മൂന്നാമതൊരു കാര്യം
രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരതുന്നു..
മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു.
ഏതാണ് സ്നേഹം? എന്താണ് സ്വാര്‍ഥത?
ഇന്ന് ബസിൽ വെച്ചു കണ്ട അന്ധനായ യാചകൻ, "കണ്ണുകാണാത്തവനാണ്.. ആരുമില്ലാത്തവനാണ് " എന്ന് ചിതറിയ ശബ്ദത്തിൽ ഉരുവിടുന്നു..
തനിക്ക് സ്നേഹിക്കാനോ,തന്നെ സ്നേഹിക്കാനോ ആരുമില്ലാത്തത് കൊണ്ടോ..
അതോ,.ജീവിക്കാനൊരു മാര്‍ഗം, ഇല്ലാത്തതു കൊണ്ടോ?
രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്നു.
മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു.
ഒരു കുഞ്ഞു പെൺകുട്ടി,അതിനെ അവര്‍ നല്ലവണ്ണം സ്നേഹിച്ചു.
കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും, ഏറ്റവും നല്ല ഭക്ഷണവും കൊടുത്തു .
കുളിപ്പിച്ചു , പൗഡറിട്ടു , കണ്ണെഴുതി ഓമനിച്ചു.
പക്ഷെ എത്രദിവസം അവര്‍ അവളെ ലാളിച്ചു..
അവൾ, മറ്റൊരു വീട്ടിൽ രണ്ടു മുഴം കയറില്‍ എല്ലാം ഉപേക്ഷിച്ചത് എന്തിനായിരുന്നു.?
ഒരു ചെറിയ വീട്.
ഒരു പുതിയ ഒട്ടോറിക്ഷയ്ക്കുള്ള ആദ്യ അടവ്.
വീടിനോട് ചേര്‍ന്ന് പിറകില്‍ ഒരൊറ്റ മുറി പണിയാനുള്ള വസ്തുക്കളും പണിക്കാരും.
ചിലചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല!
ഒരു അന്ധൻ.
ഒരു പെൺകുട്ടി.
ചെറിയൊരു വീട്.
മുറ്റത്തിന്റെ മൂലയില്‍ കറുപ്പും മഞ്ഞയും നിറമുള്ള ഒരു ഓട്ടോറിക്ഷ.
വിവാഹം കഴിഞ്ഞ മകനു വേണ്ടി മുറി അലങ്കരിച്ചപ്പോള്‍, അച്ഛനും അമ്മയ്ക്കുമായി വീടിനോട് ചേര്‍ന്നു പിറകില്‍ പണിത ജനാലകളില്ലാത്ത ഒരൊറ്റ മുറി.
ഏതാണ് സത്യം? ഏതാണ് മിഥ്യ?
ആ അന്ധൻ നിങ്ങളായിരുന്നോ? ഞാനായിരുന്നോ.?
Ms. Febeena, Asst. Prof. of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment