കാൽപന്ത് കളിയിലെ ഇന്ത്യൻ വിജയഗാഥ
"നിങ്ങൾ കളി കാണുവാൻ വരൂ... ഞങ്ങളെ കുറ്റപ്പെടുത്തൂ... തെറി വിളിക്കൂ...., ഒരിക്കൽ ഞങ്ങൾ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കുക തന്നെ ചെയ്യും..." ലോക ഫുട്ബോളിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും കൂടെ പേര് ചേർക്കപ്പെട്ട് ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ വാക്കുകളാണിത്. 140 കോടിയോളം ജനസംഖ്യ വരുന്ന ഇന്ത്യ മഹാരാജ്യം ഒരുകാലത് ഫുട്ബാൾ ഭൂപടത്തിൽ എങ്ങും തന്നെ ഇല്ലായിരുന്നു, അവിടെ നിന്ന് പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ ലഭിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്താണ്....
ഫുട്ബോളിന് വളകൂറില്ലാത്ത ഏഷ്യൻ മണ്ണിൽ പോലും ഇന്ത്യ ഒന്നും അല്ലാതെ ആയിരുന്നു. കേട്ട് കേൾവി ഇല്ലാത്ത രാജ്യങ്ങളെ നേരിടാൻ പോലും കഴിയാതെ പോയിരുന്നു. ബൈചുങ് ബുട്ടീയ, സുബ്രതോ പോൾ, വി. പി. സത്യൻ, ജെജെ പെക്ലുവ, ഐ. എം. വിജയൻ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, ജോ പോൾ അഞ്ചേരി, പ്രദീപ് കുമാർ ബനർജി തുടങ്ങി ജനപ്രീതിയിൽ മുന്നിൽ നിന്ന ഒരുപിടി താരങ്ങൾ ഓരോ കാലഘട്ടത്തിലും ഇന്ത്യൻ ഫുട്ബാളിലൂടെ കടന്ന് പോയെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ കഴിയാതെ പോയി. ഏഷ്യൻ വൻകരയിൽ നിന്നും ലോകകപ്പ് കളിക്കുവാൻ വേണ്ടി യോഗ്യത മത്സരം വരുമ്പോൾ ടീമുകളെ 4 പോട്ടുകളായി തിരിക്കും, രാജ്യങ്ങളുടെ ഫിഫ റാങ്കിങ് നോക്കി ഇത്തരത്തിൽ തരം തിരിക്കുമ്പോൾ ഇന്ത്യ എന്നും 3, 4 പൊട്ടുകളിൽ ആയിരിക്കും. ഇന്ത്യൻ ഗവണ്മെന്റ് വേണ്ട പരിഗണന നൽകുന്നില്ല എന്നതും മതിയായ കളിസ്ഥലം ഇല്ല എന്നതും ഇന്ത്യൻ ടീമിന്റെ വളർച്ചയെ സാരമായി ബാധിച്ചു എന്ന് ഒരു വിഭാഗം വിമർശിച്ചു. പണം കൊയ്യുന്ന ക്രിക്കറ്റിന് വേണ്ടി ഇന്ത്യ എത്ര രൂപയും മുടക്കാൻ മടിക്കുന്നില്ല എന്ന അഭിപ്രായവും ഉയർന്ന് വരാറുണ്ട്.
ഒന്നും അല്ലാത്ത ഫുട്ബോളിനെ നശിപ്പിക്കുന്നത് ഇന്ത്യയിലെ കുത്തഴിഞ്ഞ രീതികൾ ആണെന്ന് തെളിയിക്കുന്നത് ആയിരുന്നു പല ആഭ്യന്തര താരങ്ങളും മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ കുപ്പായം അണിയാൻ അവരെ അനുവദിക്കാതെ ഇരുന്നത്. എത്രയോ യുവപ്രതിപകൾക്ക് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ വാതിൽ കൊട്ടിയടക്കപ്പെട്ടത് ഇന്ത്യയിലെ രാഷ്ട്രീയ കൈകടത്തലുകൾ ആണെന്ന് കാണാൻ കഴിയും. സർക്കാർ ജോലികളിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ കയറ്റുന്നതിന് ഉള്ള പിൻവാതിലുകളായി ഇന്ത്യൻ ഫുട്ബോളിന്റെ സെലക്ഷൻ ട്രയലുകൾ മാറി കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു വാർത്തയുണ്ട് പ്രതിവർഷം ഇന്ത്യയിലെ താരങ്ങൾ വാങ്ങുന്നത് 7 കോടി മുതൽ 1 കോടി രൂപ വരെ ആണ് എന്നാണ്. പലപ്പോഴും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുക പോലും ചെയ്യാത്ത താരങ്ങൾക്കും ബി. സി. സി. ഐ. നൽകുന്നത് കോടികൾ ആണ്... അതേ സമയം ഒരു മുഴുവൻ ടീമിനും ആ ടീമിന് മത്സരം നടത്തുന്നതിനും ടീമിന്റെ മറ്റു ചിലവുകൾക്കും ആയി എ. ഐ. എഫ്. എഫ്. നു ലഭിക്കുന്നത് വെറും 5 കോടി രൂപ മാത്രം ആണ്... ഒരു വർഷം ഇന്ത്യൻ ക്രിക്കറ്റിലെ എ കാറ്റഗറി താരം വാങ്ങുന്ന പ്രതിഫലം പോലും ഒരു വർഷം ഇന്ത്യൻ ഫുട്ബാളിന് നൽകുന്നില്ല എന്നതാണ്...
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണയിക്കുന്നതിന് വേണ്ടി കവടി നിരത്തി ഫിഫയുടെ ബാൻ ഏറ്റുവാങ്ങിയ ചീത്തപ്പേരിൽ ഇരിക്കുന്ന ഇന്ത്യൻ ഫുട്ബാളിൻ ഇനി എന്ത് വളർച്ച എന്ന ചോദ്യം ഉയർന്ന് തുടങ്ങി. കോടികൾ വാരുന്ന ഐ. പി. എൽ. പോലൊരു ലീഗ് വേണം എന്ന് പറഞ്ഞു ഐ. എസ്. എൽ എന്ന പേരിൽ ഒരു ലീഗ് തുടങ്ങിയപ്പോൾ തിരിഞ്ഞു നോക്കാതെ പോയ ഇടക്കാല ഫുട്ബാൾ പ്രേമികൾ രംഗത്ത് വന്നു. ഇന്ത്യയുടെ അഭിമാനമായ ഐ-ലീഗ് നശിച്ചുകൂടാ എന്ന വാദം വന്നു. ഐ. പി. എൽ. കാരണം മുങ്ങി പോയ രഞ്ജി ട്രോഫി പോലെ ഉള്ള ക്രിക്കറ്റ് മത്സരങ്ങൾ ആരും കണ്ടില്ല, പക്ഷെ ഐ-ലീഗ് സംരക്ഷണ സമിതി പൊടുന്നനെ തന്നെ വന്നു എന്നതും അതിശയമാണ്. പണം വാരി എറിയുവാൻ ഇന്ത്യൻ സമ്പന്നർ തയ്യാറായപ്പോൾ ഇന്ത്യൻ യുവതാരങ്ങൾക്ക് ഇന്ത്യൻ പാതകക്ക് കീഴിൽ കളിക്കുവാൻ ഉള്ള ഒരു പടിവാതിൽ ആയി ഐ. എസ്. എൽ മാറി. വിദേശ രാജ്യങ്ങളിൽ നിന്നും ലോകോത്തര താരങ്ങൾ വന്നപ്പോൾ വളർന്നു വരുന്ന ഫുട്ബാൾ താരങ്ങൾക്ക് അത് ഒരുപാട് വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. നിക്കൊളാസ് ആനൽക്ക, ഡിയാഗോ ഫോർലാൻ, ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസ്, എലാനോ, ബെർബാറ്റോവ്, വെസ് ബ്രൗണ്, ഡേവിഡ് ജയിംസ്, ഫ്ലോറന്റോ മാലൂദ തുടങ്ങി ലോക ഫുട്ബാളിനെ അടക്കി ഭരിച്ച രാജാക്കന്മാർ സിംഹാസനങ്ങൾ വെടിഞ്ഞു ഇന്ത്യൻ ഫുട്ബോളിന്റെ മണ്ണിലേക്ക് ഇറങ്ങി. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലും, ബെംഗളൂരുവിലെ ശ്രീ കണ്ടീരവയിലും, ഗോവയിലെ ഫാറ്റാർടയിലും, കൊൽക്കത്തയിലെ സാൾട്ട് ലേക്കിലും കാൽപന്ത് കൊണ്ട് അവർ മായജലങ്ങൾ തീർത്തപ്പോൾ ഇന്ത്യൻ ഫുട്ബാളിലും അത്തരമൊരു താരോദയം നമുക്ക് കാണാൻ സാധിച്ചു. വർഷങ്ങൾ തോറും നിലവാരത്തിൽ മുന്നിലേക്ക് കുതിച്ചു ചാടുവാൻ ഐ. എസ്. എൽ തുടങ്ങിയപ്പോൾ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ വിജയഭേരി നയിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഒരുപറ്റം യുവതാരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ ചരിത്രം കുറിച്ചു കൊണ്ട് മാസങ്ങൾ ഇടവേളകളിൽ ഇന്ത്യൻ ടീം ഉയർത്തിയത് 3 പ്രധാന കിരീടങ്ങൾ ആണ്.
ഗാലറികളിൽ ശ്വാസം അടക്കിപ്പിടിച്ചു കളി കണ്ടവർ പോലും കരുതി കാണില്ല നിലവാരം ഇല്ലാത്ത ലീഗ് എന്ന് വിധിയെഴുതിയ ഐ. എസ്. എൽ. ഇന്ത്യക്ക് സംഭാവന ചെയ്ത താരങ്ങൾ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകേറും എന്ന്. ചെറിയ പ്രായത്തിലും പക്വതയാർന്ന പ്രകടനം കാഴ്ച്ച വെച്ച ജിക്സൻ സിങ്ങും, പന്ത് കൊണ്ട് മായജലങ്ങൾ കാണിക്കുന്ന ഇന്ത്യൻ ഒസിൽ എന്ന വിളിപ്പേരുള്ള സഹൽ അബ്ദു സമ്മദും, ഇടത് പാർശത്തിലൂടെ പന്ത് കൊണ്ട് കുതിച്ചു മുന്നേറുന്ന ആഷിഖ് കുരുണിയനും, പ്രതിരോധ കോട്ട തീർത്ത അൻവർ അലിയും, മിന്നൽ വേഗത്തിൽ എതിർ പോസ്റ്റിൽ ഇരച്ചു കയറുന്ന ലാലിയൻ സുവല ചാങ്തെ എന്നിവരെല്ലാം ഇന്ത്യയുടെ സ്വപ്ന തേരോട്ടത്തിന് വഴി തെളിച്ചു... കനക കിരീടം ചൂടി ഇന്ത്യൻ താരങ്ങൾ നോക്കുമ്പോൾ ഇന്ത്യയിലെ ഓരോ ഫുട്ബാൾ ആരാധകനു അതൊരു പ്രതീക്ഷയുടെ കിരണങ്ങൾ ആയിരുന്നു, ഇന്ത്യൻ ഫുട്ബോൾ വളരുന്ന സൂചിക, ആദ്യമായി ലോകകപ്പ് യോഗ്യതാ മത്സരത്തിന് പോട്ട് 2 ലേക്ക് രാജകീയ കയറ്റം, ആദ്യ നൂറിലേക്ക് ഇന്ത്യയുടെ മുന്നേറ്റം, തുടർച്ചയായ അപരാജിത മുന്നേറ്റം, അടുത്തടുത്തു ഉള്ള 3 കിരീടം....
നല്ല നാളെയുടെ പ്രതീക്ഷ ഈ ടീമിൽ തന്നെയാണ്...
Abdul Jaleel. C
Head, Department of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment