പെൺ ദിനം
കുളിമുറിയിൽ കയറിയപ്പോൾ ചൂട് വെള്ളം കൊണ്ട് വെക്കാത്തതിന് അവളെ പഴിച്ച്, കുളികഴിഞ്ഞ് ചായകുടിക്കാൻ ഇരുന്നപ്പോൾ കറിയിലിത്തിരി ഉപ്പ് കുറഞ്ഞതിനു അവളെ കുറ്റം പറഞ്ഞ്,മുടി ചീകാൻ ചീർപ്പ് തെരഞ്ഞു കാണാത്തതിന് അവളെ ശകാരിച്ച് ,നേരം വൈകി എന്ന് പിറു പിറുത്തു കൊണ്ട് അയാൾ വേഗം നടന്നു, ഇന്ന് ടൌൺ ഹാളിൽ വെച്ച് നടക്കുന്നന് വനിതാ ദിന പരിപാടിയിലെ, 'സ്ത്രീ സമത്വവും, സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകൻ അയാളാണ്.
*******************************************
ഉള്ളിലെരിയുന്ന കനലിനെ പെണ്ണിനോളം ഊതി കത്തിക്കാൻ മറ്റാർക്കാണ്
കഴിയുക..അതിനുള്ള ശക്‌തി അവളോളം വേറാർക്കുമില്ല..മനുസ്മൃതിയെ ശെരി വെച്ചുകൊണ്ടാണ് ഓരോ
പെണ്കുട്ടിയും ഇന്നും പിറന്നു വീഴുന്നത്..
"പിതാരക്ഷതി കൗമാരേ,ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്ക്യേ.ന
സ്ത്രീ സ്വാതന്ത്ര്യമർഹതി". അല്ലെങ്കിൽ,നമ്മുടയൊക്കെ മനസ്സിൽ അങ്ങനെ ഒരു ധാരണ
നാം ഊട്ടിയുറപ്പിച്ചിരിക്കുന്നു..അവൾ എല്ലാക്കാലവും സംരക്ഷിക്കപ്പെടേണ്ടവൾ ആണ്.. അതിനർത്ഥം
അവൾക്ക് ആഗ്രഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലെന്നല്ല..ഒരാളുടെ സംരക്ഷണയിൽ കഴിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവാം..എന്നാൽ അവളുടെ ആകാശങ്ങൾക്ക്
നിറം കൊടുക്കാൻ അവളെ സഹായിച്ചില്ലെങ്കിലും, തളർത്തതിരിക്കുക..മാതാ പിതാക്കളാവട്ടെ..സഹോദരങ്ങളാവട്ടെ..സമൂഹമാവട്ടെ..നിങ്ങളുടെ കണ്മുന്നിൽ പിറന്നു വീഴുന്ന പെണ്കുഞ്ഞിന്റെ ചിറകുകൾക്ക് നിങ്ങളാൽ കഴിയുന്ന ബലം കൊടുക്കുക..അവളും
നിങ്ങളെ പോലെ പറന്നുയരട്ടെ..സ്വപ്നം കാണട്ടെ..പുഞ്ചിരി തൂവട്ടെ..കാലാകാലങ്ങൾ ആയി കണ്ടു
വരുന്ന 'മഹത്തായ അടുക്കള' കളിലെ പുകയടിച്ചു കലങ്ങിയ കണ്ണുകളിൽ നിന്ന് ലക്ഷ്യ ബോധത്തിന്റെയും,അഭിമാനത്തിന്റെയും
നെയ്തിരി പ്രകാശം പരക്കട്ടെ..അബലയും സർവംസഹയുമായ പെണ്ണിൽ നിന്ന്,ആത്മ വിശ്വാസത്തിന്റെയും,നിശ്‌ചയദാർഢ്യ
ത്തിന്റെയും പടികൾ തലയുയർത്തിപ്പിടിച്ചവൾ നടന്നു കയറട്ടെ..
വനിതാദിനാശംസകൾ
Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment