തുഹ്ഫത്തുൽ മുജാഹിദീൻ
വൈദേശിക ആധിപത്യത്തിന്റെ കൈപ്പുനിറഞ്ഞ രുചിയറിഞ്ഞവരാണ് കേരളത്തിന്റെ പൂർവ്വികർ. മലയാള നാടിന്റെ സാമൂഹിക ചുറ്റുപാടുകൾ പലപ്പോഴും മതവിശ്വാസത്തിലൂന്നിനിൽക്കുന്നതായി കാണാം. മലബാറും തിരുവിതാംകൂറും ഇട കൊച്ചിയുമൊക്കെ പറഞ്ഞു വച്ച ചരിത്രത്തിന്റെ ഓർമകൾ ഇന്നും നിലക്കാത്ത സഞ്ചാരത്തിലാണ്. അതിന് കാരണമായത് തലമുറകൾ കൈമാറിയ ചരിത്രം ഗ്രന്ഥങ്ങളാണ്.
കേരള മുസ്ലീം ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത കണ്ണിയാണ് മഖ്ദും കുടുംബം. തമിഴ്നാടിലെ തീരദേശ പട്ടണമായ മഅ്ബറ് എന്ന് അറിയപ്പെട്ടിരുന്ന കോറമണ്ഡലത്തിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയവരാണ് മഖ്ദും കുടുംബം. കേരളത്തിലെ ഇസ്ലാം മത പ്രചാരകരായി മാറിയ കുടുംബത്തിലെ അംഗമായ സൈനുദ്ധീൻ മഖ്ദും രണ്ടാമൻ
അറബി ഭാഷയിൽ രചിക്കപ്പെട്ട കേരളത്തിലെ ആദ്യ ചരിത്ര കൃതിയാണ് 'തുഹ്ഫത്തുൽ മുജാഹിദീൻ'. 'പോരാളികൾക്കുള്ള സമ്മാനം' എന്ന അർത്ഥ വാക്യം വരുന്ന ഗ്രന്ഥത്തിൽ കേരളത്തിലെ ഇസ്ലാമിന്റെ ആവിർഭാവവും ഹൈന്ദവ ആചാര രീതികളും വിശ്വാസങ്ങളും വിവരിക്കുന്നു.
നാല് ഭാഗമുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിന്റെ മഹത്ത്വം, മലബാറിലെ ഇസ്ലമിക പ്രചാരണത്തിന്റെ തുടക്കം, കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിത രീതികളും, പോർചുഗീസ് അക്രമങ്ങളുടെ വിവരണങ്ങളും ഉൾകൊള്ളുന്നു.
ബീജാപ്പൂർ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി ആദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ ഗ്രന്ഥം സമർപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണ ശേഷം 1591 ൽ ആണ് ഈ ഗ്രന്ഥം പൂർത്തീകരിക്കുന്നത്.
ജനങ്ങളെ അടിച്ചമർത്തുകയും, അവരുടെ പ്രദേശങ്ങൾ അക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറങ്കികൾക്കെതിരെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്യുന്നതിലൂടെ കടന്ന് പോകുന്ന വരികൾ വിശുദ്ധ യുദ്ധത്തിന്റെ മഹത്ത്വം പറയുന്നതിലൂടെ മുന്നോട്ട് നയിക്കുന്നതാണ് ഒന്നാം ഭാഗം.
കേരളത്തിലേക്ക് ഇസ്ലാംമിന്റെ ആഗമനത്തെ കുറിച്ചും ചേരമാൻ പെരുമാളിന്റെ അറേബ്യൻ യാത്രയെ കുറിച്ചും പടിഞ്ഞാറെ തീരത്തെ പ്രധാന തുറമുഖങ്ങളുടെ വളർച്ചയെപ്പറ്റിയും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
മാലിക് ബ്നു ദീനാറും സംഘവും കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയതും ആദ്യ മുസ്ലീം പള്ളി നിർമിച്ചതും ചരിത്രം ഗ്രന്ഥത്തിൽ ഇടം നേടി.
ആ കാലഘട്ടത്തിലെ ഹൈന്ദവ ആചാര മര്യദകളെ വിവരിക്കുന്ന ഭാഗം അത്യന്തം വിജ്ഞാനപ്രദമാണ്. ജാതിസമ്പ്രദായം, വിവാഹ ക്രമം, പിന്തുടർച്ചാവകാശം, വസ്ത്രധാരണം, തൊഴിൽ എന്നിവ ചർച്ചചെയ്യുന്ന ഈ അധ്യായത്തിൽ, അക്കാലത്തെ കേരള സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും കൃത്യമായ ചിത്രം നൽക്കുകതാണ്.
പോർചുഗീസ് ആധിപത്യത്തിന് എതിരെ സമരത്തിന് ആഹ്വാനം ചെയ്യുന്ന ഈ കൃതിയുടെ അവസാന ഭാഗം, അവർ ചെയ്തുകൂട്ടിയ ക്രൂരമായ പ്രവൃത്തികൾ പ്രതിപാദിക്കുന്നു. അധിനിവേശ വിരുദ്ധ സമരത്തെ മതകീയ ബാധ്യതയാണ് എന്ന് പറയുന്നതിലൂടെ ചരിത്രത്തിന്റെ ഉള്ളറകൾ തുറന്ന് കാണിക്കുകയാണ് രചയിതാവ്.
ഇന്നും വിവിധ യൂണിവേഴ്സിറ്റികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ഗ്രന്ഥം പഠനത്തിനു വിധേയമാക്കുന്നത് മൂല്യ ചോർച്ചകളില്ലാതെ ചരിത്രംത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ടാണ്. ഇന്ത്യയിലും വിദേശത്തുമായി മുപ്പത്തി എട്ടോളം ഭാഷകളിലേക്ക് ഈ പുസ്തകം പരിഭാഷ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് എം. ജെ. റോളണ്ട്സൺ എന്ന എഴുത്തുകാരൻ പരിഭാഷ നടത്തിയിട്ടുള്ള പുസ്തകം വേലായുധ പണിക്കശേരി, സി. ഹംസ, മൂസാൻ കുട്ടി മുസ്ലിയാർ എന്നിവർ മലയാളത്തിലേക്കും പരിഭാഷ നടത്തിയിട്ടുണ്ട്.
അറബി ഭാഷയിലേക്ക് കേരളത്തിന്റെ സംഭാവനകൂടിയായിരുന്നു ഈ പുസ്തകം. സ്വന്തം നാടിന്റെ നിലനിൽപ്പിന് വേണ്ടി പോരാട്ട വീര്യം പകർന്നു നൽകാൻ ഒരു കാലത്ത് ഈ ഗ്രന്ഥത്തിന് കഴിഞ്ഞുവെന്നതാണ് ചരിത്രം.
കഥ കേൾക്കലുകൾ എന്നതിനപ്പുറം വായിക്കപ്പെടാതെ പോകേണ്ടതല്ല ഈ ഗ്രന്ഥം, മറിച്ച് ആഴമേറിയ വയനകൾക്കും അറിവുകൾക്കും അവസരം നൽകുകയാണ് ഈ പുസ്തകത്തിൽ എന്ന തിരിച്ചറിവാണ് വേണ്ടത്.
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment