വ്യക്തി സ്വാതന്ത്ര്യം
സ്ത്രീ ആയാലും പുരുഷൻ ആയാലും ഒരാൾ നോ പറയുന്നിടത്ത് നമ്മുടെ സ്വാതന്ത്ര്യവും അവകാശവും അവസാനിക്കും എന്ന് മനസ്സിലാക്കാനുള്ള അവബോധമാണ് നമ്മൾ ഓരോരുത്തരും വളർത്തിയെടുക്കേണ്ടത്... ഞാൻ ആശിക്കുന്നത് എല്ലാം നടക്കണം ഇല്ലെങ്കിൽ എതിർഭാഗത്ത് നിൽക്കുന്നയാളെ ഞാൻ അവസാനിപ്പിച്ച് കളയും എന്ന മനോനില ഒരു സമൂഹത്തിനാകെ അപകടകരമാണ്. ഇത്തരം മനോവൈകല്യങ്ങൾക്ക് കൃത്യമായ കൗൺസിലിങ്ങും തുടർ ചികിത്സകളും അനിവാര്യമാണ്.
ഈ വൃത്തികേടുകളെ പ്രണയമാക്കുന്നതിലും വലിയ അശ്ലീലം വേറൊന്നില്ല. ചോര വീഴ്ത്തുന്ന ഇത്തരം ടോക്സിക് ബന്ധങ്ങളെ പോലും പ്രണയനൈരാശ്യം, പ്രണയകലഹം, പ്രണയപിന്മാറ്റം എന്നിങ്ങനെ ചില ഡെക്കറേഷനുകൾ കൊടുത്ത് അലങ്കരിക്കുന്ന നമ്മുടെ മാധ്യമങ്ങൾ അതിഭീകരം തന്നെ. പ്രണയം നിരസിച്ചാലോ പിന്മാറിയാലോ മരിക്കാൻ അവർ അർഹരാണ് എന്ന പരോക്ഷസൂചന നൽകുന്ന ഇത്തരം തലക്കെട്ടുകളാണ് ആദ്യം ഒഴിവാക്കേണ്ടത്. ഇതൊന്നും പെട്ടെന്ന് മാറുമെന്ന ദിവാസ്വപ്നം ഒന്നുമില്ല.
ഒരു പാട്രിയാർക്കിക്കൽ സമൂഹത്തിലെ രൂപപ്പെടലുകളേ അങ്ങനെയാണ്. ജനിക്കുമ്പോൾ ഒരുപക്ഷേ അതിന് മുമ്പേതൊട്ട് തുടങ്ങുന്ന സ്ത്രീ പുരുഷ വിവേചനങ്ങളിൽ തുടങ്ങുന്നു ഇതിൻ്റെ മൂലകാരണം. പെണ്ണിനെയും ആണിനെയും അടിമത്തത്തിൻ്റെയും മേധാവിത്തത്തിൻ്റെയും പ്രത്യേകം പ്രത്യേകം ചട്ടക്കൂടുകളിൽ അടച്ചിട്ട് വളർത്തുന്ന നമ്മുടെ സമൂഹത്തിൽ ജെൻഡർ സെൻസിറ്റൈസേഷൻ ഇന്നും ഒരു മരീചികയാണ്.
"ഞാൻ പറയുന്നത് കേട്ട് അനുസരിച്ച് വിധേയപ്പെട്ട് നിൽക്കേണ്ടവളാണ് നീ; അല്ലെങ്കിൽ നിന്നെ ശിക്ഷിക്കാൻ അധികാരമുള്ളവനാണ് ഞാൻ" എന്ന ആണധികാര ഹുങ്ക് ഏറിയും കുറഞ്ഞും കൊണ്ടു നടക്കുന്നവരാണ് പാട്രിയാർക്കിയുടെ താരാട്ടിൽ വളർന്ന് വരുന്ന ബഹുഭൂരിപക്ഷം പുരുഷന്മാരും. അങ്ങനെ അല്ലാത്തവരെ പെൺകോന്തന്മാരാകുന്ന മധുരമനോഹര നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ അമ്മയെയും സഹോദരിയെയും സഹപാഠിയെയും കാമുകിയെയും സഹപ്രവർത്തകയെയും ഒക്കെ തന്നെപ്പോലെ വ്യക്തിത്വവും സ്വാതന്ത്ര്യവും അവകാശവും ഉള്ള ഒരാളായി കാണുന്നത് ഇന്നും അത്ര സാധാരണമായിട്ടില്ല.
മാറ്റം വരേണ്ടത് പുതുതലമുറയിൽ നിന്നാണ്. ജെൻഡർ സെൻസിറ്റെസേഷൻ എന്നത് ചർച്ചകളിൽ ഒതുക്കാതെ പ്രൈമറി ക്ലാസുതൊട്ട് പാഠപദ്ധതിയുടെ ഭാഗമാക്കുകയാണ് ആദ്യം വേണ്ടത്. പൊതുസമൂഹം, മാദ്ധ്യമങ്ങൾ എന്നിവയെ കൂടി ഈ ചട്ടക്കൂട്ടിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യവും വളരെ അത്യാവശ്യമാണ്. എന്തൊക്കെ നേട്ടങ്ങളും പുരോഗമനങ്ങളും അവകാശപ്പെട്ടാലും ആരോഗ്യകരമായ സ്ത്രീപുരുഷബന്ധം ഇല്ലാത്ത സമൂഹം ഒരു ബാർബേറിയൻ സമൂഹം തന്നെയാണ്. സ്വന്തം സ്വാതന്ത്ര്യത്തിന് അതിരുകൾ ഉണ്ടെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന് മേൽ കടന്നു കയറിയല്ല അതിന് അതിര് കണ്ടെത്തേണ്ടത് എന്നും മനസിലാക്കുന്നിടത്താണ് ഒരാൾ കാടൻ അല്ലാതെ മനുഷ്യൻ ആവുന്നത്.
Mr. Nithin Raj. K, Asst. Professor of Economics,Al Shifa College of Arts and Science, Perinthalmanna
Comments
Post a Comment