ഭക്ഷണത്തിന്റെ ജാതി

കഴിഞ്ഞ 16 വർഷമായി സ്കൂൾ കലോത്സവ വേദികളിൽ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ പാചക വിദഗ്ധൻ എന്ന നിലയിൽ അറിയപ്പെടുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്ന പണിക്ക് താനില്ലയെന്ന് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്.(8/01/23).കഴിഞ്ഞ ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിലും, മാധ്യമ രംഗത്തും പഴയിടത്തിന്റെ പാചകത്തെ കുറിച്ച് നടന്ന വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. സ്കൂൾ കലോത്സവ വേദികളിൽ എന്തുകൊണ്ടാണ് സസ്യാഹാരം മാത്രം വിളമ്പുന്നത് , നോൺ വെജ് വേണ്ടവരില്ലേ എന്നതൊക്കെയാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചത്. (അടുത്ത തവണ മുതൽ കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.) കലോത്സവ വേദിയിലെ ചർച്ചയും പിന്മാറ്റവും അടുത്ത വർഷം മറ്റൊരു ടീം വന്ന് ടെണ്ടർ ഏറ്റെടുക്കുമ്പോൾ തീരാവുന്നതേയുള്ളൂ..കലോത്സവ വേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വന്നാൽ ആവശ്യക്കാർക്ക് ആവശ്യനുസരണം കഴിക്കുകയുമാവാം .ഓരോ നാടിന്റെയും രുചികളെ ആസ്വദിക്കുകയുമാവാം.

        ഇറച്ചിയും മീനും സാമ്പാറും കൂട്ടികുഴക്കുന്ന കലോത്സവ ചർച്ചയിൽ വംശീയ അവഹേളനം, ജാതീയ പീഡനം എന്നീ പ്രയോഗങ്ങളൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്.സസ്യാഹാരികൾ സാത്വികരെന്നും, മാംസാഹാരികൾ അങ്ങനെയല്ലാത്തവരെന്നും പറഞ്ഞുവെക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്.? ഭക്ഷണത്തിൽ ജാതിയുണ്ടോ.? ഭക്ഷണ സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്.?

 ഹിന്ദുവിനും, മുസ്ലിമിനും, ക്രിസ്ത്യനും പ്രത്യേക ഭക്ഷണം ഉണ്ടോ.?

എങ്ങനെയാണ് സാമ്പാറും, അവിയലും ഹിന്ദുവിന്റെയും, പോർക്ക്‌ ക്രിസ്ത്യന്റെയും, ബീഫും ബിരിയാണിയും മുസ്ലിമിന്റേതുമായി മാറിയത്..?

നമ്മുടെ സമൂഹം ആധുനികവല്‍ക്കരിക്കാത്തതിന്റെ പ്രശ്നമായാണോ ഇതിനെ കാണേണ്ടത്? അതോ ഭക്ഷണശീലത്തിന്റെ, അതിനെ ഉറപ്പിച്ചിരിക്കുന്ന ധാര്‍മ്മിക അടിത്തറയുടെ പ്രശ്നമാണോ?

നിലനില്പിനുവേണ്ടി (ഇന്ന് വിനോദത്തിനു വേണ്ടിയും ) മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും നമുക്ക് ആഹാരം അല്ലെങ്കിൽ ഭക്ഷണം എന്നു വിളിക്കാം. മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും ( ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, ഭാഷ, ആചാരങ്ങൾ, വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെയാണ് ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നത്.) അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരോ പ്രദേശത്തെയും ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ഭക്ഷണരീതിയെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണമായി തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. തീരദേശ പ്രദേശമായ കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു. ഇങ്ങിനെ നോക്കുമ്പോൾ എന്നു മുതലാണ് ചില പ്രത്യേക ഭക്ഷണം പ്രത്യേക വിഭാഗത്തിന്റെതായി മാറിയത്. ഇതു മനസ്സിലാക്കാന്‍ നമുക്ക് നമ്മുടെ ഭക്ഷണസംബന്ധിയായ ധാര്‍മ്മിക അടിത്തറകള്‍ എങ്ങനെ രൂപപ്പെട്ടെന്നും അവ ഭക്ഷണത്തിന്റെ ജാതിയേയും ജാതിയുടെ ഭക്ഷണത്തേയും എങ്ങനെ രൂപപ്പെടുത്തിയെന്നും അറിയേണ്ടതുണ്ട്.

'ശ്യാമസുന്ദര കേര കേദാര ഭൂമി

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി '

 എന്നൊക്കെ കേരളത്തെ പറയുമെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിൽ ഉണ്ണാനില്ലാത്തവരും,ഉടുക്കാനി ല്ലാത്തവരും ആയിരുന്നു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പറയനും പുലയനും അടക്കം എല്ലാ ദളിതരും. മിക്കവാറും ഈഴവരടക്കം എല്ലാ താഴ്ന്ന ജാതിക്കാരും . ഇനി, ഉള്ളവന് ഇല്ലാത്തവന് കൊടുക്കണം എന്നുണ്ടെങ്കിൽ പോലും 64 അടിയുടെയും 120 അടിയുടെയും ഒക്കെ തീണ്ടാപ്പാട് കണക്ക് പാലിച്ചുകൊണ്ട് ആര് ആർക്ക് എന്തു കൊടുക്കാൻ..

ഭക്ഷണക്രമത്തിന് പുറകിലെ ജാതീയ അസമത്വങ്ങളെയും വിവേചനത്തേയും അദൃശ്യമാക്കാന്‍ സഹോദരൻ അയ്യപ്പനെയും, ഗുരുവിനെയും പോലുള്ളവർ പന്തിഭോജനവും, മിശ്ര ഭോജനവുമൊക്കെ നടത്തിയതും പ്രോത്സാഹിപ്പിച്ചതും അതുകൊണ്ടൊക്കെ തന്നെയാണ്. മിശ്രഭോജനത്തിന്റെ രാഷ്ട്രീയം ചർച്ചക്കെടുക്കുമ്പോൾ ജാതിമതഭേദമില്ലാതെ ഒന്നിച്ചുണ്ണുന്ന, ഒന്നിച്ചുറങ്ങുന്ന സമത്വ സുന്ദരമായ ഒരു കേരളത്തെക്കൂടി ചർച്ച ചെയ്യണം. എന്തായാലും മുഖ്യമന്ത്രി പങ്കെടുത്ത ഔദ്യോഗിക മിശ്രഭോജന നൂറാം വാർഷികാഘോഷപരിപാടിയിൽ പഴയിടം നമ്പൂതിരിയാണത്രേ സദ്യയൊരുക്കിയത്. പുലയനും, ദളിതനും ഒരു നമ്പൂതിരി വെച്ചുണ്ടാക്കി കൊടുക്കുന്നത് അയ്യപ്പന്റെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നിരിക്കുമോ എന്ന് സംശയമാണ്.

ഇന്ത്യന്‍ ഭക്ഷണക്രമത്തിന് പുറകിലെ ജാതീയ അസമത്വങ്ങളെയും വിവേചനത്തേയും അദൃശ്യമാക്കാന്‍ പടുത്തുണ്ടാക്കിയ ഒരു പുതിയ വ്യാഖ്യാനമായിരുന്നു സസ്യാഹാര രീതി. ഭക്ഷണക്രമത്തിലെ സസ്യ/സസ്യേതര വ്യത്യാസത്തെ അഹിംസയുടെയും ഹിംസയുടെയും ധാര്‍മ്മികതലത്തില്‍ വ്യാഖ്യാനിച്ചു കൊണ്ട് സസ്യാഹാരത്തെ അഹിംസാമാര്‍ഗ്ഗമായി കണ്ടു. അത് ഏറെക്കുറെ ഇങ്ങനെയായി മാറി.പശുവിനെ കൊല്ലുന്നതും തിന്നുന്നതും കൊടിയ ഹിംസയായി കാണുകയും ആടിനെ കൊല്ലുന്നതും തിന്നുന്നതും അതിലും കുറഞ്ഞ ഹിംസയായി കാണുകയും കോഴിയെ കൊല്ലുന്നതും തിന്നുന്നതും അതിലും കുറഞ്ഞ ഹിംസയായി കാണുകയും സസ്യത്തെ കൊല്ലുന്നതും തിന്നുന്നതും ‘അഹിംസയായി’ കരുതുന്നതുമായ ഒരു ഭാവന നിര്‍മ്മിക്കുകയും അത് പിന്നീട് ജനകീയമാവുകയും യഥാർത്ഥമായി കരുതി പോരുകയും ചെയ്തു. മാത്രമല്ല, ഇത്തരമൊരു ഭക്ഷണക്രമം ഓരോ ഭക്ഷണത്തിന്റെയും ഉപഭോക്താക്കളെ അവരവര്‍ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് അവരുടെ ഹിംസയുടെ അളവ് നിര്‍ണ്ണയിക്കുന്ന ഒരു ഘടനയില്‍ സ്ഥാനപ്പെടുത്തി. അതായത് സസ്യാഹാര രീതിയെ അഹിംസാമാര്‍ഗ്ഗമായി വ്യാഖ്യാനിക്കുന്നതിലൂടെ അതിന്റെ ഉപഭോക്താക്കളെ അഹിംസാവാദികളായി കാണാനിടയാവുകയും, ( അങ്ങിനെയാണ് സസ്യഹാരികൾ സാത്വികർ ആവുന്നത് 😃 ) മറ്റുള്ളവരെ ഹിംസവാദികളായി കാണുകയും ചെയ്തു.

ചുരുക്കി പറഞ്ഞാൽ, ഭക്ഷണം വിശപ്പിന്റെയോ രുചിയുടെയോ മാത്രം കാര്യമല്ലെന്നും,സാംസ്കാരികമണ്ഡലത്തിന്റെ നിർമിതിയിൽ നിർണായകമായ ഒരു ഘടകമായി ഭക്ഷണത്തെ കാണേണ്ടതുണ്ടെന്നും , അഥവാ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് പ്രത്യേകമായ ഒരു സാംസ്‌കാരികമായ സ്വത്വം ചാർത്തിക്കൊടുക്കുന്നതിൽ നിർണായകമായ സ്വാധീനം ഭക്ഷണശീലങ്ങൾക്കുണ്ട് എന്നും വിശ്വസിപ്പിച്ചു വരുന്നു. അതുപോലെ തന്നെ അധികാരഘടനകകത്തു നിന്നു രൂപപ്പെടുന്ന രാഷ്ട്രീയ അടിയൊഴുക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഭക്ഷണത്തിന്റെ രാഷ്ട്രീയം നിർണയിക്കപ്പെടുന്നതും.

Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്