ് ഒന്നുറച്ചാല് ഒറച്ചതു തന്നെയാണ്."
" ഒരഭിപ്രായം ഉണ്ടാവാന്‍ പാടില്ല എന്നു പറയുന്നത് കഷ്ടമാണ്. നിങ്ങള്‍ കോണ്‍ഗ്രസാണെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്റ്റാണ്. അതിന്റെ പേരില്‍ ഒരാളെ ഉദ്യോഗത്തില്‍ നിന്നും സസ്പെന്ഡ് ചെയ്യുന്നത് അന്യായമാണ്. "
ഇത്തരം ജീവസുറ്റ അനേകം സംഭാഷണങ്ങളാൽ സംപുഷ്ടമാണ് മുത്തശ്ശി.....
അധ്യാപക വര്ഗത്തിന്റെ മുഴുവനും ശോഭനമായ ഒരു ഭാവിയ്ക്കു വേണ്ടിയുളള സമരത്തിനു മുന്നില്‍ സ്വന്തം ജീവിതം നിസ്സാരമാക്കിയ നാണി, പുതുമയെ ഉള്ക്കൊണ്ട മുത്തശ്ശി, രാഘവന് മാസ്റ്റര്‍, അബൂബക്കര്‍ എന്ന വിദ്യാര്ത്ഥി, ചാത്തു നായര്‍, കേശവ മേനോന്‍ , ബാലന്‍,ഇവരെല്ലാം ചേര്ന്ന് നടുവട്ടം ഹയര്‍ എലിമെന്ററി സ്കൂളിനെ ആ നാടിന്റെ മാറിലെ തിളങ്ങുന്ന മുത്തുമാലയാക്കി മാറ്റി ഒരു പുതുലോകം സൃഷ്ടിക്കുകയാണ്.
നാണിയുടെ ഭാഷയില്‍, "പഴമയും പുതുമയും തമ്മില്‍, കാട്ടാളത്തവും സംസ്കാരവും തമ്മില്‍ പഴമയും പാരമ്പര്യവും തമ്മിലുളള സമരം നടക്കുകയാണ്. പഴമയും പാരമ്പര്യവും കാര്യസ്ഥനും മുത്തശ്ശിയും ഒരു ചേരിയിലും പുതുമയും സംസ്കാരവും അമ്മാവനും അമ്മയും ബാലനും ഞാനും
മറുചേരിയിലുമാണ്. "
ആത്യന്തികമായ വിജയം പുതുമയുെടെ സംസ്കാരത്തിനാണെന്ന് ചെറുകാട് അടിവരയിടുന്നു. മനുഷ്യനെ സ്നേഹിക്കുന്ന, വിദ്യാലയങ്ങളെ സ്നേഹിക്കുന്ന, കുട്ടികളെ സ്നേഹിക്കുന്ന ആര്ക്കും ഇത് വായിക്കാവുന്നതാണ്.
Ms. Mini. V. K, Asst. Prof. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment