നല്ല കാലം


"ഓ... നമ്മുടെ കാലമൊക്കെ കഴിഞ്ഞില്ലേ, ഇനിയിപ്പോ എന്താ? , നല്ല പ്രായമൊക്കെ കഴിഞ്ഞ് പോയില്ലേ" .

    ഇത് എന്റെ പരിദേവനങ്ങൾ അല്ല. പലരും പലപ്പോഴായി പറഞ്ഞു കേൾക്കാറുള്ള ചില സ്ഥിരം ആവലാതികളാ. 80 കളിൽ ഓടിക്കൊണ്ടിരിക്കുന്നവരോ ജീവിക്കാൻ ഒരു ഗതിയുമില്ലാതെ വഴിമുട്ടി നിൽക്കുന്നവരോ ഒന്നുമല്ല ഈ സങ്കടം പേശലുകാർ എന്നതാണ് ഏറെ രസം. ജീവിതത്തിന്റെ 20 കളിലും 30 കളിലും 40 കളിലും, ജോലിയും വരുമാനവും ഒക്കെ ആയിട്ട് മുന്നോട്ടു പോവുന്നവരാണ് ഈ സങ്കടക്കാരിൽ പലരും.

     പറച്ചിൽ കേട്ടാൽ തോന്നും ചെറുപ്പകാലത്ത് ഈ ലോകത്തെ എല്ലാ പ്രധാന കാര്യങ്ങളും നടന്നിരുന്നത് ഇവരുടെ തലയിലൂടെ ആണെന്ന്; അല്ലെങ്കിൽ ഒരു പാട് സാമൂഹ്യവിപ്ലവങ്ങൾക്ക് നാന്ദി കുറിച്ചവർ ഇവർ ആണെന്ന്. ജീവിതത്തെ അതിന്റേതായ പ്രസന്നതയോടെ നോക്കിക്കാണാതെ, അവനവനോട് തന്നെ ഒരു മടുപ്പും അസഹിഷ്ണുതയും പുച്ഛവും കൊണ്ടു നടക്കുന്ന ഇത്തരക്കാർ യഥാർത്ഥത്തിൽ വെറും പാവങ്ങളാണ്. കാലഘട്ടങ്ങളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാതെ, ജീവിതം എന്ന മഹാ സൗഭാഗ്യത്തെ വേണ്ട വിധത്തിൽ മനസിലാക്കാതെ പോവുന്നവർ. കുങ്കുമം ചുമന്നിട്ടും അതിന്റെ സുഗന്ധം തിരിച്ചറിയാതെ പോവുന്ന കഴുതയെപ്പോലെ, കയ്യിലുണ്ടായിരുന്ന നാണ്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു കൊണ്ടിരുന്ന പാവം ഗ്രാമവാസിയെപ്പോലെ ഇവരിൽ പലരും തിരിച്ചറിയാതെ പോവുന്നത് ജീവിതത്തിന്റെ അപ്രവചനീയതയും നിഗൂഢ സൗന്ദര്യവുമാണ്.

    ജീവിക്കുന്ന ഓരോ നിമിഷവും നമുക്കെല്ലാം പ്രായം ഏറിവരികയാണ്. അതിൽ പ്രത്യേകിച്ച് ആകുലപ്പെട്ടിട്ട് ഒന്നുമില്ല. കഴിഞ്ഞു പോയ അത്രയും വൈവിദ്ധ്യമായ ജീവിതാനുഭവങ്ങൾ നമുക്കുണ്ടായത് ഈ ഒരോ ദിവസവും കടന്നു പോയതുകൊണ്ടാണ്.ജീവിച്ച് തീർത്ത ഇന്നലെകൾ നമുക്ക് തന്ന പാഠങ്ങൾക്കും അനുഭവങ്ങൾക്കും കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾക്കും വലിയ മൂല്യമുണ്ട്.

    ജീവിതത്തിൽ നല്ല പ്രായം എന്നൊന്നുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഏത് കാര്യവും നമ്മൾ സന്തോഷത്തോടെ ചെയ്യുകയാണെങ്കിൽ അതാണ് നമ്മുടെ നല്ല പ്രായവും നല്ല സമയവും. 93 വയസിൽ യോഗയും ഡൈവിങ്ങും ചെയ്യുന്ന നൂയോർക്കിലെ ഒരു 'യുവതി' യെയും 73 വയസിൽ ടൂറിസ്റ്റ് ഗൈഡും ഡ്രൈവറും ആയി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്ന ആസ്ട്രേലിയൻ ' യുവതി' യെയും കുറിച്ച് ഈ അടുത്തിടെ വായിക്കുകയുണ്ടായി. അവരാരും ജീവിതത്തിന്റെ നല്ല പ്രായം കഴിഞ്ഞവരല്ല. മറിച്ച് ഇപ്പോഴും നല്ല പ്രായത്തിലൂടെ ജീവിക്കുന്നവരാണ്. ശരിക്കും നമ്മൾ ഓരോരുത്തരും ഇങ്ങനെ ജീവിതത്തെ നല്ല സമയവും നല്ല പ്രായവും ആക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. 

   നീണ്ടു കിടക്കുന്ന ജീവിതപ്പാതയുടെ അറ്റംവരെ

" ഈ മനോഹര തീരത്ത് തരുമോ

  ഇനിയൊരു ജന്മം കൂടി... "

എന്ന കൊതിയോടെ ഓരോ നിമിഷവും യഥാർത്ഥത്തിൽ ജീവിച്ച് എല്ലാക്കാലത്തെയും നമ്മുടെ കാലം ആക്കി സമാധാനത്തോടെ മുന്നോട്ടു പോവുകയാണ് ഒരു മനുഷ്യജീവിതത്തിന്റെ ധന്യത.

Mr. Nithinraj. K, Assistant Professor of Economics, Al Shifa College of Arts and Science, Kizhattoor 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices