പ്രാണവായു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് അംബികാസുതൻ മാങ്ങാട്. എൻമകജെ എന്ന ഒറ്റ നോവൽ മതി അദ്ദേഹമെന്ന എഴുത്തുകാരനെയും ആക്ടിവിസ്റ്റിനെയും അടയാളപെടുത്താൻ. കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിക്കുവേണ്ടി എഴുത്തിലൂടെയും സമരങ്ങളിലൂടെയും പോരാടുന്ന അംബികസുതൻ മാഷിനാണ് ഇപ്രാവശ്യത്തെ (2022) ഓടക്കുഴൽ അവാർഡ്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. ഓക്‌സിജന്‍ക്ഷാമത്തെ കുറിച്ച് പ്രവചിച്ച ഒരു കഥയായിരുന്നു 'പ്രാണവായു'. ഒരു പക്ഷേ കോവിഡ് കാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട ഒരു കഥയായിരുന്നിരിക്കാം ഇത് . മിക്ക വാട്സ്ആപ് ഗ്രൂപ്പുകളിലും, സോഷ്യൽ മീഡിയയിലും ഷെയർ ചെയ്ത് ഒരുവിധം എല്ലാവരും വായിച്ചിരുന്നു . ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015-ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ഈ കഥ അന്ന് വികലഭാവനയെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം അന്ന് മലയാളിയ്ക്ക് സങ്കല്പത്തിൽ പോലും ഓക്സിജൻ ക്ഷാമത്തെകുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. പ്രവചന ബോധം ഉള്ളത് കൊണ്ടല്ല, പ്രകൃതിയെ നിരന്തരം വീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ, പ്രകൃതിയിലുള്ള മാറ്റങ്ങളൊക്കെ കണ്ടുകൊണ്ടിരിക്കുകയും ശ്രദ്ധിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ തന്റെ ഉള്ളിൽനിന്നും വരുന്ന ചില ഭയങ്ങളും ഉത്കണ്ഠകളുമാണ് പ്രണവായു, എൻ മകജെ പോലെയുള്ള കഥകളാവുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
‘‘കുട്ടികൾ ഉറങ്ങിയോ?’’
‘‘ഊം’’
‘‘അച്ഛനുമമ്മയും?’’
‘‘കിടന്നു. പലതവണ അച്ഛനുമമ്മയും അന്വേഷിച്ചുകൊണ്ടിരുന്നു. വരുൺ വന്നോയെന്ന്’’.
ചോറിനു മുന്നിൽ വെറുതെയിരുന്ന് വരുൺ പറഞ്ഞു.
"ഞാന്‍ കുറേ കണക്കുകൂട്ടി നോക്കി അനീഷാ. ഇന്നു രാത്രിയില്‍ ഒരാള്‍ മരിച്ചേ ഒക്കൂ. എങ്കില്‍ നാലഞ്ചു ദിവസംകൂടി പിടിച്ചുനില്‍ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്‍ തന്നെയിട്ട് വരുണ്‍ പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ മാസ്‌ക് ഇപ്പോള്‍ നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല്‍ മതി!''.
പ്രാണവായു എന്ന ചെറുകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്..ഓക്സിജനുവേണ്ടി സിലിണ്ടറുകളുമായി നിര നിൽക്കുന്ന കോവിഡ് കാല തെരുവുകളിൽ നിന്നും ലഭിച്ച കഥാതന്തുവിൽ നിന്നും ഈയിടെ പിറന്ന ഒരു കഥയല്ല ഇത് .. എട്ടു വർഷം മുമ്പ് 2015 ൽ എഴുതിയ ചെറുകഥയാണിത്.
നാലുവർഷങ്ങൾക്കിപ്പുറം
നമ്മുടെ തലസ്ഥാനത്ത് അതു സംഭവിച്ചു. ഓക്ജിസൻ ലഭിക്കാത്ത പ്രശ്നം ഡൽഹിയിലും,
മുംബൈയിലും ജനം അനുഭവിച്ചുതുടങ്ങി. കോവിഡ്
രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെ ആളുകൾ ആശുപത്രിക്കു മുന്നിലും വഴിയിലുമൊക്കെ മരിച്ചുവീഴുന്നതു
വിറങ്ങലിച്ചുകൊണ്ടാണ് നമ്മൾ വാർത്താ ചാനലുകളിലൂടെ കണ്ടത്. പ്രസിദ്ധീകരിച്ച സമയത്ത്
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും കോവിഡ്
കാലഘട്ടത്തിൽ പ്രാണവായു വീണ്ടും ചർച്ചയായി.
കോവിഡ് കാലത്ത് നമ്മൾ കണ്ട പല കാഴ്ചകളും പ്രണവായുവിൽ മുൻപേ എഴുതി വെച്ചിട്ടുണ്ട്. ഓക്സിജൻ കിറ്റ് കിട്ടാതെ വരുന്നു.. ആശുപത്രി വരാന്തകളിലും റോഡ് സൈഡിലും ആളുകൾ മരിച്ചു കിടക്കുന്നു..പ്രായം ചെന്നവർക്ക് ആശുപത്രികളിൽ ബെഡ് കിട്ടുന്നില്ല.. ഓക്സിജൻ പോലും നിരസിക്കുന്നു.. ലോകം പ്രണവായുവിന് വേണ്ടി നെട്ടോട്ടമോടുന്നു .
നഗരത്തിൽ ഓക്സിജന് വേണ്ടി അലയുന്ന ഒരു കുടുംബത്തിന്റെ ഈ കഥ വായനക്കാരന്
മുന്നിൽ വലിയൊരു ചിന്ത നൽകി കൊണ്ടാണ് അദ്ദേഹം
അവസാനിപ്പിക്കുന്നത്. എൻഡോസൾഫാൻ സമരങ്ങളിൽ നേതൃത്വനിരയിൽ ഉണ്ടായിരുന്ന, അവരുടെ വേദനകളെ
നേരിട്ട് അറിയുന്ന, പരിസ്ഥിതി പോരാട്ടങ്ങളിലെ അനുഭവങ്ങളുള്ള, വരാനിരിക്കുന്ന കാലത്തെ
മുൻപേ കൂട്ടി പ്രവചിച്ച അംബികാ സുതൻ മാങ്ങാട്, 'എഴുത്തുകാരൻ കാലത്തിന്റെ കണ്ണാടിയെന്ന' ചൊല്ല്
അന്വർത്ഥമാക്കിയിരിക്കുകയാണ്.
Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment