അയലപായസം
“ഇതിപ്പോ ഒന്നും രണ്ടും തവണയല്ല ഞാനിതു കേൾക്കുന്നത്. അങ്ങനെ വിട്ടാൽ പറ്റില്ലാലോ. അവളുടെ വിചാരം അവൾക്കു മാത്രമേ ഇതൊക്കെ അറിയൂ എന്നാണ്.” ഇതെല്ലം അബിയുടെ ആത്മഗതമാണ്.
ഇനി ആരാണ് അബി എന്ന് പറയാം. എന്റെ സുഹൃത്ത്. വളരെ കാലമായുള്ള അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. കക്ഷി കഴിഞ്ഞ ലീവിന് നാട്ടിൽ വന്നു. സുഹറയെയും കെട്ടി രണ്ടു മാസത്തെ ലീവും കഴിഞ്ഞു ഇപ്പോൾ സൗദിയിലാണ് ഉള്ളത്.
പതിവായുള്ള ഒന്ന് വീതം രണ്ടു നേരം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഫോൺ വിളികൾ നടക്കുന്നതിനിടയിൽ സുഹറ ചോദിക്കാറുണ്ട് “ങ്ങള് ചോറ് കയ്ചോ” എന്ന്. ആ ഒരു ചോദ്യം മതി അബിക്ക് ഉമ്മാന്റെ ചോറും അയലക്കറിയും ഓർക്കാൻ. ഹോ അതൊക്കെ ഒരു കാലം. ഈ സംഭാഷണം എന്നും അവസാനിക്കുന്നത് സുഹറയുടെ കളിയാക്കലിലാണ്. “അയല ഏതാ, മത്തി ഏതാ എന്ന് തിരിച്ചറിയാത്ത നിങ്ങൾക്കു ഇതൊക്കെ എങ്ങനെ അറിയാന അല്ലെ.” എന്നുള്ള ചോദ്യം അബി കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി.
ഇവിടെ ആണ് നമ്മുടെ സംഭവങ്ങളുടെ തുടക്കം. എന്ത് വന്നാലും വേണ്ടില ഇന്ന് അയലക്കറി വച്ചിട്ട് തന്നെ കാര്യം. അബി തീരുമാനം എടുത്തു. മാർക്കറ്റിലെത്തി തിരൂരുകാരനായ കോയ്യാക്കാന്റെ ഷോപ്പിൽ നിന്ന് തന്നെ നല്ല പിടയ്ക്കുന്ന ഒരു കിലോ അയല വാങ്ങി റൂമിലെത്തി.
അറിയാവുന്ന രീതിയിൽ തലയും വാലും ഒക്കെ വെട്ടി മീൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വച്ചു. ഇനിയിപ്പോ എവിടുന്നു തുടങ്ങണം. ഒരെത്തും പിടിയും ഇല്ലാലോ. കുക്കറി ചാനലുകളൊന്നും ഇല്ലാത്ത കാലമാണ്. ഇനിയിപ്പോ സുഹറയോട് ചോദിക്കാം എന്ന് വച്ചാൽ അതിനു അഭിമാനം സമ്മതിക്കുന്നുമില്ല.
സണ്ണിച്ചയാൻ ചിക്കൻ കറി വച്ച് കണ്ടു പരിചയം ഉണ്ട്. അതുപോലെ അങ്ങ് വയ്ക്കാം എന്ന് അവസാനം തീരുമാനത്തിലെത്തി. കഷണങ്ങളാക്കിയ അയല എടുത്തു കുക്കറിലിട്ടു. മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പു പിന്നെ അവിടെ കണ്ട ഏതൊക്കെയോ പൊടികളൊക്കെ ഇട്ടു കുറച്ചു വെള്ളവും ഒഴിച്ച് വേവിക്കാൻ വച്ചു. നോൺ വെജ് ആയോണ്ട് നല്ലവണ്ണം വേവിച്ച കഴിക്കാവൂ എന്ന് പണ്ടെങ്ങോ വായിച്ച ഒരോർമയുണ്ട്. അതുകൊണ്ടു തന്നെ ആദ്യത്തെ നാലഞ്ചു വിസിൽ ശ്രദ്ധിക്കണേ പോയില്ല. പിന്നെയും രണ്ടെണ്ണം കൂടി വന്നു. അതിൽ അബി പോയി കുക്കർ ഓഫ് ആക്കി. ഇനിയും വെന്തില്ലേൽ അപ്പോൾ ഒന്നുകൂടി വയ്ക്കാം എന്നും തീരുമാനിച്ചു.
സ്റ്റീം ഒക്കെ പോയി കുക്കർ തുറന്നപ്പോൾ അബി കണ്ട കാര്യത്തെ വർണിക്കാൻ പണ്ടത്തെ ഒരു പരസ്യ വാചകമായ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നതിനേക്കാൾ അനുയോജ്യമായതൊന്നും കിട്ടുന്നില്ല. മാംസമേത മുള്ളേത എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അയലക്കറി അയലപയാസം ആയി മാറി എന്ന് വേണം പറയാൻ. അതിൽ പിന്നെ അബിക്ക് അയല കാണുമ്പോൾ തന്നെ ഒരു പേടിയാണെന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ പറയാറ്.
എന്തായാലും അബിയുടെ പാചക പരീക്ഷണങ്ങൾ ഇതിൽ മാത്രം ഒതുങ്ങി നിൽക്കാതെ വീണ്ടും തുടർന്നു. സുഹറയുടെ മുന്നിൽ പിടിച്ചു നില്ക്കാൻ മാത്രം നല്ലൊരു ഷെഫ് ആയി അബി ഇപ്പോ മാറിയെന്നാണ് പറയപ്പെടുന്നത്.
Ms. Mini. V. K
Asst. Prof. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment