ടോട്ടോയുടെ കുഞ്ഞു വലിയ ലോകം

 'എന്റെ വായന' ക്ക് (കോളേജിൽ, വിദ്യാർത്ഥികളിലെ വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി )

വേണ്ടി വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകത്തെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം വരുന്ന മറുപടി 'വായിക്കാറില്ല.. വായിക്കാൻ താത്പര്യമില്ല,  ആദ്യമൊക്കെ വായിച്ചിരുന്നു.. ഇപ്പൊ വായിക്കാറില്ല' എന്നൊക്കെയാവും..ഒട്ടും

വായിക്കാൻ ഇഷ്ടമില്ല എങ്കിൽ തീർച്ചയായും ഈ പുസ്തകം വായിക്കുക,വായിക്കാൻ ഭയങ്കര ഇഷ്ടമാണ് എങ്കിലും ഈ പുസ്തകം വായിക്കുക  എന്ന് പറഞ്ഞു കുട്ടികൾക്ക് പരിചയപെടുത്തുന്ന പുസ്തകമാണ് 'ടോട്ടോ ചാൻ'.ഞാൻ ഈ പുസ്തകം ആദ്യമായി വായിക്കുന്നത് യു പി ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്.കുട്ടികൾക്കുള്ള ബുക്ക്‌ എന്നാണ് അന്നീ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വിചാരിച്ചിരുന്നത്. അധ്യാപകരിലാരോ പറഞ്ഞതും അതു തന്നെയായിരുന്നു.

ജപ്പാനിലെ ബെസ്റ്റ് സെല്ലറായ  ഈ നോവലിൽ തെത്സ്കോ കുറയോനാഗി എന്ന 'ടോട്ടോ' യുടെ ബാല്യകാല സ്മരണകളാണ് പങ്കുവെക്കുന്നത്.കുസൃതിക്കാരിയും പ്രശ്നക്കാരിയുമായ ടോട്ടോ ഒന്നാം ക്ലാസ്സിൽ വെച്ചു തന്നെ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് നിന്ന് ചിരിക്കുമ്പോൾ,'ടോട്ടോ, തീർച്ചയായും നീ നല്ലൊരു കുട്ടിയാണെ'ന്ന് പറഞ്ഞു അവളുടെ അമ്മ   അവൾക്ക് യോജിച്ച ഒരു സ്കൂൾ കണ്ടെത്തുന്നു."ടോട്ടോ ഇനി നീ ഈ സ്കൂളിലെ കുട്ടിയാണ് " കോബായാഷി മാസ്റ്ററുടെ ഈ വാക്കുകൾ കേട്ട നിമിഷം മുതൽ എങ്ങനെയെങ്കിലും അടുത്ത ദിവസം ആയാൽ മതി എന്നായി കുഞ്ഞു ടോട്ടോക്ക്..അതായിരുന്നു ടോട്ടോ ചാൻ എന്ന വികൃതി പെൺകുട്ടിയുടെ ഹൃദയം കവർന്ന റ്റോമോ വിദ്യാലയം.പിന്നീടങ്ങോട്ട് ടോട്ടോ ചാൻ എന്ന കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അതിശയകരമായ മാറ്റങ്ങളും, ടോട്ടോ ചാൻ എന്ന വികൃതി പെൺകുട്ടിയിൽ നിന്ന് തെത്സുകൊ കുറോയനാഗി എന്ന എഴുത്തുകാരിയിലേക്കുള്ള വളർച്ചയിൽ റ്റോമോ സ്കൂളും, സ്കൂളിന്റെ ജീവവായുവായ കോബായഷി മാസ്റ്ററും വഹിച്ച പങ്കും എത്രത്തോളമെന്ന് തന്റെ  പുസ്തകത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.ജന്മസിദ്ധമായ പല സ്വഭാവവിശേഷങ്ങളോടെയുമാണ് ഓരോ കുട്ടിയും ജനിക്കുന്നതെന്നും സാഹചര്യങ്ങളും, മുതിർന്നവരുടെ ദുസ്വാധീനവും അവരെ കളങ്കപ്പെടുത്തുന്നു എന്നും ഈ കൃതി നമ്മളോട് പറയുന്നു.ജപ്പാനിലെ ടോമോ എന്ന വിദ്യാലയവും,അതിന്റെ സ്ഥാപകനായ കോബായാഷി മാസ്റ്ററും, അവിടുത്തെ വിദ്യാർത്ഥികൾ അനുഭവിച്ച സ്വാതന്ത്ര്യവും,അവരുടെ നൈസർഗികമായ കഴിവുകളുടെ വളർച്ചയും, ഇന്ന് നമുക്ക് അപരിചിതമായ മഹത്തായ വിദ്യാഭ്യാസ സമ്പ്രദായവും ഈ നോവൽ നമ്മുടെ മുന്നിൽ കാഴ്ചവെക്കുന്നു.കോബായാഷി മാസ്റ്റർ എന്ന അത്ഭുതപ്രതിഭാസം അധ്യാപനത്തിന്റെ മൂല്യങ്ങളിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകും.

ആധുനിക വിദ്യാഭ്യാസം സ്‌കിൽഡ് എഡ്യൂക്കേഷൻ രീതിയിലേക്ക് മാറണമെന്നും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു ഊന്നൽ കൊടുക്കണം എന്നും നിരന്തരം ചർച്ചകൾ നടക്കുന്ന ഈ കാലത്ത് റ്റോമോ സ്കൂൾ പോലുള്ള ഒരു വിദ്യാലയം നമുക്ക് സ്വപ്നം കാണാൻ മാത്രമേ സാധിക്കൂ.എന്നാൽ അങ്ങനെ ഒരു വിദ്യാലയം ഉണ്ടായിരുന്നു എന്നുള്ളതിന് ആ  വിദ്യാലത്തിൽ പഠിച്ചതിന്റെ ഭാഗമായുണ്ടായ കഴിവുകളിൽ അഭിമാന പുളകിതയായി , ആ  സ്കൂളിലെ ഹെഡ്മാസ്റ്ററെ അത്ര മേൽ ആഴത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്ത ഒരു ശിഷ്യയുടെ ആത്മകഥ കുറിപ്പാണ് 'ടോട്ടോ ചാൻ-ജനാലക്കരികിലെ വികൃതി കുട്ടി'. ഒരധ്യാപകന് തന്റെ വിദ്യാർത്ഥിനിയിൽ നിന്നും ലഭിക്കാവുന്നതിൽ വെച്ചേറ്റവും വിലപ്പെട്ട സമ്മാനം.രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണ് ടോമോ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നതും, സർഗ്ഗത്മകമായ വിദ്യാഭ്യാസം കുട്ടികൾ നേടുന്നതും എന്നത് ഈ  കൃതിയെ ഒന്നുകൂടെ വിശിഷ്ടമാക്കുന്നു.


Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്