നാറാണത്തിന്റെ ചാർച്ചക്കാരൻ

ആൽ മരത്തിന്റെ കാക്കത്തൊള്ളായിരം ഇലകൾ കാറ്റിൽ ഇളകി ഉലഞ്ഞു. വെളിച്ചവും നിഴലും ചേർന്ന് മരച്ചുവട്ടിൽ വരയ്ക്കുന്ന ചിത്രങ്ങളെ നോക്കിക്കൊണ്ട് അയാൾ ഇരുന്നു. കീറി നാറിയ തുണികളിൽ പൊതിഞ്ഞ അയാളുടെ ശരീരത്തിൽ ചിതൽ കയറിത്തുടങ്ങിയിരിക്കുന്നു. മൂർച്ഛയേറിയ കൽച്ചീളുകൾ കുത്തിക്കയറിയ കാൽപ്പാദങ്ങളിലെ വ്രണങ്ങളിൽ പുഴുക്കൾ പുളച്ചു. സ്വന്തം ശരീരത്തിൽ നിന്ന് വമിക്കുന്ന ഗന്ധത്തെയോ അതിന്റെ വേദനകളെയോ അയാൾ വകവെച്ചില്ല.

ബോധത്തിന്റെ തുടക്കം ചോദ്യങ്ങളുടെ അവസാനിക്കാത്ത പ്രവാഹമാണ്.

എന്ത്?

എന്തിന്?

എന്തുകൊണ്ട്?

ആഗ്രഹങ്ങൾ ഉപേക്ഷിക്കാനുള്ള ബുദ്ധോപദേശം മാനിക്കാത്ത മാനവർ എന്തിനു വീണ്ടും വീണ്ടും ആശിച്ചും ദുഃഖിച്ചും അർത്ഥശൂന്യതയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു? സ്വാർത്ഥത വെടിഞ്ഞു 'നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന ദൈവപുത്രന്റെ വിളി എന്തുകൊണ്ട് ആരുംതന്നെ കേട്ടില്ല? മതചിന്തകൾക്ക് അതീതമായ സർവ്വലോക സാഹോദര്യം സൃഷ്ടിക്കാൻ കഴിയുമോ? ചിന്തയുടെ വെളിച്ചമെത്താത്ത ഇടുങ്ങിയ ഇരുണ്ട ഇടനാഴികളിൽ അത്യാഗ്രഹത്തിന്റെ കനത്ത ചങ്ങലകളാൽ ബന്ധിപ്പിക്കപ്പെട്ട ഇവരെ എന്തു വിളിക്കണം?

ഉയർന്ന സംസ്കാരത്തിന്റെയും താഴ്ന്ന സംസ്കാരത്തിന്റെയും കൊട്ടാരങ്ങളിലും ചെറ്റക്കുടിലുകളിലും ഉണ്ടും ഉറങ്ങിയും പ്രത്യുൽപ്പാദനം നടത്തിയും തുടരുന്ന ജീവിതങ്ങൾ. ഈ മഹാനാടകത്തിന്റെ അർത്ഥശൂന്യതയോ അർഥവ്യാപ്തിയോ അളക്കാൻ അറിയാത്ത ഒരുകൂട്ടം മനുഷ്യർ ഒരു ഭാഗത്ത്. തിരിച്ചറിവിന്റെ പേരിൽ ദുഖിക്കണോ അതോ അറിവില്ലായ്മയിൽ സഹതപിക്കണോ എന്നറിയാത്ത ഒരുകൂട്ടർ മറുവശത്ത്. വിശ്വാസത്തെയോ വിശ്വാസരാഹിത്യത്തെയോ പിന്തുടരേണ്ടത് എന്നറിയാത്ത ഒരു ചെറിയ വിഭാഗവും, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തിന്റെ അടുപ്പിൽ വിറകായി നീറുന്ന ബഹുഭൂരിപക്ഷവും. അരാജകത്വത്തിന്റെ നെടുനീളൻ മുറിവുകളിൽ നിന്ന് ഇറ്റുവീഴുന്ന ചോരക്ക് എന്നും ഒരേ നിറം, ഒരേ മണം, ഒരേ ചൂട്. ആ ചുടുനിണത്തോട് താല്പര്യം തോന്നുന്നത് മൃഗതൃഷ്ണയും. വേട്ടയാടുന്നവരും വേട്ടയാടപ്പെടുന്നവരും ഇരുചേരികളിൽ ആണെങ്കിലും എല്ലാവരുടെയും അവസ്ഥ ഒന്നുതന്നെ. കർമ്മോൻമുഖതയിൽ ഊറ്റംകൊള്ളുന്നവരും സ്വകർമ്മത്തിൽ വിശ്വാസമില്ലാത്തവരും കർമം എന്തെന്നുതന്നെ അറിയാത്തവരും- എല്ലാവരും കർമ്മഫലത്തിന്റെ ലോകത്തിൽ സമൻമാരാകുന്നു. ആന്തരിക ലോകങ്ങളിൽ സ്വയം നഷ്ടമായവരും ബാഹ്യ ലോകങ്ങളിൽ ആടിത്തിമിർക്കുന്നവരും സ്വഭാഗഥേയങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.

അവസാനമില്ലാത്ത ഇത്തരം പ്രഹേളികകളെ ബൗദ്ധികമണ്ഡലത്തിന്റെ കാന്തശക്തി ആവാഹിച്ചെടുത്തപ്പോഴാണ് അയാൾ രക്ഷപ്പെടാൻ ആഗ്രഹിച്ചത്.

കിറുക്കന്റെ മുഖംമൂടിക്കു പിന്നിൽ ഒളിച്ചുകൊണ്ട് കർമ്മങ്ങളുടെ അനന്തമായ ഒഴുക്കിൽ തന്നെ അയാളും വന്നടിഞ്ഞു.

പിന്നെ എല്ലാത്തിനും പരിഹാരമായി സ്വയം വൽമീകത്തിനു സമർപ്പിച്ചു. ആ ചിതൽ കാൽവഴി ഉള്ളിൽ പ്രവേശിച്ച്, ശരീരത്തെയാകെ കീഴ്പ്പെടുത്തി, തലച്ചോറിനെ ഉണ്ട് തലയോട്ടിക്ക് വെളിയിലെത്തി. വെളുവെളുത്ത മൊരുമൊരുത്ത ആ പുറ്റ് ഒരു കൊമ്പുപോലെ നീണ്ടു.

പകലോൻ നെറുകയിലെത്തുമ്പോൾ പതിവ് തെറ്റിക്കാതെ അയാൾ മാറാപ്പു മുറുക്കി തോളിലിട്ട് പാതയോരങ്ങളിലൂടെ നടന്നു പട്ടണനടുവിലെത്തി. അവിടെ സ്‌ഥാപിച്ചിട്ടുള്ള കരിങ്കൽ ഭ്രാന്തന്റെ കാൽക്കൽ ഇരുന്ന് കുശലം പറഞ്ഞു തുടങ്ങി. ഒരു സുഹൃത്തിനോടെന്നപോലെ.

ലോകം വാഹനങ്ങളിൽ ത്വരിതഗതിയിൽ നീങ്ങിയപ്പോൾ അയാൾ പിച്ചും പേയും പറഞ്ഞ് നിന്നു. ഒരു ഉച്ചക്കിറുക്കന്റെ ആടയാഭരണങ്ങളിൽ അയാൾ രക്ഷപ്പെടലിന്റെ സുഖമറിഞ്ഞു.

ഭ്രാന്തന്റെ തലയിലെ വെളുത്തു നീണ്ട പുറ്റ് വഴിപോക്കരിൽ അറപ്പുളവാക്കി. ബോധത്തിന്റെയോ യുക്തിയുടെയോ ഒരു കണികയെങ്കിലും അയാളിൽ ബാക്കി ഉണ്ടാകുമോ എന്ന് അവർ ശങ്കിച്ചു.

Ms. Renjitha. K. R, Asst. Prof. of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം