പെണ്ണ്
അവർക്കു അതൊരു അത്ഭുതമായിരുന്നു എന്നും
ഞൊടിയിടകൊണ്ട് വാനിൽ വർണജാലം തീർക്കുന്നവൾ
പ്രകൃതിയുടെ ഘടികാര നിമിഷസൂചിയിലനക്കങ്ങൾ
തനിയാവർത്തിക്കുന്നതിനുമുമ്പ് മരണം വരിക്കുന്നവൾ
അവൾ ഒരു പാവം മഴവില്ല്.
പ്രപഞ്ചത്തിലെ ഏതോ മഹാനായ ചിത്രകാരൻ
മാനത്തു തട്ടിയ ചായത്തിൽ നിന്നും പുനർജനി കൊണ്ടവൾ
രണ്ടു പിഞ്ചു പൈതലുകൾ, അപ്പോഴും അവർക്കു
നിസ്സംഗരായി നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളു .
മരണത്തിൻറെ കാണാ കയങ്ങളിലേക്കു മറിഞ്ഞുപോകുമ്പോഴും
ആ ആകാശദേവത എന്ന് വരുമെന്ന് അവർക്കു അറിയണമായിരുന്നു.
മുത്തശ്ശിക്കഥകളിലെ യക്ഷിയും രക്ഷസ്സും പോലെ
ഒരു ശൃംഖലയിലെ അവസാന കണ്ണിയാണോ അവൾ ?
അറിയില്ല, പക്ഷെ അനുമാനിക്കുവാൻ ചിലതുണ്ട്.
വാനിൽ വർണ കിരീടമാകുന്ന അവൾക്കുമുണ്ട് ചില കഥകൾ പറയാൻ
പ്രണയിച്ചു തീരാത്ത ആത്മാവുപോലെ അലയാൻ
അവൾക്കുമുണ്ട് പല കാരണങ്ങൾ
നഷ്ട സ്വപ്നത്തിൻറെ തീച്ചൂളയിൽ നിന്നും
രാകി മിനുക്കിയവളാണവളീ വർത്തമാനത്തിൽ
പലരും പറയുന്നതുപോലെ അവൾ
മഴവില്ലു വെറുമൊരു പെണ്ണ്
കൗമാരത്തിൻ അന്ത്യത്തിലെപ്പോഴോ
ചില കാമപ്രാന്തന്മാർ പിച്ചിച്ചീന്തിയവൾ
പൈതലുകളെ നിങ്ങളോടെങ്ങിനെ അവൾ
ഈ അഴുക്കുപിടിച്ച ഭൂതകാലത്തെപ്പറ്റി മനം തുറക്കും?
ഇപ്പോൾ അവൾ മുകിലിൻ മടിത്തട്ടിലെങ്ങോ
മയങ്ങുകയാണ്, മയങ്ങട്ടെ തെല്ലിടവേളയെങ്കിലും
കുട്ടികൾ പാവങ്ങൾ അലയുകയാണ്
ഒരു മാത്രയെങ്കിലും അവളുമായുള്ള സംഗമത്തിനായ്
ഒരു തുലാമാസത്തിലെ ഉച്ചയിലെപ്പോഴോ അവർ കണ്ടു
വീണ്ടും കണ്ടു , വീണ്ടും വീണ്ടും കണ്ടു.
ഒരു മാരിതൻ ആദ്യ അന്ത്യാ വേളകളിൽ
അവളെ കൺ നിറയെ കാണാവൂ
അത് വെറുമൊരു മഴമാത്രമാണോ ?
ഒരിക്കലുംഅങ്ങിനെയാവാൻ വഴിയില്ല
മഴ അത് മഴവില്ലിൻ കണ്ണുനീർതുള്ളിയാണ്
എവിടെ അവളിൽ മൗനം ?
അവളിൽ സദാ അലയടിച്ചുകൊണ്ടിരിക്കുന്ന
തീക്ഷണഭാവങ്ങളുണ്ട്
പ്രണയം... വിരഹം... കാത്തിരിപ്പ്...
ഇടിയാകുന്ന അവളുടെ അലമുറകൾ
പ്രകൃതിയിലങ്ങോളമിങ്ങോളം മാറ്റൊലികൊള്ളുന്നു
മിന്നലാകുന്ന അവളുടെ ശാപവാക്കുകൾ
പ്രപഞ്ചത്തിലെ എല്ലാം കരിച്ചീടുന്നു
അവസാനം പാവം ഒരു പെണ്ണാകുന്ന മഴവില്ലു
തളർന്നു മയങ്ങി ഒരു നേർത്ത സംഗീതമായി
ഭൂമിദേവിതൻ മടിത്തട്ടിലേക്ക് പെയ്തിറങ്ങുന്നു
വീണ്ടും പുതുനാമ്പുകളെ വിരിയിച്ചീടാൻ
അമ്മതൻ മുറിവുണക്കിടാൻ
അവളാണ് പെണ്ണ് വെറുമൊരു പെണ്ണ്
ഒരിക്കൽ ശാപവാക്കുകളാൽ എല്ലാം നശിപ്പിച്ചു
വീണ്ടും പുനർജനിപ്പിക്കാനായ് സ്വയം ഉരുകീടുന്നവൾ
നിഗൂഢതയുടെ വർണചാർത്താണിവൾ
അവർ കുട്ടികൾ യാത്ര തുടർന്നു അവരുടെയാ
അത്ഭുതക്കാഴ്ചയെ ഒന്ന് കാണുവാൻ അടുത്തറിയാൻ
Ms. Mini. V. K, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment