മൃതസഞ്ജീവനി
വരൂ.. ഞാനൊരു കഥ പറഞ്ഞുതരാം..
പണ്ടു പണ്ട് ദ്രുക്യുൽ എന്നൊരു രാജ്യമുണ്ടായിരുന്നു.അവിടത്തെ രാജാവായിരുന്നു ജിഗ്മെ. അദ്ദേഹം പ്രജാവത്സലനും അദ്ദേഹത്തിന്റെ പൂർവ്വികരെപ്പോലെ ദീർഘദർശിയുമായ ഒരു ഭരണാധികാരിയുമായിരുന്നു.ദ്രുക്യുലിന് പല പ്രത്യേകതകളും ഉണ്ടായിരുന്നു.
അതിലൊന്നായിരുന്നു പുകയിലയുടെ അഭാവം..പുകയിലയുടെ ഉല്പാദനവും വില്പനയും പരിപൂർണമായി നിരോധിച്ചിരുന്നു അവിടെ..
പ്രകൃതിസംരക്ഷണം ആ രാജ്യത്തിന്റെ ഭരണഘടനയിൽ ഒരവിഭാജ്യഘടകമായി എഴുതിച്ചേർക്കപ്പെട്ടിരുന്നു.ഭൂമിയെയും മരങ്ങളെയും ആരാധിച്ചിരുന്ന ജനതയായിരുന്നതിനാൽ അതിൽ രാജ്യത്തെ അറുപതു ശതമാനം ഭൂപ്രകൃതിയും വനമായി നിലനിൽക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.കറുത്ത കഴുത്തുള്ള ഒരിനം കൊക്കിനെ അവർ വളരെ പാവനവും പവിത്രവുമായി കരുതിയിരുന്നു.അതിനെ കൊല്ലുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു.
ജിഗ്മെയുടെ നല്ലപാതി ആയിരുന്നു ജെറ്റ്സുൻ രാജ്ഞി.പ്രകൃതിയെ ആരാധിച്ചിരുന്ന തന്റെ രാജ്യത്തിന്റെ സംസ്കാരത്തിൽ ഒരുപാട് അഭിമാനമുള്ളൊരു സ്ത്രീരത്നമായിരുന്നു അവൾ. അങ്ങനെയിരിക്കെ, രാജാവിനും രാജ്ഞിക്കും ഒരുണ്ണി പിറന്നു.അവരവന് വാങ്ചുക് എന്ന് പേരിട്ടു.തങ്ങളുടെ പുതിയ അവകാശിയുടെ ജനനം രാജ്യം മുഴുവൻ ഉത്സവം പോലെ കൊണ്ടാടി..
രാജകുമാരന്റെ ജനനം എങ്ങനെ ആഘോഷിക്കണമെന്ന് പ്രകൃതിയുടെ മനോഹാരിതയിൽ സന്തോഷിക്കുന്ന ആ ജനതയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. ഒരു ലക്ഷത്തി എണ്ണായിരം മരങ്ങൾ നട്ടാണ് അവർ തങ്ങളുടെ യുവരാജന്റെ ജനനമാഘോഷിച്ചത്..
ഒരു കാര്യം കൂടി, പണ്ട് പണ്ടല്ല, പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു രാജ്യവും, സംസ്കാരവും നശിച്ചു പോകില്ല...ദ്രുക്യുൽ ഇന്നും നിലനിൽക്കുന്നുണ്ട്, അങ്ങ് ഹിമാലയത്തിന്റെ കിഴക്കേ താഴ്‌വരയോട് ചേർന്നു ഭൂട്ടാൻ എന്ന പേരിൽ.ജനങ്ങൾക്ക് അവരെത്തന്നെ നഷ്ടപ്പെടുത്തുന്നതിനാൽ ടിവിയും ഇന്റർനെറ്റും അവസാനനിമിഷം വരെ പ്രതിരോധിച്ചിരുന്ന ഭൂട്ടാൻ 2001-ൽ മാത്രമാണ് ഈ സൗകര്യങ്ങൾ നിയമവിധേയമാക്കിയത്.
GDP-യ്ക്ക് പകരം GNH(Gross National Happiness) എന്നുവച്ചാൽ, ഉല്പാദനത്തിനല്ല, ക്ഷമതക്കല്ല, സന്തോഷത്തിന് (ആനന്ദം എന്നാണ് ഒന്നുകൂടി ഉചിതം) പ്രാധാന്യം കൊടുത്താണവർ ജീവിക്കുന്നത്..
ഒന്ന് പോയാൽ കൊള്ളാമെന്നുണ്ടോ?
ഒരു വർഷം 1.73 മെട്രിക് ടൺ കാർബൺ പുറം തള്ളുന്ന, 4.8% ശതമാനമെന്ന തോതിൽ വർധിക്കുന്ന കാർബൺ വിസർജനമുള്ള ഇന്ത്യയിൽ ജീവിക്കുന്ന നിങ്ങൾ വെറും 1.5 മില്യൺ കാർബൺ പുറംതള്ളി, തങ്ങളുടെ വൃക്ഷപ്പുതപ്പിനാൽ 6 മില്യൺ കാർബൺ ഒരുവർഷം വലിച്ചെടുക്കുന്ന, ലോകത്തിലെ ഒരേയൊരു കാർബൺ നെഗറ്റീവ് രാജ്യമായ ഈ രാജ്യത്ത് പോയിട്ടെന്തിനാണ്..? അത് കൂടി നശിപ്പിക്കാനാണോ..?
ബുദ്ധധർമമനുസരിച്ചു ജീവിക്കുന്ന പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്ന, ഒരൊറ്റ മണിക്കൂറിൽ അരലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു 2015-ഇൽ ഗിന്നസ് റെക്കോഡ് നേടിയ ആ സമാധാനപ്രിയരായ പ്രകൃതിസ്നേഹികൾ അവിടെ ജീവിച്ചുകൊള്ളട്ടെ..അവരുടെ മക്കൾ പരിശുദ്ധമായ വായുവും പുണ്യമായൊരു സംസ്കാരവുമാസ്വദിച്ചു വളരട്ടെ..
Nithin Raj. K. Asst. Professor of Economics, Al Shifa College of Arts and Science, Perinthalmanna
Comments
Post a Comment