ന്നാ താൻ കേസ് കൊട്
പെരിന്തൽമണ്ണ വിസ്മയ തീയേറ്ററിന്റെ അടുത്തുതന്നെ താമസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല കഴിഞ്ഞ 5 വർഷത്തിനിടയ്ക്കു ഒരൊറ്റ തവണയാണ് ഞാൻ തീയേറ്ററിൽ പോയി ഫിലിം കണ്ടിട്ടുള്ളത്. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതാണ് സത്യം. ലോക്ഡോൺ, ഓ ടി ടി റിലീസ് ഇതൊക്കെ ഒരു കരണമായിരിക്കെ ഫോണിൽ ഫിലിം കാണുന്നതും വളരെ അധികം കുറഞ്ഞിരിക്കുന്നു. ഒരു ഫിലിം ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കുക എന്നത് ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ബാലീ കേറാ മല എന്നൊക്കെ വേണം പറയാൻ. ഇങ്ങനെ ഒക്കെ ഉള്ള ഞാൻ എങ്ങനെ ഒരു ഫിലിം റിവ്യൂ എഴുതാൻ തുടങ്ങി എന്ന് ചോദിച്ചാൽ...... ചിലതൊക്കെ എഴുതിയാലേ അതിന്റെ പൂർണത കിട്ടു എന്നൊരു വിശ്വാസം എനിക്കുണ്ട്. ചില അനുഭവങ്ങളെ ഞാൻ അതിന്റെ പൂർണതോതിൽ അനുഭവിക്കുന്നത് എഴുത്തിലൂടെ ആണ്.
ഇനി നമുക്ക് വിഷയത്തിലേക്കു വരാം. ഒരുമാതിരി എല്ലാ ഫിലിമും കാണാറുള്ള വിജുവേട്ടൻ നല്ലതെന്നു തോന്നുന്നതൊക്കെ എനിക്ക് റെക്കമെന്റ് ചെയ്യാറുണ്ട്. അതിൽ ഒന്നായിരുന്നു ‘ന്ന താൻ കേസ് കൊട്, എന്നുള്ള ചിത്രം. കണ്ടു തുടങ്ങിയ ആദ്യത്തിൽ വല്യ താല്പര്യം ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് അങ്ങോട്ട് ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു എന്ന് വേണം പറയാൻ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ , സംവിധാനം എന്നിവ നിർവഹിച്ച ഈ ചിത്രത്തിൽ കാസർഗോഡ് ജില്ലയുടെ പശ്ചാത്തലത്തിൽ ഒരു കേസും അതിനോട് അനുബന്ധമായി പല കാര്യങ്ങളും ചർച്ചചെയ്യപ്പെടുന്നു. കുഞ്ചാക്കോ ബോബൻ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി ഇതിൽ ജീവിക്കുകയാണ് എന്ന് വേണം പറയാൻ.
വളരെ സാധാരണക്കാരൻറെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനെ തുടർന്ന് അയാൾ നടത്തുന്നെ നിയമപോരാട്ടങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. പ്രേക്ഷകരെ പിടിച്ചു ഇരുത്താനുള്ള എല്ലാ കാഴ്ചകളും ഒരുക്കാൻ സംവിധായകൻ വളരെ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചും അതിലൂടെ ചിന്തിപ്പിച്ചും കാര്യഗൗരവമുള്ള ഒരു വിഷയത്തെ വളരെ ശ്രദ്ധാപൂർവം അവതരിപ്പിക്കുന്നതിൽ സംവിധായകനും അണിയറപ്രവർത്തകരും വിജയിച്ചു എന്ന് വേണം പറയാൻ.
തൻറെ ഭൂതകാലത്തിൽ ചെറിയ മോഷണങ്ങളുമായി ജീവിച്ച കൊഴുമ്മൽ രാജീവൻ കഥ നടക്കുന്ന സമയത്തു മോഷണമൊക്കെ ഉപേക്ഷിച്ചു ദേവിയോടൊത്തു ജീവിതം തുടങ്ങിയതേ ഉള്ളു. അങ്ങനെയിരിക്കെ രാജീവന്റെ ജീവിതത്തിൽ ഒരു രാത്രി സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ: സ്ഥലം എം ൽ എയുടെ വീട്ടിലെ
മോഷണശ്രമം , റോഡിലെ കുഴി, നായയുടെ കടി തുടങ്ങിയവ വളരെ നർമ്മഭാവത്തിൽ പ്രേക്ഷകരിലേക്ക് ചിന്തയുടെ വെളിച്ചം വീശുന്നു. തൻറെ നിസ്സഹായതയെ എത്ര ലാഘവത്തോടെ ആണ് രാജീവൻ തരണം ചെയ്യുന്നതെന്ന് നമുക്കു ചിത്രത്തിൽ കാണാം.
കാസർഗോഡ്
ഭാഷയോട് ഒരു പ്രത്യേക ഇഷ്ടമുള്ള എനിക്കും, ഏതൊരാൾക്കും നന്നായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് സംഭാഷണങ്ങൾ പോകുന്നത്. ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രി ശങ്കർ, സ്ക്രീൻ സ്പേസ് കുറവാണെങ്കിലും കുറിക്കു കൊള്ളുന്ന ചില ഡയലോഗിലൂടെ പ്രേക്ഷക ഹൃദയത്തിൽ കേറി എന്നുവേണം പറയാൻ.
ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം സാധരണ മമ്മൂട്ടി ,മോഹൻലാൽ, സുരേഷ്ഗോപി സിനിമകളിലെ വാഗ്വാദങ്ങൾ നിറഞ്ഞ കോടതിമുറി കണ്ടു ശീലിച്ച മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് തികച്ചും വ്യത്യസ്തമായി വളരെ സാധരണ ഗതിയിലുള്ള ഒരു കോടതിമുറിയും കേസുവിസ്താരങ്ങളുംകാണിക്കാനുള്ള ചങ്കൂറ്റം സംവിധായകൻ കാണിച്ചു എന്നതാണ്. അതിൽ തന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രം മജിസ്ട്രേറ്റിന്റേതാണ് . പി. പി. കുഞ്ഞികൃഷ്ണൻ എന്ന പുതുമുഖ നടൻ അതുല്യമായ പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവച്ചിരിക്കുന്നത്. തൻറെ ജോലിയോടുള്ള ഗൗരവം നിലനിർത്തിക്കൊണ്ടുതന്നെ ഓരോ സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ സംഭാഷങ്ങൾ, നോട്ടങ്ങൾ, പ്രാവിനെ നോക്കിയുള്ള ഭാവങ്ങൾ എല്ലാം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ്.
വക്കീലന്മാർ, ഓട്ടോ ഡ്രൈവർ, മന്ത്രി, എം ൽ എ , പ്രധാന പോലീസ് ഓഫീസർസ് എല്ലാം അവരുടെ പ്രകടനം കൊണ്ട് ഈ ചിത്രത്തെ മികച്ചതാകുന്നു. നമുക്കു അപരിചിതങ്ങളായ പല മുഖങ്ങളും സിനിമ കണ്ടതിനു ശേഷം സുപരിചിതമായി മാറുന്നു എന്നതാണ് പ്രത്യകത. സി സി ടി വി യിൽ മാത്രം കാണുന്ന എം ൽ എ യുടെ വീട്ടിലെ പട്ടികുട്ടികളുടെ പേരുപോലും പ്രേക്ഷകന്റെ മനസ്സിൽ സിനിമയ്ക്ക് ശേഷവും പതിഞ്ഞിരിക്കുന്നു എന്നിടത്താണ് സംവിധായകന്റെ വിജയം.
ഒരു കേസിന്റെ
മൂലകാരണത്തെ പ്രതിപാദിക്കുന്നു എന്നതിലുപരി ഒരു സിസ്റ്റത്തെ ആണ് ഇതിൽ വരച്ചു കാണിച്ചിരിക്കുന്നത്. ആ സിസ്റ്റത്തിലേക്ക് നമുക്കു ഏതൊരു രാഷ്ട്രീയ പാർട്ടിയെയും കൊണ്ടുവരാം എന്നതാണ് ഇന്നത്തെ സത്യം. കൈക്കരുത്തും അഹങ്കാരവും കൊണ്ട് മാത്രം ന്നാ താൻ പോയി കേസ് കൊട് എന്ന് പറഞ്ഞാൽ , കേസ് കൊടുക്കുന്ന ഒരു കാലവും വരും എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.
Ms. Mini. V. K, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment