ചില മനുഷ്യർ

ചില ജീവിതങ്ങൾ ഉണ്ട് ഭൂമിയിൽ..! എന്നും ദുഃഖങ്ങൾ അനുഭവിക്കാൻ വേണ്ടി മാത്രം ജൻമംകൊണ്ടവർ. ഇടക്കു മാത്രം വന്നു ചേരുന്ന വലിയ സന്തോഷങ്ങൾ പോലും ഒരു വിഷമത്തിന്റെ അകമ്പടിയോടെ അല്ലാതെ അതനുഭവിക്കാൻ പറ്റാത്തവരെ ജൻമദോഷം, കാലദോഷം, വിധി എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നവർ.

ഉള്ളിലൊരു ദുഃഖസാഗരം അലയടിക്കുമ്പോഴും ആരുടെ ഒക്കെയോ സന്തോഷത്തിനു വേണ്ടി ചുണ്ടിൽ ഒട്ടിച്ചു വെച്ച പുഞ്ചിരിയും സ്നേഹത്തോടെയുള്ള വാക്കുകളും എന്നും കൂടെ കൊണ്ട് നടക്കുന്നവർ. തന്റെ ഉള്ളിലുള്ള വിഷമങ്ങളും സങ്കടങ്ങളും ഒരിക്കലും മറ്റുള്ളവർ അറിയാതിരിക്കാൻ ഉള്ളിലുള്ള ദുഃഖത്തിന്റെ വേലിയേറ്റം മറച്ചു പിടിച്ചു ചെറിയ കാര്യത്തിനു പോലും പൊട്ടിച്ചിരിക്കുന്നവർ.

ആശകളും സ്വപ്നങ്ങളും ഏറെ ഉണ്ടെങ്കിലും അതെല്ലാം അടക്കിപ്പിടിച്ചു സ്വയം ആരെന്നുള്ള തിരിച്ചറിവുകൊണ്ട് അതെല്ലാം മനസ്സിനുള്ളിൽ മണ്ണിട്ടു മൂടി ജീവിക്കുന്നവർ. ഒരു പാട് സ്നേഹിച്ചവരുടെ പെട്ടെന്നുള്ള അവഗണനയിലും ആട്ടിയകറ്റലിലും ഉരുകി നീറുമ്പോഴും അവരോട് ഒരു പരിഭവവും കാണിക്കാതെ ഒഴിഞ്ഞുമാറി കൊടുക്കുന്നവർ.

ആൾക്കൂട്ടത്തിൽ നിന്നു പാഞ്ഞു വരുന്ന കൂർത്ത പരിഹാസശരങ്ങൾ പോലും ഒരു മാലയായണിഞ്ഞ് തിരിഞ്ഞു നിന്ന് പുറം കൈകൊണ്ട് മിഴിനീർ തട്ടി കളഞ്ഞ് നടന്നകലുന്നവർ.

ഇവർ എല്ലായ്പോഴും മറ്റുള്ളവർ കാണാൻ മാത്രം സ്വയം സന്തോഷങ്ങൾ തീർത്തു കൊണ്ടിരിക്കും. ഇവരെ ഒന്നും കണ്ണുകൊണ്ട് മാത്രം തിരിച്ചറിയാനും പറ്റില്ല. മനസ്സുകൊണ്ട് കൂടി അടുത്തറിഞ്ഞു നോക്കണം. അവരെ മനസ്സുകൊണ്ട് കാണണം, കേൾക്കണം, ചേർത്തുപിടിക്കണം.അങ്ങനെ ആയാൽ അവരായിരിക്കും എന്നും നിങ്ങൾക്കേറെ പ്രിയപ്പെട്ടവർ .

അവരെ എപ്പോഴെങ്കിലും ആർക്കെങ്കിലും ഒന്നു പൊട്ടിക്കരയിപ്പിക്കാൻ കഴിഞ്ഞാൽ അതായിരിക്കും അവർക്കു വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം.കാർമേഘം മൂടിയ ആകാശം ഒന്നു പെയ്തൊഴിഞ്ഞു ശാന്തമായതു പോലെ, അവരൊന്നു ചിരിച്ചാൽ അതായിരിക്കും ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും നല്ല ചിരി.....

Nithin Raj K., Asst.Professor of Economics,

Al Shifa College of Arts and Science, Perinthalmanna.

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices