എൻ്റെ ഭൂതകാലകുളിർ

 സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എനിക്ക് പേടി ആടോ....! തോരാതെ പെയ്യുന്ന മഴയിലും ചീവീടിന്റെ കരച്ചിലിനും അപ്പുറം ഈ വാക്കുകൾ തന്നെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ വരുന്ന തണുത്ത കാറ്റ് ശരീരത്തെ കിടു കിടാ വിറപ്പിക്കുന്നുണ്ടായിരുന്നു. രാവിലെ നടന്നു നടന്നു വഴി കാണാപ്പാഠമാണ് എന്നാലും കാൽ എത്തുന്നില്ല, അവിടെനിന്ന് പോരാൻ മനസ്സിനൊപ്പം കാലിനും താല്പര്യമില്ലായിരുന്നുകാണും അതാണല്ലോ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കികൊണ്ടിരുന്നത്. മൊബൈൽ ടോർച്ചിന്റെ നേർത്ത വെട്ടത്തിൽ ആണ് നടക്കുന്നത് എങ്കിലും മഞ്ചാടി പൊഴിയുന്ന മരച്ചുവടെത്തിയപ്പോൾ തനിയെ കാലൊന്ന് ഉറച്ചു. ഈ മരചുവട് എന്നും പ്രിയപ്പെട്ടതന്നെയാണ്.... എന്നോ എടുതണിഞ്ഞ ജാഡ സ്വഭാവം മാറ്റിവെച് സ്വയം കുഞ്ഞായിട്ടുള്ളത് ഈ മഞ്ചാടി മരത്തിന് കീഴിൽ മാത്രമാണ്.


 നാശം പിടിച്ച മഴ വൈകുന്നേരം മുതൽ ആണേൽ കരണ്ടും ഇല്ല, ഗേറ്റ് തുറന്ന് തരുമ്പോൾ അയ്യപ്പേട്ടൻ മഴയെ പ്രാകി. മഴയല്ലല്ലോ അയ്യപ്പേട്ടാ പ്രശ്നം നമ്മളല്ലേ നമ്മുടെ ഇഷ്ടത്തിന് പെയ്യാത്തോണ്ടല്ലേ മഴ പ്രശ്നക്കാരൻ ആകുന്നെ? മഴ അതൊരു വികാരമല്ലേ! എല്ലാം ഒലിച്ചില്ലാതാക്കുന്ന ഒന്ന്. നട്ടപ്പാതിരക്ക് കയറി വന്ന് ഉറക്കം കളഞ്ഞതും പോരാ ത്വത്വചിന്ത പറയുവാണല്ലേ..! അയ്യപ്പേട്ടൻ ബീഡികറ പിടിച്ച പല്ല്കാട്ടി വെളുക്കെ ഒരു ചിരി ചിരിച്ച് മഴ പരാതി അവിടെ അവസാനിപ്പിച്ചു. അല്ല ഈ മഴ ഫിലോസഫി അയ്യപ്പനോട് പറയേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ? കാലങ്ങളായി പരസ്പരം ചിരിക്കാൻ പോലും മറന്ന് ജീവിക്കുന്ന പ്രൊഫഷണൽ എന്ന് സ്വയം അവകാശപ്പെടുന്ന ജീവികൾക്കിടയിൽ ജീവിക്കുന്ന മൂപ്പർക്ക് എന്ത് മഴ എന്ത് ഫീലിംഗ്..


എന്താണ് മിസ്റ്റർ ഭൂതകാലകുളിർ രാവിലെതന്നെ സ്വപ്നലോകത്തിൽ ആണല്ലോ...? ഭൂതകാലകുളിർ പേര് കൊള്ളാം എന്റെ ഭൂതകാലകുളിരിൽ നിന്ന് എപ്പോളോ ഞാൻ രക്ഷപ്പെട്ടല്ലോ. ഇപ്പൊ വർത്തമാനം അല്ലേ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വർത്തമാനം. മറുപടി മനസ്സിൽ ഒതുക്കി ലാപ്ടോപ്പിൽ നിന്ന് തലപൊക്കി മെല്ലെ ഒന്ന് നോക്കി. പതിവു ചിരിയായി മുന്നിൽ നിമ്മി മത്യൂ ആണ്, അവളുടെ മൂക്കുത്തി പതിവില്ലാത്ത തിളങ്ങുന്നുണ്ടായിരുന്നു. പതിയെ ഒരു ചിരി ചിരിച്ചു. അയ്യടാ നിൻ്റെ പുളിങ്ങ ചിരി കണ്ട് പോകാൻ വന്നതല്ല മോനെ ഞാൻ, നീ കാര്യം പറ എന്താ സംഭവം? എന്താ നിനക്ക് പറ്റിയേ?Do you fall in love? 


ശേ! ക്ലീഷേ പ്രണയം എന്നൊക്കെ പറഞ്ഞ് അതിനെ അങ്ങ് ചുരുക്കി കളയല്ലേ..

 ഡാ ചെക്കാ സീനിയർ ആണെന്ന് നോക്കില്ല ഓവറാക്കണ്ട കാര്യം പറ. കെ ആർ മീര ഫാൻ എന്താ ദീപ നിഷാന്ത് കളിക്കാ, പൈങ്കിളി ഇറക്കാതെ മാഷേ.. നിമ്മി കസേര വലിച്ചിട്ട് ഇരുന്നു.


അതെന്തൊക്കെ മീര പ്രണയം പറഞ്ഞിട്ടില്ലേ? ഖബറിൽ പ്രണയമില്ലേ ഘാതകൻനിൽ എന്താ പ്രണയം ഇല്ലേ?

പൊന്നുമോനേ നിർത്ത് ഞാനില്ല. നീ കാര്യം പറ..

പ്രണയമാണെന്നും അവകാശപ്പെടുന്നില്ല ഡോ പക്ഷേ എനിക്കിഷ്ടമാണ് ആളുടെ കൂടെ ഞാൻ കുറെ ഹാപ്പിയാണ് ഓരോ കുഞ്ഞു കാര്യങ്ങളും പറയുമ്പോൾ ഞാൻ അവിടെ ഒക്കെ ആളുടെ കൂടെ പോകാറുണ്ട്, കൺമുന്നിൽ എന്നപോലെ അവരെയൊക്കെ കാണാറുണ്ട് ഓരോ ദിവസവും ഒന്നിച്ചു തുടങ്ങി ഒന്നിച്ച് അവസാനിക്കാറുണ്ട്. എനിക്ക് ഞാൻ ആയിരിക്കാൻ പറ്റുന്ന പോലെ തോന്നാറുണ്ട്. എനിക്ക് ഇപ്പൊൾ മനസ്സ് തുറന്ന് ചിരിക്കാൻ പറ്റുന്നുണ്ട്, ഒരു പാട്ട് ആസ്വദിക്കാൻ കഴിയുന്നുണ്ട്.

എടോ ഒരു ദിവസം തുടങ്ങുമ്പോളും അവസാനിപ്പിക്കുമ്പോഴും നമുക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ട്, അയാളുടെ ഒപ്പം ടൈം സ്പെൻഡ് ചെയ്യുന്നതിൽ അപ്പുറം എന്ത് സോഷ്യൽ സ്റ്റാറ്റസ് ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയും സെക്യൂരിറ്റിയും ഉണ്ടായിട്ട് എന്താടോ കാര്യം?ഞാൻ എപ്പോഴും ഞാൻ ആയിട്ട് അല്ലല്ലോ ജീവിക്കുന്നെ..?

രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മനസ്സിൽ വലിയൊരു തിറ താളം കൊട്ടികൊണ്ടിരുന്നു. അവളുടെ കൈകൾ മുറുക്കെ എന്നെ പിടിച്ചിരുന്നു ആ നിശബ്ദതയിൽ അപ്പോഴും ഒരു ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു "നിനക്ക് നീ ആയി ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ നിന്റെ ജീവിതത്തിന് എന്താണ് അർത്ഥം"!

Mr. Rohith. R, Head, Dept of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്