ഭ്രാന്ത്
വളരെ സങ്കടപ്പെട്ട് നിൽക്കുമ്പോഴും കരയാൻ കഴിയാതെ തൊണ്ടയിൽ ഒരു മുള്ളു തറച്ചപോലെ നിന്നിട്ടുണ്ടോ ? എത്ര ശ്രമിച്ചിട്ടും മനസ്സിലെ വിങ്ങലുകൾ പുറത്ത് കാണിക്കാൻ കഴിയാതെ , കണ്ണു നിറയാതെ മുഷ്ടി ചുരുട്ടി അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടോ ? അതേ സമയം സിനിമ കാണുമ്പോഴോ നോവലുകൾ വായിക്കുമ്പോഴോ ഹൃദയത്തിൽ തൊടുന്ന മെലോഡ്രാമാറ്റിക് അയ കഥാ സന്ദർഭങ്ങൾ വരുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകാറുണ്ടോ ? സ്വന്തം മരണമോ അല്ലെങ്കിൽ നഷ്ടപ്പെടരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളോ വ്യക്തികളോ ബന്ധങ്ങളോ ഇല്ലാതാവുന്നത് ആലോചിച്ച് സങ്കടപെടാറുണ്ടോ? ആൾകൂട്ടങ്ങളുടെയും ബഹളങ്ങളുടെയും ഇടയിൽ ചെറിയൊരിരിപ്പിടം കണ്ടെത്തി അവിടെ തന്റെ ലോകം സൃഷ്ടിച്ച് അതിലിരുന്ന് ശാന്തത കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടോ ? കാണുന്നവരോടൊക്കെ ചിരിക്കാനും പരിചയക്കാരോട് അല്പം മസിലു പിടിക്കാറുണ്ടെങ്കിലും അപരിചിതരോട് ആർത്തിയോടെ സംസാരിക്കാനും ശ്രമിക്കാറുണ്ടോ ? ഇഷ്ടമുള്ള റെസ്റ്റോറന്റിൽ ഒറ്റക്ക് ചെന്നിരുന്ന് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്ത് ഒറ്റക്കിരുന്ന് മൂക്കുമുട്ടെ കഴിക്കാറുണ്ടോ ? ( കെ.എസ്.ആർ.ടി.സിയിൽ രാത്രി ബസ്സിൽ , പ്രത്യേകിച്ചും ) സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാനായി പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ഇറങ്ങിത്തിരിക്കാറുണ്ടോ ?
ഒരു മടുപ്പും തോന്നാതെ മണിക്കൂറുകളോളം ഒരേ പാട്ട് തന്നെ ഹെഡ്സെറ്റിൽ കേട്ടു കൊണ്ടിരിക്കാറുണ്ടോ ?
അത്യാവശ്യമായി എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഒരു കാരണമില്ലെങ്കിലും വൈകി മാത്രമാണോ എത്താറുള്ളത് ?
ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യാറുണ്ടെങ്കിൽ , മുകളിൽ പറഞ്ഞ ഏതെങ്കിലും അവസ്ഥകളിലൂടെ കടന്ന് പോകാറുണ്ടെങ്കിൽ നമ്മൾ സമാന സ്വഭാവക്കാരാണ് . ഇനി ഇതെല്ലാം ഒരു മാനസിക വൈകല്യമാണെങ്കിൽ ചികിൽസിച്ച് സുഖപ്പെടുത്താൻ താല്പര്യമില്ലാത്ത ഒത്തിരി മനോരോഗങ്ങൾക്ക് ഉടമയാണ് ( അടിമയല്ല ) ഞാൻ.
Nithin Raj K, Asst.Professor of Economics, Al shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment