നിങ്ങൾ ആണുങ്ങൾക്കൊക്കെ നല്ല സുഖമല്ലേ?
നിങ്ങൾ ആണുങ്ങൾക്കൊക്കെ നല്ല സുഖമല്ലേ?
കേവലം ആറുമാസം പോലും ആയുസ്സ് ഇല്ലാതിരുന്ന ഒരു സൗഹൃദത്തിൽ ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നത് ഈ വാക്കുകളെയാണ്.
വീട്ടിലെ സ്ത്രീ പുരുഷ അനുപാതം വെച്ച് നോക്കിയാൽ ഞങ്ങൾ 1:1 ആണ്. അതായത് അച്ഛമ്മയും അമ്മയും അടക്കം രണ്ട് സ്ത്രീജനങ്ങളും ഞാനും പിന്നെ അച്ഛനും. ഒറ്റ മോനാണ് എന്ന് യാതൊരു പരിഗണനയും തരാത്ത ദുഷ്ടയായ എൻറെ അമ്മ. ഞാൻ ആണോ അച്ഛമ്മ ആണോ വീട്ടിലെ കുട്ടി എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. പലഹാരം മുതൽ ഒരു 50 പൈസ മിട്ടായി വരെ ആദ്യം ലഭിക്കാനുള്ള അവകാശം പുള്ളിക്കാരിയുടെതായിരുന്നു. അതുകൊണ്ട് നാലു പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും കുഞ്ഞുകുട്ടി പുള്ളിക്കാരി തന്നെയാണ്. അത് കൊണ്ട് തന്നെ 90 കഴിഞ്ഞ കുഞ്ഞാവയും ഞാനും കൂട്ടായി പോകുന്നതും.
അപ്പൊ പറഞ്ഞു വന്നത് പുരുഷനാണ് എന്നതിന്റെ സോകോൾഡ് യാതൊരു പരിഗണനയും ലഭിക്കാത്ത രണ്ട് മനുഷ്യാത്മാക്കളായിരുന്നു ഞാനും എൻറെ അച്ഛനും. എല്ലാ പണിയും എല്ലാവർക്കും ചെയ്യാം ഒന്നിച്ച് അങ്ങട് ചെയ്യാം എന്നുള്ള മനോഭാവം ഉള്ളവർ ആയത് കൊണ്ടോ എന്തോ വീട്ടുജോലി സ്ത്രീകളുടെ കുത്തക എന്ന ഭാവം വീട്ടിൽ ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഒക്കെ കണ്ണെത്താ ദൂരത്തോളം നെല്ല് ഉണക്കാൻ വേണ്ടി ചാണകം മെഴുകി വൃത്തിയാക്കിയ മുറ്റം ഒന്നിച്ച് അടിച്ചുവാരുന്ന അച്ഛനും അമ്മയും അത് കൊരി എടുത്ത് തീ വെക്കുന്ന അച്ചമ്മയെയും കണ്ട് കൊണ്ടായിരുന്നു പലപ്പോഴും എൻ്റെ രാവിലെ ആരംഭിച്ചിരുന്നത്. ഞാൻ അടിച്ച് വാരം നീ തുടച്ചോ എന്ന് പറഞ്ഞ് ചൂൽ കൊണ്ട് വരുന്ന അച്ഛൻ അയിരുന്നു എൻ്റെ ഹീറോ. അത് കൊണ്ട് തന്നെ തുണി അലക്കൽ അടുക്കള ഭരണം ഇതൊക്കെ സ്ത്രീകളുടെ ആണ് പുരുഷൻ ഭയങ്കര സ്വാതന്ത്ര്യം അനുഭവിക്കുന്ന വിഭാഗമാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള വീടുകൾ ഉണ്ടായേക്കാം പക്ഷേ ഞാൻ കണ്ടതും അറിഞ്ഞതും എല്ലാം എല്ലാവർക്കും ചെയ്യാം. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് അവരുടേതായ സ്പേസ് ഉണ്ട് എന്നു പറയാതെ പ്രവർത്തിയിലൂടെ പഠിപ്പിച്ച മൂന്ന് പേരുടെ കൂടെയാണ്. അത് കൊണ്ട് തന്നെ ആണുങ്ങൾക്ക് ഭയങ്കര ഫ്രീഡം ആണ് എന്നൊക്കെ പറയുന്നവരോട് ഫ്രീഡം അവനവൻ്റെ തന്നെയാണ് അത് മറ്റുള്ളവൻ്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ആണ് അത് ഇല്ല എന്ന തോന്നൽ വരുന്നത്.
Mr. Rohith. R, Head, Dept of Commerce, Al Shifa College of Arts and Science, Kizhattoor Perinthalmanna
Comments
Post a Comment