യാത്ര
ആളും ആരവങ്ങളും ഒഴിഞ്ഞ ഉത്സവപറമ്പുകളിൽ ശേഷിക്കുന്ന എരിഞ്ഞു തീർന്ന പടക്കക്കുറ്റികളെ കണ്ടിട്ടില്ലെ ? ആത്മാവ് നഷ്ടപ്പെട്ട , ഒരിക്കൽ മാത്രം ശബ്ദമുയർത്താൻ അവസരം ലഭിച്ച , പിന്നീട് വലിച്ചെറിയപ്പെട്ട കുറ്റികൾ !!!
ശബ്ദം നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുന്ന ആ നിമിഷം മുതൽ അവയെ പോലെ ആത്മാവ് നഷ്ടപ്പെട്ടവനായി തുടരാൻ നിൽക്കാതെ നിങ്ങളിൽ നിന്നും അകന്ന് കടലിൽ ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപായി മാറാൻ ഞാൻ ശ്രമിച്ച് തുടങ്ങും . കരയിൽ നിന്നും നോക്കുമ്പോൾ ഒരു പൊട്ടുപോലെ മാത്രം കാണുന്ന , ഇന്ന് വരെ അധികമാർക്കും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലാത്ത വിജനമായ ഒരു ദ്വീപ് . അല്പം നിഗൂഢതകൾക്കപ്പുറം മറ്റ് ശേഷിപ്പുകളൊന്നും ബാക്കിവെക്കാതെ മഴയും കാറ്റുമുള്ള ഒരു രാത്രി കടലിന്റെ അടിത്തട്ടിലേക്ക് ഞാൻ ഊളിയിട്ടിറങ്ങും . അടുത്ത ദിവസത്തെ തെളിഞ്ഞ പ്രഭാതത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ നിന്നും ഞാൻ പൂർണമായും മാഞ്ഞിരിക്കും . മഴയും വെയിലും മാറി വരുമ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് എന്നെ കുറിച്ചുള്ള നിങ്ങളിൽ അവശേഷിച്ച ഓർമകളും ഇല്ലാണ്ടാവും . തലമുറകൾക്ക് കൈ മാറാൻ നിങ്ങൾ മാറ്റിവെക്കുന്ന കഥകളിൽ പോലും സ്ഥാനംപിടിക്കാതെ ഞാനവസാനിച്ചിരിക്കും . സന്ധ്യകളിൽ ഞാനൊറ്റക്കിരുന്ന മരത്തണലിനും, തനിച്ചു നടന്ന വഴികൾക്കും, ഞാൻ ഇരിപ്പുറപ്പിച്ചിരുന്ന മനസ്സുകൾക്കും, പുതിയ അവകാശികൾ വരും . പുതുമകൾ തേടിയുള്ള നിങ്ങളുടെ നിലക്കാത്ത യാത്ര തുടർന്നു കൊണ്ടേയിരിക്കും ...!
Mr. Nithin Raj K
Assist.Professor of Economics
Al Shifa College of Arts and Science
Comments
Post a Comment