'ആതി'യിലെ ആധി
പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുകയാണ് നമ്മളിപ്പോൾ..കിണറുകളും, കുളങ്ങളും, പുഴകളും വറ്റിവരളുന്നു..
ജലം എത്ര അമൂല്യമാണ് എന്നും
കാടും, മലകളും പുഴകളും കായലും തണ്ണീർതടങ്ങളുമെല്ലാം
വിലമതിക്കാനാവാത്ത പ്രകൃതിയുടെ വരദാനമാണ് എന്നും അറിയാതെ നമ്മൾ ഓർത്തുപോവുന്നു.
തണ്ണീർത്തടങ്ങളും, വെള്ളത്തിൽ മുങ്ങി
നില്‍ക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്നു കൊച്ച് തുരുത്തുകൾ ചേർന്ന,
തണലും തണുപ്പുമാണ് ആതി..പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി
കണ്ടലുകളുടെ പച്ചവള. ആതിക്ക് ചുറ്റും കായലാണ്...അതിനപ്പുറം തിരക്കിന്റെ മഹാനഗരം. എത്ര
കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയിൽ
ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം....ആകാശത്തിന്റെ
ചോട്ടിൽ, വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ആതി.
കഥാകൃത്തിന്റെ വാക്കുകൾ കടമെടുത്താൽ ” ആതി അങ്ങിനെ ഒരു കയമാണ്. പ്രാചീന വിശുദ്ധിയോടെ, തണുപ്പോടെ, അത് കിടക്കുന്നു. മരുഭൂമിയിൽ, ‘ഹാഗാർ’ അവളുടെ മൃതപ്രായനായ മകനോടൊപ്പം മുങ്ങിക്കിടന്ന ജീവന്റെ ഉറവ പോലൊന്ന്! മനസ്സിലും ശരീരത്തിലും മാരകമായി അണുവികിരണം ഏറ്റു കൊണ്ടിരിക്കുന്ന ഈ ലോകത്തുനിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാൻ എനിക്കൊരു കയം വേണം. അതിനാണ് ഞാൻ ആതി എഴുതിയത്."
കണ്ടൽക്കാടുകളും കായലുകളും നിറഞ്ഞ മനോഹരമായ ആതി. ഇവിടുത്തെ കുമാരൻ ജോലി ചെയ്യാനുള്ള മടി കാരണം
പുറത്തുപോകുന്നു. കോടീശ്വരനായി തിരിച്ചുവരുന്നു. ആതിയിലെ പ്രകൃതിയെ നശിപ്പിക്കാൻ ഒരുങ്ങുന്നു.
ഇതിനെതിരെ ദിനകരൻ പ്രതികരിക്കുന്നു. പക്ഷേ കുമാരനാൽ കൊല്ലപ്പെടാൻ ആയിരുന്നു ദിനകരന്റെ
വിധി. ആതിയിൽ നിന്നും ഓടിപ്പോയ കുമാരൻ തിരികെ എത്തുന്നു. ഒപ്പം മാലിന്യക്കൂമ്പാരം നിറച്ചുകൊണ്ട് അയാളുടെ ലോറികളും.
ആതിയിലെ ജനങ്ങൾക്കും പുറംലോകത്തിനും 'യഥാർത്ഥ ദൈവത്തി'നെ അയാൾ പരിചയപ്പെടുത്തുന്നു.
തെളിനീരിനു കുറുകെ പാലമിട്ടുകൊണ്ട് നഗരത്തെ ഗ്രാമത്തിലേക്ക് വലുതാകുന്നു. വികസനം നഗരത്തിന്റെയോ
ഗ്രാമത്തിന്റെയോ..
ആതിയും മാറുന്നു. ആതിയിലുള്ള ചിലരും...ആതി
ആതിയിൽ ഉള്ളവരുടെ അല്ലാതായി മാറുന്നു. മണ്ണും വെള്ളവും കൊണ്ട് നനഞ്ഞ ദേഹത്തിനു മീതെ
മിനുമിനുപ്പുമുള്ള കുപ്പായങ്ങളും അതിനുള്ളിൽ വിയർപ്പിന്റെ ഉപ്പു പുരളാത്ത നോട്ടുകെട്ടുകളും..കൃഷി
ലാഭമില്ല. ഒരിക്കൽ അന്നം വിളഞ്ഞ ആതി വെറും ചതുപ്പ്...
പ്രകൃതിയുടെ സന്തുലനം തച്ചുടച്ചും,
മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ,
ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത
ആതി കാണിച്ചുതരുന്നുണ്ട്. കഥ പറച്ചിലിലൂടെയാണ് ആതി മുന്നോട്ടു പോകുന്നത് . ഓരോ കഥയിൽ
നിന്നും ജീവിതത്തിലേക്ക് എന്ത് പകർത്താം എന്നാണ് ആതിദേശത്തുകാർ ചിന്തിക്കുന്നത് . ദിനകരൻ
, പൊന്മണി , സിദ്ധു , കുമാരൻ , കുഞ്ഞുമാതു, കായൽ, നൂർമുഹമ്മദ് ,ഷൈലജ, ചന്ദ്രമോഹൻ ,
അങ്ങനെ നീളുന്ന കഥാപാത്രങ്ങൾ..
ആതി ഒരു സ്വപ്നലോകമോ സങ്കല്പ ദേശമോ
അല്ല.’ ആതി’ക്ക് സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരംപോലെ..
അവസാനത്തെ പുഴ പോലെ..
പാരിസ്ഥിതിക നോവൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും,ആതി
കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ നിരവധിയാണ്. ജലചൂഷണം, ജല ദൗർലഭ്യം, പാരിസ്ഥിതിക പ്രശ്നങ്ങൾ, വികസനം, ഭൂമികയ്യേറ്റം, അങ്ങിനെയങ്ങനെ
നമ്മുടെ ജീവിതത്തിൽ കേൾക്കുന്നതും,
കേട്ടു പരിചയിച്ചതുമായ വിഷയങ്ങൾ . ഭൂമിയോട്,പ്രകൃതിയോട് ചേർന്നുകൊണ്ട് പ്രകൃതിയുടെ
സ്പന്ദനമറിഞ്ഞുകൊണ്ട് നമ്മുടെ മണ്ണും ,വെള്ളവും , പ്രകൃതിയും , സംസ്കാരവും , സംരക്ഷിക്കേണ്ട
ബാധ്യത നമുക്കുണ്ട് എന്ന് കൂടി ഓർമിപ്പിക്കുന്നുണ്ട് ഈ നോവൽ .
സാറാ ജോസഫിന്റെ ആതി ഒരു യാത്രയാണ്.
കഥാപാത്രങ്ങളോടൊപ്പം, നമ്മളിലേക്ക്. ഇത് ഭൂമിയുടെയും നമ്മൾ ഓരോരുത്തരുടെയും നിലനില്പിനെ
ഓർമ്മപ്പെടുത്തുന്ന ഒന്നാണ്. ദുരാഗ്രഹവും പേറി ഭൂമി മുഴുവൻ തന്റെ കൈപ്പിടിയിലൊതുക്കാൻ
ശ്രമിക്കുന്ന, പ്രകൃതിയെ മറന്ന് അവനവന്റെ കുഴി കുഴിക്കുന്ന മനുഷ്യന്റെ കഥ. ആതി തരുന്ന
വായനാനുഭവവും ഉൾക്കാഴ്ചയും അനുഭവിച്ച് തന്നെ
അറിയേണ്ടതാണ്.
Ms. Febeena. K, Asst. Prof. of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment