ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായിരുന്നു!

 പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു രണ്ടുദിവസമായി രാജ്യം ചർച്ച ചെയ്ത പ്രധാന വിഷയം. സൈബർ ലോകവും വലിയ ഒരു പ്രാധാന്യത്തോടെ തന്നെ ഇത് ചർച്ച ചെയ്തു. ഇത് കുംഭമേളയോ,മഹാഭാരതം സീരിയൽ ഷൂട്ടിങ്ങോ,തുടങ്ങി നിരവധി ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയയും സൈബർലോകവും  ഈ വിഷയം ആഘോഷിച്ചു. എന്നാൽ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ട്രോളാനും പരിതപിക്കാനും മാത്രമുള്ള കാര്യമാണോ.?  ഇന്ത്യ ജനാധിപത്യമതേതര രാഷ്ട്രം ആയിരുന്നില്ലേ.? ഭൂരിപക്ഷമതത്തെ പ്രോത്സാഹിപ്പിക്കുകയും, പിൻപറ്റുകയും ചെയ്യുന്ന ഇത്തരം ചടങ്ങുകൾ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അപകടകരമല്ലേ.?

രാഷ്ട്രപതിയുടെയും,പ്രതിപക്ഷത്തിന്റെയും അഭാവത്തിൽ ഹിന്ദുമത ആചാരപ്രകാരമുള്ള പൂജകൾക്ക് ശേഷമാണ്  പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകം അനാച്ഛാദനം  ചെയ്തത്. തീവ്ര ഹിന്ദുത്വം ദേശീയതയായി അവതരിപ്പിക്കുന്ന അപകടരമായ ഒരു കാഴ്ചയിലേക്കാണ് ഈ ചടങ്ങ് നമ്മളെ കൊണ്ടെത്തിച്ചത്.

ഇന്ത്യൻ രാഷ്ട്രത്തലവൻ എന്ന നിലയിലും, ഭരണഘടനാപ്രകാരവും, പാർലമെന്റിലെ പ്രധാന ഘടകം എന്ന നിലയിലും ഈ ഉത്തരവാദിത്വം പ്രസിഡണ്ന്റിനായിരിക്കണം എന്നിരിക്കെ സവർണ്ണ മേധാവിത്വത്തിന്റെ നേർക്കാഴ്ച എന്നേ ഈ ചടങ്ങിനെ വിശേഷിപ്പിക്കാൻ കഴിയൂ. പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിടുമ്പോൾ ഇന്ത്യയുടെ പ്രസിഡന്റ് ദളിതനായ റാം നാഥ് കോവിന്ദ്, ഉദ്ഘാടനം ചെയ്യുമ്പോൾ പ്രസിഡന്റ് ആദിവാസിയായ ദ്രൗപതി മുർമു..രാജ്യത്തിന്റെ ഭരണശ്രീകോവിൽ എന്ന് ഉദ്ഘാടനത്തെ വിശേഷിപ്പിച്ചുകൊണ്ട് ക്ഷേത്രസമാനമായ ആചാരങ്ങളോടെ പാർലമെന്റ് ഉദ്ഘാടനം നടക്കുമ്പോൾ, മനുസ്മൃതിയെ പിൻപറ്റുന്നവർക്ക് മനുസ്മൃതിയിൽ മനുഷ്യഗണത്തിൽ പോലും ഉൾപ്പെട്ടിട്ടില്ലാത്ത കോവിന്ദും, മുർമുവും സാന്നിധ്യം കൊണ്ട് പോലും ഉണ്ടായിരിക്കുക എന്നത് അസഹനീയമായിരുന്നിരിക്കണം. അയിത്ത ജാതിയിൽപ്പെട്ട അവർണർക്കുമുന്നിൽ എങ്ങനെ ഉത്തരേന്ത്യൻ ബ്രാഹ്മണ്യം മന്ത്രോച്ചാരണം നടത്തും.?

 

 എന്നാൽ അവർക്ക് സ്ഥാനമാനങ്ങൾ കൊടുത്തില്ലേ എന്ന് ചോദ്യം ഉയർത്തുന്നവരോട്.., ആദിവാസികൾക്കും, ദളിതർക്കും  ഭരണം നിർണയിക്കാൻ ശേഷിയുള്ള ഈ രാജ്യത്ത് ഇത്തരം തീരുമാനങ്ങൾ തീർത്തും രാഷ്ട്രീയപരമായ ആവശ്യമാണ്.തങ്ങളുടെ ഉള്ളിലെ ബ്രാഹ്മണിക്കൽ അജണ്ടയെ മൂടിവെക്കാൻ അവർക്ക് ഇത്തരം ചില രാഷ്ട്രീയ നാടകങ്ങൾ കൂടിയേ തീരൂ.  പേരുകേട്ട മതരാഷ്ട്രങ്ങൾ പോലും  ഇതര മതവിശ്വാസികൾക്ക് അവരുടെ ആരാധനാലയങ്ങൾ നിർമിക്കാനും, സഹിഷ്ണുതയോടെ ജീവിക്കാനും അവസരം കൊടുക്കുന്ന ഈ കാലഘട്ടത്താണ് മതേതര രാഷ്ട്രം എന്നറിയപ്പെടുന്ന ഒരു രാജ്യം ഇങ്ങനെ അധപതിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ട്രോളുകളും,അന്തി ചർച്ചകൾ കൊണ്ടും അവസാനിപ്പിക്കേണ്ട വിഷയമല്ല ഇത് എന്നും രാഷ്ട്രീയ ബോധത്തോടെയുള്ള പ്രതിഷേധമാണ് ആവശ്യമെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം