ന്യൂയിയിലെ സി. ഇ. ഓ. യും സ്ത്രീയും

 “ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ എക്സ്പയറി ഡേറ്റ് ആര് തീരുമാനിക്കുന്നു?”. ‘ഹൗ ഓൾഡ് ആർ യു’ എന്ന മലയാളം സിനിമയ്ക്ക്കുറെയധികം സ്ത്രീഹൃദയങ്ങളുടെ കയ്യടി നേടി കൊടുക്കാൻ അവസരം ഒരുക്കിയത് അതിലെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത്, പെൺകുട്ടികൾ ജനിച്ചാൽ അത് രക്ഷിതാക്കൾക്ക് ഒരു ബാധ്യതയും മറിച്ച് ആൺകുട്ടിയാണെങ്കിൽ അത് ഒരു മുതൽക്കൂട്ടുമാണ് എന്ന വിശ്വസിച്ചിരുന്നു. ഒരുപക്ഷേ അക്കാലത്തെ പല സ്വാഭിമാനമുള്ള പെൺകുട്ടികളിലും ‘എന്തുകൊണ്ട് അങ്ങിനെ?’ എന്നൊരു ചോദ്യവും ഉയർന്നിട്ടുണ്ടാവും എന്നുള്ളതിൽ സംശയവുമില്ല. നോക്കിക്കാണാനും കണ്ടുപിടിക്കാനും പെൺകുട്ടികൾക്ക് എന്നും ഉദാഹരണം ആയിട്ടു ഉണ്ടായിരുന്നത് അടുക്കും ചിട്ടയും,  അടക്കവും ഒതുക്കവും, അതിലൊക്കെ ഉപരി പാചക കലയിലെ മികവും പുലർത്തിയിരുന്ന വീട്ടിലെ മറ്റ് സ്ത്രീകഥാപാത്രങ്ങൾ ആയിരിക്കാം.


ഇന്ദിരാ ഒരു സാധാരണ പെൺകുട്ടിയെ പോലെ തന്നെ സഹോദരിയായ ചന്ദ്രയോടൊപ്പം കളിച്ചും ചിരിച്ചും ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ചു വളർന്നുവന്ന ഒരാളായിരുന്നു.അവരുടെ ജീവചരിത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് ഇന്ന് അവർക്ക് നേടിക്കൊടുത്ത ഓരോ പുരസ്കാരത്തിന്റെയും വിജയത്തിന്റെയും പിന്നിൽ തൻറെ അമ്മയ്ക്കുള്ള പങ്ക്. 

ഓരോ പെൺകുട്ടികളുടെയും ജീവിതത്തിൽ ഒരു അമ്മയ്ക്ക് വഹിക്കാവുന്ന പങ്ക് എത്രയെന്ന് ഇന്ദ്രയുടെ അമ്മ ശാന്തയിലൂടെ നമുക്ക് മനസ്സിലാക്കാം. 


പതിനേഴാമത്തെ വയസ്സു മുതൽ ശാന്ത എന്ന ഇന്ദ്രയുടെ അമ്മ ദിവസത്തിൽ മൂന്ന് നേരം മരുന്ന് സമം ഓർമ്മപ്പെടുത്തുമായിരുന്നത്രേ വിവാഹം കഴിക്കുവാൻ. ചില സമയങ്ങളിൽ സമൂഹത്തിൻറെ ചില എഴുതാതെ എഴുതപ്പെട്ട നിയമങ്ങൾ ഗുണത്തിൽ പെടാറുണ്ട്.  അതുപോലെ ആയിരുന്നു ഇന്ദ്രയ്ക്കും.  ഇന്ദ്രയുടെ സഹോദരിയായ ചന്ദ്ര വിവാഹിത ആവാത്തിടത്തോളം ഇന്ദ്രയ്ക്ക് ആ വരിയിൽ ഒരു പടി പിന്നിൽ  തന്നെ സ്ഥാനം പിടിച്ച് നിൽക്കാമായിരുന്നു. . അതായിരുന്നു ഒരു നേട്ടം എന്നവർ  പറയുന്നു. 


വീട്ടിൽ വളരുന്ന സാഹചര്യമാണ് ഏതൊരു കുട്ടിക്കും, ആണാവട്ടെ പെണ്ണാവട്ടെ ഇതൊന്നുമല്ലാത്തതും ആവട്ടെ, വളരാനും വഷളാവാനും അവസരങ്ങൾ ഒരുക്കി കൊടുക്കുന്നത്. ജീവിതത്തിൻറെ അടിസ്ഥാന ആവശ്യം എന്നു പറയുന്നത് വിവാഹമല്ല മറിച്ച് സ്വന്തം കാലിൽ നിൽക്കുവാനുള്ള തന്റേടവും സാമ്പത്തിക സ്വാതന്ത്ര്യവും  ആണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട് ഇന്ദ്രയുടെ ജീവചരിത്രത്തിൽ. ഇന്ദ്രയ്ക്ക് എത്രത്തോളം  ആയിരുന്നോ തൻറെ അമ്മ അത്രത്തോളം സ്വാധീനം തൻറെ മക്കളിൽ ചെലുത്തുവാൻ തനിക്ക്കഴിഞ്ഞിട്ടുണ്ടോ എന്ന് അവർ സംശയിക്കുന്നതായി പറയുന്നുണ്ട്. പലപ്പോഴും ജോലി തിരക്കിനിടയിൽ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റാത്തതിൽ കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ അത് ഒരു സംസ്കാരത്തിൻറെ ഭാഗമായിട്ടാണ് ഇന്ദ്ര കാണുന്നത്. 


ഇനി ഇന്ദ്രയിലുള്ള  സി. ഇ. ഓ. യെ നമുക്ക് പരിചയപ്പെടാം. പെപ്സികോയിലെ സി. ഇ. ഓ ആയി ചുമതല കേൾക്കുന്നത് വരെയുള്ള യാത്ര പടിപടിയായി ഇന്ദ്ര വിവരിക്കുന്നുണ്ട്..  ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം അവർക്ക് വേർതിരിവുകൾ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഒരുപക്ഷേ അത് അമേരിക്കയിൽ ആയതുകൊണ്ടായിരിക്കാം ഇന്നും അവർ ചിന്തിക്കുന്നതായി നമുക്ക് മനസ്സിലാക്കാം.. ഇരുപതാം നൂറ്റാണ്ടിൻറെ അവസാന പകുതിയിൽ മദ്രാസിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഒരു അവിവാഹിതയായ യുവതി ഉദ്യോഗാർത്ഥം നാട്ടിൽ നിന്നും വിട്ടു താമസിക്കുക എന്നത് തന്നെ ഒരു മഹാത്ഭുതമാണ്.  എന്നാൽ ഇന്ന് അവർ തന്നെ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്. 


ഒരു കമ്പനിയുടെ മേൽ ഉദ്യോഗസ്ഥ  എന്ന നിലയിൽ തുടരുക എന്നത് അത്ര എളുപ്പമായിട്ടുള്ള ഒന്നല്ല എന്ന് ഏതൊരാൾക്ക് മനസ്സിലാക്കാം.  അതിൻറെ രഹസ്യത്തെ കുറിച്ച് ഒരു ഇൻറർവ്യൂവിൽ ഇന്ദിര പറഞ്ഞത് ഇപ്രകാരമാണ്. പെപ്സികോ എന്നത് അവർ ജോലി എടുക്കുന്ന ഒരു കമ്പനി അല്ല മറിച്ച് അത് അവരുടെ വിസ്തൃത കുടുംബമാണ് എന്നാണ്.  വിസ്തൃത കുടുംബത്തെ കുടുംബമായി കാണണം എന്നുണ്ടെങ്കിൽ ആദ്യം സ്വന്തം കുടുംബത്തിൽ വേണം ഒരു സന്തുലിതാവസ്ഥ. 


 പലപ്പോഴും ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് ഒരേസമയം രണ്ട് ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിന്റെ മാനസിക പ്രയാസങ്ങൾ അനുഭവപ്പെടാറുണ്ട്. എന്നാൽ ഇന്ധ്ര പറയുന്നത് രണ്ടിടത്തും ഒരുപോലെ സ്നേഹത്തോടെ സ്വന്തം സംഘത്തെ കൂട്ടുപിടിച്ച് മുന്നോട്ട് നയിക്കുകയാണെങ്കിൽ അതിൻറെ ഫലം വാക്കുകൾ കൊണ്ട് അറിയിക്കാൻ കഴിയാത്തതാണ്.  


ഏത് തിരക്കിനിടയിലും  അവർ മദ്രാസിൽ ഉള്ള അവരുടെ പഴയ സംഗീത കലാക്ഷേത്രത്തിലെ വാർഷികത്തിന് വരാനുള്ള സമയം കണ്ടെത്താറുണ്ട്. നമ്മൾ പലപ്പോഴും തിരക്കിനിടയിൽ മാറ്റിവയ്ക്കുക അവരവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങളെയും സന്തോഷങ്ങളെയും ആണ്. ശ്രീ രവിശങ്കർ ഒരു പ്രഭാഷണത്തിൽ പറയുകയുണ്ടായിട്ടുണ്ട് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടാളി നമ്മുടെ ശരീരം തന്നെയാണ് എന്ന്.  ആരോഗ്യമില്ലാത്ത ശരീരവും ഊർജ്ജം ഇല്ലാത്ത മനസ്സും നമ്മളെ മുന്നോട്ട് നയിക്കുക പ്രയാസമാണ് എന്ന്.  എത്ര തിരക്കിനിടയിലും അവരവർക്ക് വേണ്ടി സമയം കണ്ടെത്താൻ വയ്യാത്തവർക്ക് മറ്റുകാര്യങ്ങൾക്ക് സമയം കണ്ടെത്തുക അത്ര എളുപ്പമല്ല. ചെറുതാണെങ്കിലും മനസ്സിന് സന്തോഷം പകരുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്യുന്നതിൽ നമ്മൾ സമയം കണ്ടെത്തേണ്ടതുണ്ട് .


പെപ്സികോ പ്രതിസന്ധികൾ നേരിട്ടിരുന്നു ഒരു കാലമുണ്ടായിരുന്നു. ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ചുള്ള വാഗ്വാദങ്ങളും പ്രതിഷേധങ്ങളും മാധ്യമങ്ങൾ കവിഞ്ഞൊഴുകുന്ന കാലഘട്ടത്തിൽ പോലും ഇന്ദ്ര എന്ന ഉരുക്കു വനിത ഒരടി പോലും കാലിടറാതെ ശക്തയായി നിന്ന് പോരാടിയിട്ടുണ്ട്. ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും വെല്ലുവിളികളായി എടുത്താൽ ഏതൊരു പ്രശ്നവും അവസരമായി മാറും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ദ്രയുടെ ഈ പ്രയാണം.  അത്തരം അവസരങ്ങളിൽ അവർ പേടിച്ച് മാറി നിൽക്കുന്നതിന് പകരം മറ്റ് പേരെടുത്ത ഇത്തരത്തിലുള്ള കമ്പനികളുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്തത്.  ഏതൊരു വ്യക്തിയുടെയും അനുഭവം എന്ന് പറയുന്നത് തെറ്റുകളും ജീവിതത്തിലെ മുള്ളുകൾ നിറഞ്ഞ പാതകളിലൂടെയുള്ള സഞ്ചാരവും ആയിരിക്കും. അത്തരം തെറ്റുകൾ ആണ് പിന്നീട് അവരെ ശക്തമാക്കുന്നതും വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നത് .


അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് മാത്രമല്ല അമേരിക്കയിലേക്കും ഒരു സ്ത്രീക്ക് പറക്കാം. പഴമൊഴി പറയുന്നുണ്ട് ഒരു പുരുഷൻ ആയാൽ നാല് സ്ഥലം കാണണം ഒരു സ്ത്രീയായാൽ 4 അടുക്കള കാണണം. പഴമൊഴിയിൽ പതിരില്ലെങ്കിലും ചില പലമൊഴികൾ പരിഷ്കാരം കാത്തു കിടക്കുന്നുണ്ട്. അതിൽ ഒന്നാവട്ടെ ഇതും. പെൺകുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കണം അല്ലാതെ കല്യാണം കഴിച്ച് സ്വപ്നങ്ങളെ തല്ലിക്കെടുത്താൻ അല്ല. 


അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ ജനങ്ങളെക്കൊണ്ട് നിറഞ്ഞഒരു നാടാണ് കേരളം എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസം നാട്ടികയിൽ വച്ച് നടന്ന ലുലുവിന്റെ ജോബ് ഫെയർ. ശബരിമലയിലെ മകരവിളക്ക് എന്നോണം ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു മൈതാനം. വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം നൽകി പകുതി വഴിയിൽ യാത്രഉപേക്ഷിക്കുന്നതിനു പകരം പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി കൂടി ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിയുമെങ്കിൽ സ്ത്രീധന പീഡനവും ഭർതൃ വീട്ടിലെ അസ്വാരസ്യവും ഏറെക്കുറെ ഒഴിവാക്കാൻ സാധിക്കും. 


ഒരു പെൺകുട്ടിയെ ബാധ്യതയാക്കുന്നതും മുതൽക്കൂട്ടാക്കുന്നതും അവളുടെ കുടുംബം തന്നെയാണ്. . സ്വന്തം കാലിൽ നിൽക്കാനും തീരുമാനങ്ങൾ എടുക്കാനും പ്രാപ്തരാക്കാൻ മാതാപിതാക്കൾ മുൻകൈ എടുക്കേണ്ടതുണ്ട്. സ്വന്തം സ്വപ്നങ്ങളുടെ എക്സ്പയറി ഡേറ്റ് ഒരു ലൈസൻസ് പുതുക്കുന്ന പോലെ പുതുക്കി കൊണ്ടുനടക്കേണ്ടതുണ്ട്. ഇതിനെല്ലാം അടിത്തറ ആവുന്നത് സാമ്പത്തിക ഭദ്രതയാണ്.  മാസ വരുമാനം ഉള്ള ഒരു സ്ത്രീ ഒരിക്കലും ഒരു കുടുംബത്തിനും ബാധ്യത ആവുകയില്ല.  


References


Byrne, Joann. Indra Nooyi: A Biography. New York, NY, Back Bay Books, 2021.


National Women's History Museum. "Indra Nooyi." Women's History.org, National Women's History Museum, 2021, https://www.womenshistory.org/education-resources/biographies/indra-nooyi.


Ms. Saritha. K, Head, Dept. of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna


Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices