മലയാളഅക്ഷരമാല, ചില യാതാർത്ഥ്യങ്ങൾ
കേരളത്തിലെ മലയാളപാഠപുസ്തകങ്ങളില്‍ അക്ഷരമാലയില്ല എന്നത് വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നിരിക്കുകയാണല്ലോ. പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തും എന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.ഇടക്കാലത്ത് കേരളത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് അക്ഷരമാല അപ്രത്യക്ഷമായി. അക്ഷരമാലയില്‍ ഭാഷാപഠനം ആരംഭിക്കുന്ന രീതി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.നേരത്തേ 2009 വരെ പ്രൈമറി ക്ലാസുകളിലെ മലയാളപാഠാവലിയിലായിരുന്നു അക്ഷരമാല ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് 2009 ൽ പാഠപുസ്തകപരിഷ്കരണം വന്നതോടെയാണ് അക്ഷരമാല അപ്രത്യക്ഷമായത്. നേരിട്ട് അക്ഷരം പഠിപ്പിക്കുന്നതിനു പകരം പദങ്ങളിലൂടെ അക്ഷരം പരിചയപ്പെടുത്തുന്ന സമീപനമായതിനാൽ ഒന്നാം ക്ലാസിൽ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നില്ല.
അക്ഷരമാല ഒഴിവാക്കിയത് ഉൾപ്പെടെ 2009ലെ പരിഷ്കാരങ്ങൾ അന്നു വിവാദമായി. അതു പരിഹരിക്കാനാണ് 2013ൽ പുസ്തകങ്ങളിൽ ഭേദഗതി വരുത്തിയത്. എന്നാൽ അക്ഷരമാല ഒഴിവാക്കിയ തീരുമാനത്തിൽ അന്നും മാറ്റം വരുത്തിയില്ല. അക്ഷരം പഠിച്ച ശേഷം വാക്കിലേക്കും വാക്കിൽ നിന്നു വാചകത്തിലേക്കും അതിൽ നിന്ന് ആശയത്തിലേക്കുമാണു പണ്ടത്തെ കാലത്തു കുട്ടികൾ പോയിരുന്നത്. എന്നാൽ ലോകമെമ്പാടും പഴയ രീതി മാറി. ഇപ്പോൾ ആശയത്തിൽ നിന്നു വാചകത്തിലേക്കും അതിൽ നിന്നു വാക്കിലേക്കും വാക്കിൽ നിന്ന് അക്ഷരത്തിലേക്കുമാണു പഠനം പുരോഗമിക്കുന്നത്.
ആഗോള തലത്തിൽ പഠന രീതിയിലുണ്ടായ മാറ്റത്തിന് അനുസരിച്ചാണ് ദേശീയ കരിക്കുലവും,സംസ്ഥാന കരിക്കുലവും തയാറാക്കിയത്. ഇതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിലും നടപ്പിലാക്കിയിരിക്കുന്നത് .കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുള്ള, അഭ്യസ്തവിദ്യരിൽപോലും മലയാളം അക്ഷരമാലയെപ്പറ്റി അത്ര ഉറച്ച ധാരണയുണ്ടോ എന്ന് സംശയമാണ്. ‘ന്ത ’ എന്നതൊരക്ഷരമോ? / രണ്ടക്ഷരത്തിന്റെ ചേരുവയോ? ” എന്നു സംശയിക്കുന്ന വിദ്യാർത്ഥികളെ ഡിഗ്രി ക്ലാസ്സുകളിൽ കാണാം എന്നത് മലയാള അക്ഷരമാലയുടെ അവ്യവസ്ഥിതിയിലേക്കു കൂടി വിരൽ ചൂണ്ടുന്നതാണ്.
ഇന്ന് ആശയം, വാക്യം, പദം, അക്ഷരം എന്ന ക്രമം പാലിച്ചുകൊണ്ട് ഭാഷയും അക്ഷരവും ഉറപ്പിക്കാൻ ശ്രമിക്കുന്ന ആശയാവതരണ രീതിയാണ് പ്രൈമറി ക്ലാസ്സുകളിൽ ഉള്ളത് . സമഗ്രതയിൽ നിന്ന് ഭാഗങ്ങളിലേക്ക്, അതായത്, ആശയം വ്യക്തമാക്കുന്ന വാക്യങ്ങളിൽ നിന്ന്, വാക്കുകളിലേക്കും അക്ഷരങ്ങളിലേക്കും സംക്രമിക്കുന്ന ഈ ഭാഷാ ബോധനം ഇന്ന്, നമ്മുടെ പ്രൈമറി തലത്തിലെ ഭാഷാ ക്ലാസുകളെ സർഗാത്മകവും സജീവവുമാക്കി മാറ്റിയിട്ടുണ്ട്.എന്നാൽ, ഇതിന് നേരെ വിപരീത സമീപനമാണ് അക്ഷരാവതരണ രീതിയുടേത്. അക്ഷരമാല ആദ്യം തന്നെ എഴുതി ഉരുവിട്ട് പഠിപ്പിക്കുന്ന സമ്പ്രദായമാണത്. നാം അനുവർത്തിച്ചു വന്ന പരമ്പരാഗത രീതിയും ഇതു തന്നെ. അനുശീലനമാണ് അഥവാ ആവർത്തിച്ചുള്ള കേൾവിയോ വായനയോ ആണ് കുട്ടിയെ പഠിക്കാൻ സഹായിക്കുന്നതെന്ന വ്യവഹാര മനഃശാസ്ത്ര സിദ്ധാന്തത്തേക്കാൾ ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ വളർന്നതോടെ ഭാഷാ പഠനത്തിലും പുതിയ രീതികൾ അവലംബിച്ചതിനാലാണ് അക്ഷരാവതരണ രീതിയുടെ പ്രസക്തി കുറഞ്ഞത്.
ഇന്ന് പ്ലസ് ടു ഫുൾ എ പ്ലസുമായി ഡിഗ്രി പഠനത്തിന് വരുന്ന കുട്ടികൾക്ക് മലയാള അക്ഷരമാല മുഴുവനായും അറിയില്ല എന്നത് അത്ഭുതപെടുത്തുന്നു.
ഭാഷപഠനത്തിൽ അക്ഷരമാലക്കുള്ള പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ചിന്തിക്കേണ്ടുന്ന വിഷയം തന്നെയാണ്. ആശയവും, വാക്യവും പദവും പഠിച്ചു അക്ഷരത്തിലേക്ക് എന്ന രീതിയിലൂടെ പൂർണമായും ഭാഷ പഠിച്ചെടുക്കാം എന്നത് ശെരിയായ ധാരണയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ് ഉൾപ്പെടെ അറബിക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ എല്ലാം ഇന്നും പഠനം അക്ഷരമാല, പദം, വാക്യം എന്നീ രൂപത്തിൽ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
ആശയവിനിമയത്തിനുവേണ്ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ,അക്ഷരമാലയുടെ അറിവില്ലാതെ എഴുത്തും വായനയും പൂർണമാവില്ല.അക്ഷരമാലാക്രമം, അടിസ്ഥാന ലിപികൾ,കൂട്ടക്ഷരലിപികൾ, ഏതൊക്കെ അക്ഷരങ്ങൾ ചേർന്നാണ് കൂട്ടക്ഷരങ്ങളുണ്ടാവുന്നത് തുടങ്ങി അക്ഷരമാലയെ കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലേ മലയാളം തെറ്റുകൂടാതെ കമ്പ്യൂട്ടറിലും, സ്മാർട്ട് ഫോണിലും എല്ലാം ഉപയോഗിക്കാൻ കഴിയൂ.
ങ്ങ, ന്ത ,മ്പ,ഞ്ച തുടങ്ങിയ കൂട്ടക്ഷരങ്ങളെഴുതാൻ അതിന്റെ രേഖീയമായ ക്രമം അറിഞ്ഞിരുന്നാൽമതി.
എന്നാൽ കമ്പ്യൂട്ടറിലെ കീബോർഡിൽ ഈ അക്ഷരങ്ങൾ ടൈപ്പുചെയ്യാൻ ഏതൊക്കെ അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങളാണ് ഇവ എന്ന് അറിയണം.അടിസ്ഥാന അക്ഷരങ്ങൾ ചേർത്താണ് കംപ്യൂട്ടറിൽ കൂട്ടക്ഷരങ്ങളുടെ നിർമിതി.ന് ത എന്നിവ ചേർന്നതാണ് ന്ത എന്നും,മ് പ ചേർന്നതാണ് മ്പ എന്നും,ഞ് ച ചേർന്നാൽ ഞ്ച എന്നും അറിയണം. അതുപോലെ തന്നെ കൂട്ടക്ഷരങ്ങളെയും , ചില്ലക്ഷരങ്ങളെയും കുറിച്ച് ധാരണ ഉണ്ടായിരിക്കണം.ന്ന,യ്യ, ന്റ ഇവയൊക്കെ ഒറ്റ അക്ഷരമാണോ? ശ്ച, ത്മ എന്നതൊക്കെ ഏതൊക്കെ അക്ഷരങ്ങൾ ചേർന്നതാണ് ഇതൊന്നും അറിയാതെ മലയാളം ടൈപ്പിംഗ് സുഗമമാവില്ല.
അക്ഷരമാല ക്രമം അറിയാതെ മലയാള നിഘണ്ടുവിൽ അകാരാദി ക്രമത്തിൽ പദങ്ങൾ തിരയാൻ കഴിയില്ല.ഒരു പദത്തിന് ഒന്നിലേറെ വിധത്തിലുള്ള ലിപിവിന്യാസവും മലയാളത്തിലുണ്ട്. വിദ്യാർത്ഥി-വിദ്യാർഥി-വിദ്യാർത്‌ഥി എന്നിവ ഒരു പദത്തിന്റെ ‘വകഭേദ’ങ്ങളാണെന്നും അക്ഷരതെറ്റല്ലെന്നും തിരിച്ചറിയാൻ അക്ഷര ജ്ഞാനം തന്നെ വേണം.
ലിപിപരിഷ്കരണത്തിന് മുമ്പുള്ള പഴയലിപിയും അതിനു ശേഷമുള്ള പുതിയലിപിയുമായി സങ്കീർണമായ ലിപിവ്യവസ്ഥയാണ് മലയാളത്തിലുള്ളത്.പുതിയ തലമുറക്ക് ലിപി സമ്പ്രദായങ്ങൾ പരിചയമില്ലാതാനും. അതേപോലെ,പദങ്ങൾ ഒന്നിനുപിറകെയൊന്നായി കൂടിച്ചേർന്നുവരുന്ന പ്രകൃതമാണ് മലയാളത്തിനുള്ളത്. പദം പിരിക്കുന്നിടത്ത് അക്ഷരാതിർത്തി തിരിച്ചറിയാനായില്ലെങ്കിൽ ദുരർഥമോ ആശയകുഴപ്പമോ ഉണ്ടാവാം.(മാന്യനായ -മാന്യ നായ )
അക്ഷരമാല അറിയാതെ, പരിചയിക്കാതെ വളർന്നുവരുന്ന ഒരു തലമുറ നേരിടേണ്ടി വരുന്നത് സൈബറിടത്തിലായാലും മാതൃഭാഷയിലായാലും വലിയ വെല്ലുവിളിതന്നെയായിരിക്കും.
കടപ്പാട് :മാതൃഭൂമി ആഴ്ചപതിപ്പ്
Ms. Febina, Asst. Prof. of Malayalam, Al Shifa College of Arts and Science, Kizhattoor.
Comments
Post a Comment