റാം C/O ആനന്ദി


 "ചെന്നൈ ഉങ്കളേ അൻപുടൽ വരവേർക്കിറത്" 

സിനിമ മോഹവും നോവൽ എഴുതാനുള്ള അനുഭവങ്ങളും ലക്ഷ്യമാക്കി ചെന്നൈ നഗരത്തിൽ എത്തിപ്പെടുന്ന ആലപ്പുഴക്കാരൻ ആയ ശ്രീറാം. റാമിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കുറെ ജീവിതങ്ങൾ. കൂട്ടുകാരായ വേട്രി, രേഷ്മ, കോളേജ് റിസപ്ഷനിസ്റ്റ് ആനന്ദി, പിന്നെ ഇവരുടെയെല്ലാം പാട്ടി. എന്തിന് ഒന്നോ രണ്ടോ അധ്യായത്തിൽ മാത്രം വന്നു പോകുന്ന വൃദ്ധ ദമ്പതികൾ പോലും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. വായനയുടെ തുടക്കം മുതൽ നമ്മളെ അലട്ടുന്നത് ആനന്ദിയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയാണ്. അതാണ് നമ്മളെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം മറികടന്നുകൊണ്ട് മറ്റുള്ള കഥാപാത്രങ്ങളെക്കാൾ എനിക്കുള്ളിൽ സ്ഥാനം പിടിച്ച കഥാപാത്രമായിരുന്നു മല്ലി. സമൂഹത്തിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തി നേരിടുന്ന കൊടിയ അവഗണനകളും പീഡനങ്ങളും ലോകത്തിൻറെ ഏത് കോണിലും പ്രകടമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ സാധാരണ മനുഷ്യരെപ്പോലെ അവരെയും കണ്ട് ചേർത്ത് നിർത്തുന്ന ആളുകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ.. റാമിനോട് ഏറ്റവുമധികം സ്നേഹവും ബഹുമാനവും തോന്നിയ നിമിഷമായിരുന്നു അത്. അപ്പോഴും മല്ലി മാത്രം ഉണങ്ങാത്ത ഒരു മുറിവ് പോലെ നീറുന്നുണ്ട്.

റാമിനേയും ആനന്ദിയെയും കുറിച്ച് പറയുകയാണെങ്കിൽ അപൂർവമായ അപൂർണ്ണമായ വിശുദ്ധമായ പ്രണയം. പുറംചട്ടയിൽ അവർക്ക് നൽകിയ രൂപങ്ങൾ ധരിച്ചുകൊണ്ട് മനസ്സിൽ നിറഞ്ഞാടുകയായിരുന്നു എല്ലാവരും. ചുരുക്കത്തിൽ സ്നേഹത്തിൻ്റെ കരുതലിന്റെ പല ഭാവങ്ങളാണ് ഇതിൽ ഉടനീളം. പങ്കാളി നഷ്ടപ്പെട്ടിട്ടും വിശുദ്ധിയോടെ പാട്ടി തൻ്റെ സ്നേഹം കാത്തുസൂക്ഷിക്കുമ്പോൾ മറുവശത്ത് അവർ മക്കളോളം പലരെയും സ്നേഹിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ രേഷ്മയുടെ കൈകളിൽ ചേർത്ത് പിടിച്ചുനിർത്തുന്ന വെട്രി എന്ന സഹോദരൻ എന്നും ഒരു ധൈര്യമാണ്. വാക്കുകളില്ലാതെ പലപ്പോഴും കണ്ണുകൾ കൊണ്ട് സംസാരിച്ചപ്പോൾ റാമിനും ആനന്ദിക്കും ഇടയിൽ ഉടലെടുത്തത് അപൂർവമായ ഒരു പ്രണയബന്ധമായിരുന്നു.

വലിയ സാഹിത്യമൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ലളിതമായ ഭാഷയിൽ പറഞ്ഞാലും വായനക്കാരന് അത് ഉൾക്കൊള്ളാനും അത് അനുഭവിച്ചറിയാനും കഴിയുമ്പോഴാണ് അത് നല്ല ഒരു കലാസൃഷ്ടി ആകുന്നത്. ആമുഖത്തിൽ കഥാകാരൻ തന്നെ പറയുന്നുണ്ട് "എഴുത്തുകാരൻ എന്നതിനേക്കാൾ എനിക്ക് യോജിക്കുക കഥപറച്ചിലുകാരൻ എന്ന പേരായിരിക്കും". വായിച്ചു തുടങ്ങുമ്പോൾ അത് ശരിയാണെന്ന് നമുക്ക് തോന്നും.

ശ്രീറാമിൻ്റെ ജീവിതത്തിലൂടെ ആനന്ദിയുടെയും മല്ലിയുടെയും വെട്രിയുടെയും രേഷ്മയുടെയും പട്ടിയുടെയും എല്ലാം കഥകളുമായി ഏതൊരു വായനക്കാരനെയും ആ നഗരക്കാഴ്ചയിൽ തളച്ചിടും. ചിലപ്പോൾ മനസ്സിനെ മുറിപ്പെടുത്തി വേദനിപ്പിക്കും... പ്രണയത്തിൻറെ നോട്ടങ്ങൾ വസന്തം വിരിയിക്കും... ജീവിത ചിത്രങ്ങളിലൂടെ ഭയപ്പെടുത്തും... ചേർത്തുപിടിക്കും... ഓർമ്മകളുടെ വെള്ളക്കെട്ടിലേക്ക് വായനക്കാരനെ തള്ളിയിടും... വായന അവസാനിക്കുന്നിടത്ത് നിങ്ങൾ സ്വയം റാമോ ആനന്ദിയോ ആയി മാറും..!

Mr Nithin Raj K, Asst.Professor of Economics Al Shifa College of Arts and Science, Perinthalmanna.

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം