മറ്റുള്ളവർ എന്തു വിചാരിക്കും ??
'മറ്റുള്ളവർ എന്തു വിചാരിക്കും ' എന്നൊരു ചോദ്യചിഹ്നത്തിലാണ് നമ്മളിൽ പലരുടെയും ആഗ്രഹങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും ആത്മഹത്യ ചെയ്യുന്നത്..ദിവസവും മിനിമം രണ്ട് തവണയെങ്കിലും നമ്മളിൽ പലരും ഇങ്ങനെ ചിന്തിക്കാറുണ്ടാവും.
പലരും നേരിടുന്ന പ്രശ്നമാണ് ഏതുകാര്യത്തിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത. സമൂഹത്തിന്റെ കണ്ണ് തന്റെ മേലുണ്ടെന്ന ചിന്ത അമിതമായാൽ, അത് പല മാനസിക പ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റുള്ളവർ എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ ഒരു കുറ്റവും പറയരുതെന്നുള്ള നിർബന്ധ ബുദ്ധി ഒട്ടും തന്നെ പ്രായോഗികമല്ല.സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ നമ്മുടെ പല ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടി വരും.
നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പുറകിൽ എന്തെല്ലാം സംഭവിക്കുന്നുണ്ടെന്നു വാസ്തവത്തിൽ നമ്മൾ അറിയാറുണ്ടോ ? അതോ അത് നമ്മൾ സങ്കല്പിക്കുന്നത് മാത്രമാണോ? ആണെങ്കിൽ…അങ്ങിനെ സങ്കൽപ്പിക്കുന്നത് നിർത്തണ്ടേ.? ആരെങ്കിലും നമ്മളെളെപ്പറ്റി എന്തെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്; നമ്മുടെടേതല്ല. അവരുടെ ചിന്തകൾ അവരുടെ പ്രശ്നം മാത്രമാണ്; അവർക്കു വേണ്ടത് അവർ ചിന്തിച്ചോട്ടെ.
പലപ്പോഴും സമൂഹത്തിന്റെ ചോദ്യങ്ങളും നിലപാടുകളും അങ്ങനെയാണ്. അവരുടെ പരിമിതമായ അറിവുവെച്ചാണ് അവർ കാര്യങ്ങളെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ അത് ശരിയാകണമെന്നില്ല. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊരു തോന്നലാണ് പല സന്ദർഭങ്ങളിലും നമ്മൾ തോറ്റു പോകുന്നതിന്റെ പ്രധാന കാരണം.
അതിനാൽ അപരന്റെ വാക്കുകളേക്കാൾ നമ്മുടെ ബോധ്യത്തിനും ലക്ഷ്യത്തിനും താത്പര്യത്തിനും അനുസരിച്ച് തീരുമാനങ്ങളെടുക്കുക. മറ്റുള്ളവർ നമ്മളെക്കുറിച്ചു എന്തു വിചാരിക്കും എന്ന് ചിന്തിക്കാതെ ജീവിക്കാനായാൽ അതുതന്നെയാവും ഏറ്റവും മനോഹരമായ ജീവിതം.
Ms. Febeena. K, Asst. Prof of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment