കേന്ദ്രസർവകലാശാലയിലെ മലയാളി സാന്നിദ്ധ്യം
"മലയാളിയാണോ...?"
ഈ ചോദ്യം ലോകത്തിന്റെ ഏത് കോണിൽ പോയാലും കേൾക്കാൻ കഴിയുന്നതാണ്.... എന്നത് പോലെ തന്നെയാണ് കേന്ദ്ര സർവകലാശാലകളിലെ മലയാളി സാന്നിദ്ധ്യം.
പുതിയ സാധ്യതകൾ തേടി പോവുക മലയാളിയുടെ പതിവ്‌സ്വഭാവങ്ങളിൽ ഒന്നാണ്.... ഇവിടെയാണ് എന്ത് കൊണ്ട് മലയാളി വിദ്യാർഥികൾ കേന്ദ്ര സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നു എന്നതിനുള്ള ഉത്തരം.
കേരളത്തിന് പുറത്ത് നിരവധി പ്രഗത്ഭരായ അധ്യാപകർ, മികച്ച പഠന സംവിധാനങ്ങൾ, അതിലുപരി ഉയർന്ന സ്കോളർഷിപ്പുകൾ.... നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരുപാട് നല്ല അവസരങ്ങൾ കേരളത്തിന് പുറത്ത് വിദ്യാർത്ഥികൾക്ക് ലഭ്യമാണ്
1. അവസരങ്ങളുടെ ലോകം
ഒന്നാമതായി മികച്ച പഠനം ആഗ്രഹിക്കുന്ന കുട്ടികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് കേരളത്തിന് പുറത്തുള്ള മികച്ച സർവകലാശാലകളാണ്.അതിന്റെ ഒരു മുഖ്യ കാര്യങ്ങളിൽ ഒന്നാണ് അവസരങ്ങളുടെ ലഭ്യത. കേരളത്തിലെ വിദ്യാലയങ്ങളിൽ വളരെ ചുരുക്കം വിദ്യാർത്ഥികൾ മാത്രമാണ് ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കുന്നത്. മറിച്ചു കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് അതിന് വേണ്ട അറിവും സഹായവും നൽകാൻ പ്രാപതിയുള്ള സഹപാഠികൾ തന്നെയുണ്ട്, മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിലെ തൊഴിൽ അധിഷ്ഠിത ശിൽപശാലകൾക്കും ഇത്തരം കേന്ദ്ര സർവകലാശാലകൾ ഒരുപാട് വഴിയൊരുക്കുന്നുണ്ട്. ആവശ്യം ഉള്ള ആളുകൾ അങ്ങോട്ട് തന്നെ ചോദിച്ചു എത്തുന്നു... ഇത്തരം കാര്യങ്ങളിൽ നമ്മുടെ നാട്ടിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നാൽ, പ്രത്യേകിച്ചും സാധ്യതകളും അതിന്റെ ഗുണങ്ങളും പറഞ്ഞു കൊടുക്കുന്ന നിരന്തരമായ പരിപാടികൾ തന്നെ വലിയ മാറ്റങ്ങൾ കൊണ്ട് വരും, കാരണം കേന്ദ്ര സർവകലാശാലകളിൽ ഇത്തരം സാധ്യതകൾ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് മലയാളി വിദ്യാർത്ഥികളാണ് എന്ന് കാണാം...
2. പല സംസ്കാരങ്ങളുടെ കൂടി ചേരലുകൾ
വിദ്യാഭ്യാസ ലഭ്യത കൊണ്ടും, സൗകര്യങ്ങൾ കൊണ്ടും, മികച്ച ഗവേഷകരെ കൊണ്ടും സമ്പന്നമാണ് കേരളം. കേരളം എന്ന നാടിനെ ഇഷ്ട്ടപ്പെടുന്ന, കേരളത്തിൽ കുറച്ചു നാളുകളെങ്കിലും ചിലവഴിക്കണം എന്ന് ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് പല സംസ്ഥാനങ്ങളിലും ഉള്ളത്. അതിന്റെ ഒരു പ്രതിഫലനമാണ് പലപ്പോഴും കേന്ദ്ര സർവകലാശാലകളിലെ മലയാളി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്വീകാര്യത. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതെ പോയത് കൊണ്ട് അവർക്ക് മറ്റു പല സംസ്ഥാനങ്ങളിലും പോയി പഠനം പൂർത്തിയാക്കേണ്ടതുണ്ട്, എന്നാൽ ഇത്തരം ആളുകളെ സ്വീകരിക്കാൻ പലപ്പോഴും നമ്മുടെ കൊച്ചു കേരളം പ്രത്യേകിച്ചു ഒന്നും ചെയ്യുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത, ഭാഷ വ്യതിയാനങ്ങൾ, സംസ്കാരം, പൈതൃകം, ചരിത്രം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന പരിപാടികളിലേക്ക് വിദ്യാർഥികളെ ക്ഷണിക്കുന്നത് വഴി മറ്റു സംസ്ഥാനങ്ങളിലെ എന്നല്ല വിദേശ രാജ്യങ്ങളിൽ നിന്നു പോലും ആളുകൾ ഇവിടെ വരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഭൗമശാസ്ത്രം പോലെയുള്ള പഠന വകുപ്പുകളിൽ. ഇത്തരത്തിൽ പല സംസ്കാരങ്ങൾ കൂടി ചേരുമ്പോൾ വിദ്യാർഥികളുടെ ചിന്തകളെ ഉണർത്താനും, അവരുടെ വൈജ്ഞാനിക അറിവുകളെ പരിപോഷിപ്പിക്കാനും അത് ഉപയോഗപ്പെടും.
3. സ്കോളർഷിപ്പുകളുടെ അവസരം
കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള പല സ്കോളർഷിപ്പുകളും ലഭ്യമാണ്. പല സർവകലാശാലകളിലും മെസ്സ് ഫീസ് ഉൾപ്പെടെ ഉള്ള സ്കോളർഷിപ്പ് ഉണ്ട്, അതിന് പുറമെ ആലുമിനി അസ്സോസിസിയേഷൻ മുഖേനെ കൊടുക്കുന്ന സ്കോളർഷിപ്പുകൾ വേറെയും. അങ്ങിനെ 3 വർഷം പഠനം കഴിഞ്ഞു ഇറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ആവരുടെ പക്കൽ തെറ്റില്ലാത്ത ഒരു നല്ല സംഖ്യ തന്നെ പഠനത്തിലൂടെ ലഭിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി മറിച്ചാണ്, വിദ്യാർത്ഥികൾക്ക് ഉള്ള സാധ്യതകൾ കുറവാണ്, പലപ്പോഴും അർഹതയുള്ള വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ചെറിയ കാരണത്തിന്റെ പേരിലാവാം ഇത്തരം സ്കോളർഷിപ്പുകൾ കിട്ടാതെ പോകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പഠനം തന്നെ ബുദ്ധിമുട്ട് ആവുന്ന ഒരുപാട് ആളുകളുണ്ട്. ഇത്തരം സ്കോളർഷിപ്പ് വിഷയത്തിലെങ്കിലും കാര്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിലും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് അത് വലിയ ഗുണമാവും.
4. വിദ്യാർഥികളിലെ പ്രബന്ധങ്ങൾ
ഈ വിഷയത്തിൽ നമ്മുടെ നാട്ടിൽ ചില മികച്ച വിദ്യാർഥികൾ മുന്നോട്ട് വരുന്നെങ്കിലും കേന്ദ്ര സർവകലാശാലകളെ അപേക്ഷിച്ചു ആളുകൾ കുറവാണ് മുന്നോട്ട് വരുന്നത്. പ്രബന്ധം നിർബന്ധമാണ് എന്ന സാഹചര്യം വരുമ്പോൾ മാത്രമാണ് പലപ്പോഴും ഇതിന് ഉള്ള ചെറിയ ശ്രമങ്ങൾ പോലും നടക്കുന്നത്. എന്നാൽ കേരളത്തിന്റെ പുറത്ത് ഇതിന് വേണ്ടി തയ്യാറായ ഒരു സംഘം വിദ്യാർഥികൾ തന്നെ ഓരോ കലാലയങ്ങളിലും കാണും. അത് കൊണ്ട് തന്നെ അവർ തങ്ങളുടെ സഹപാഠികളെ കൂടെ അതിന് വേണ്ടി സഹായിക്കും. ഇത്തരത്തിൽ പരസ്പര സഹകരണത്തോടെ തങ്ങളുടെ കരിയർ വിദ്യാർഥികൾ തന്നെ പാടുത്തുയർത്തുന്ന കാര്യം കാണാൻ കഴിയും.
ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ട് വന്ന് അതിന് അനുയോജ്യമായ നടപടി എടുക്കുന്നത് വഴി നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സാധ്യതകളും ഒരുപാട് ഉയരും. ഇത്തരം പ്രതീക്ഷകളിൽ ഊന്നി, നല്ല നാളേക്ക് വേണ്ടി നമ്മുക്ക് പ്രവർത്തിക്കാം.
Jaleel Cholayil, Head, Department of Psychology, Al Shifa College of Arts and Science, Perinthalmanna
Comments
Post a Comment