എന്റെ 'സുഹറയും മജീദും '

വായിച്ചതിൽ മനസ്സിനെ ഏറ്റവും മുറിവേൽപ്പിച്ച ഒന്നായിരുന്നു ബഷീറിന്റെ ബാല്യകാലസഖി. എത്ര തവണ വായിച്ചു എന്ന് അറിയില്ല.. അല്ല വായിച്ചു കരഞ്ഞെന്ന് വേണം പറയാൻ. ഓരോ തവണ വായിക്കുമ്പോഴും മനസ്സിനെ മുറിവേൽപ്പിക്കാൻ തക്ക സങ്കടം അതിൽ ഉണ്ടായിരുന്നുവല്ലോ..

മുസ്ലിം സമുദായത്തിലെ രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് മജീദും സുഹറയും. അയൽക്കാർ.. അവരുടെ ബാല്യകാലത്ത്‌ നടന്നിട്ടുള്ള  നർമ്മങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടുതന്നെ  വായിച്ചു രസിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

സ്നേഹത്തോടെ അവൾക്കുനേരെ നീട്ടിയ മാമ്പഴവും സൂത്രം പ്രയോഗിച്ചു കൊണ്ടുള്ള നഖം മുറിക്കലും  ' ഇമ്മിണി ബല്യ ഒന്ന് 'എന്ന കുസൃതിയോടെയുള്ള കളിയാക്കലും സ്നേഹ രൂപത്തിലുള്ള 'രാജകുമാരി' എന്ന വിളിയും സുന്നത്ത് കല്യാണവും കാതുകുത്തലും പിന്നെ ഇതൊക്കെ ചേർന്ന ഒച്ചപ്പാടും ബഹളങ്ങളുമായിരുന്നു, കഥയിലെ ജീവനുള്ള ഭാഗങ്ങൾ.

മജീദിനെ വീട്ടിൽ നിന്ന് പുറത്താക്കിയത്തോടെ ആ കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് പിന്നീട് കാണുന്നത്. പിന്നീടങ്ങോട്ട്  കാലത്തിന്റെ കനിവില്ലാത്ത  പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ  ഒഴുകി നടക്കുകയായിരുന്നു നോവലിലെ കഥാപാത്രങ്ങൾ, സങ്കടങ്ങൾക്ക് ഒരു അവസാനമില്ലാതെ.

 സുഹറയുടെ മരണവാർത്ത അറിഞ്ഞ് മജീദ് തരിച്ചിരുന്ന പോലെ ഓരോ തവണ  വായന കഴിയുമ്പോഴും ഞാനും തരിച്ചിരിക്കാറുണ്ട്..സത്യത്തിൽ ആരായിരുന്നു ബാല്യകാലസഖിയിലെ വില്ലന്മാർ? ദാരിദ്ര്യമാണോ? വിധിയാണോ? അതോ ജീവിതം തന്നെയാണോ..?

" എന്തായിരുന്നു അന്ന് ഒടുവിലായി സുഹറ പറയാൻ തുടങ്ങിയത്???" മനസ്സിനെ വല്ലാതെ വേട്ടയാടിയ  വാക്കുകൾ..

 ബേപ്പൂർ സുൽത്താന്റെ ഒട്ടുമിക്ക കൃതികളും വായിച്ചിട്ടുണ്ടെങ്കിലും ഈയൊരൊറ്റ കൃതിയിലൂടെ ഞാൻ അദ്ദേഹത്തിന്റെ ആരാധികയായി മാറുകയായിരുന്നു..

 കൈവിട്ടുപോയ ജീവിതം തിരികെ പിടിക്കാൻ  കഴിയാതെ നിസ്സഹായനായി നിൽക്കേണ്ടി വന്ന മജീദ് വല്ലാതെ ഹൃദയത്തിൽ രക്തം പൊടിച്ചു.

Safoora

Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം