നൻപകൽ നേരത്ത് മയക്കം: ഒരു തുറന്ന വായന

        കേരള സംസ്ഥാന ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മുട്ടി നായകനായി അഭിനയിച്ച 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെനാണ്. എന്ത് കൊണ്ടാണ് ഈ ചിത്രത്തെ ഈ അംഗീകാരം തേടിയെത്തിയത് എന്നത് വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രമായി അഭിനയിച്ച മമ്മുട്ടിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതുതന്നെ. ചിത്രീകരണത്തിന് പശ്ചതലമായി മാറുന്നത് തമിഴ്നാടിന്റെ നാട്ടിൻപുറവും ജനജീവിതത്തിന്റെ ഇടപെടലകളുമാണ്. ക്രൈസ്തവ സമൂഹം വളരെ പ്രാധ്യാനത്തോടെ സന്ദർശിക്കുന്ന വേളാങ്കണ്ണി ദർശനം കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്ന യാത്രയിൽ ബസ്സിൽ ഇരുന്ന് ഉറങ്ങിപ്പോകുന്ന ജയിംസ് ഉണർന്ന് എഴുന്നേൽക്കുന്നത് മറ്റൊരാൾ ആയാണ്. ആ നാട്ടുകാരനായ സുന്ദരം എന്ന കഥാപാത്രമായി മാറുന്നരീതിയിലുള്ള പെരുമാറ്റവും, വസ്ത്രധാരണയും, സംസാര ശൈലിയും കഥയുടെ ഒഴുക്കിനെ സ്വാധീനിക്കുന്ന ഒന്നുതന്നെയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് ഒരുനിമിഷം കാണികളിൽ തന്നെ ചോദ്യം ഉയരുന്നരീതിയിലാണ് യാതൊരു ആമുഖവുമില്ലാതെ തന്നെ കഥാപാത്രത്തിന്റെ പശ്ചതലം മാറുന്നത്. ഇറങ്ങി നടന്നയാളുടെ ബോധമനസ്സും അവബോധമനസ്സും തമ്മിലുള്ള സംഘട്ടനങ്ങളും ചിത്രത്തിന്റെ അവസാന നിമിഷം വരെ കണുവാൻ സാധിക്കുന്നതാണ്.  എന്നാൽ ഉത്തരമില്ലാത്ത ഒരു ചോദ്യം ഇതിലുണ്ട്. സുന്ദരം എന്ന കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നത്. രണ്ട് വർഷം മുമ്പ് ചന്തയിലേക്ക് എന്ന് പറഞ്ഞ് പോയ സുന്ദരത്തെ പിന്നെ ആരും കണ്ടിട്ടില്ല. പിന്നെ സുന്ദരമായി അവതരിക്കുന്ന ജെയിംസ് എന്ന കഥാപാത്രമാണ് പിന്നെ സുന്ദരം നടന്ന വഴിയൂടെ, സുന്ദരത്തിന്റെ ദിനചര്യയിലൂടെ നടക്കുന്നത്. യഥാർത്ഥത്തിൽ എന്തായിരിക്കാം സുന്ദരത്തിന് സംഭവിച്ചിട്ടുണ്ടാവുക? അയാൾക്ക് മരണം സംഭവിച്ചതായിരിക്കുമോ? ജെയിംസിലൂടെ തന്റെ  പൂർത്തിയാകാതെ ബാക്കി വച്ച ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുകയാണോ? എന്നാൽ തന്റെ തിരിച്ചുവരവിനെ തേടിയുള്ള സുന്ദരത്തിന്റെ ശ്രമങ്ങൾ എല്ലാതന്നെ എതിർപ്പുകളുടെ വഴിയിലൂടെയാണ് നീങ്ങുന്നത്. തന്റെ ചുറ്റുപാടിലെ രണ്ട് വർഷത്തെ മാറ്റങ്ങളെ തിരിച്ചറിയാൻ സുന്ദരത്തിന്റെ കഥാപാത്രത്തിന് കഴിയുന്നില്ല.  സുന്ദരം എന്ന കഥാപാത്രത്തിന്റെ മമ്മുട്ടിയിലൂടെയുള്ള തിരിച്ചുവരവിനെ ആ നാട്ടുകാരോ വീട്ടുകാരോ സ്വികരിക്കുന്നില്ല പക്ഷെ കാഴ്ചയില്ലാത്ത അമ്മക്കും വളർത്തുമൃഗങ്ങൾക്കും മാത്രമാണ് മറ്റൊരു രൂപത്തിൽ എത്തിയിരിക്കുന്ന സുന്ദരത്തെ തിരിച്ചറിയാൻ കഴിയുന്നുള്ളൂ. തന്റെ തിരിച്ചുവരവിനെ തേടിയുള്ള സുന്ദരത്തിന്റെ ശ്രമങ്ങൾ പരാചയപ്പെട്ടു എന്ന് തോന്നിയത് കൊണ്ടാകണം ഗതിയില്ലാതെ അലയുന്ന സുന്ദരം തന്റെ  പുത്രി വിളമ്പിക്കൊടുക്കുന്ന ആഹാരം കഴിച്ചതിന് ശേഷം വീണ്ടും ജെയിംസ് ആയിട്ടുമാറുന്നത്, അല്ലെങ്കിൽ ജെയിംസിനെ വിട്ട് പോകുന്നത്. ഒരു പക്ഷെ അതൊരു ബലിയിടൽ കർമമായിരിക്കാം. 

        നിലയുറപ്പിക്കാൻ കഴിയാതെ ജെയിംസിനെ വിട്ടുപോകുന്ന സുന്ദരവും, അല്പനേരത്തേക്കാണെങ്കിലും ജെയിംസിനെ നഷ്ടമായ ഭാര്യയും, മോനും, കുടുംബവും,  കൂട്ടുകാരും ഈ ചിത്രത്തെ പല തലത്തിലേക്കും ചിന്തകളെ കൊണ്ടത്തിക്കുന്നുണ്ട്. 

        കാണികളിൽ പോലും ജെയിംസിന്റെ അവിഹിത ബന്ധമാണോ എന്ന് വരെ ചിന്തിപ്പിക്കുന്ന തലത്തിലേക്ക് കഥയിലെ കഥാപാത്രങ്ങളുടെ സംശയപ്രകടനം കാണാൻ കഴിയുന്നതാണ്. 

        നിയന്ത്രണത്തിനു വിധേയമല്ലാത്ത മനസ്സ്, അവബോധമായ മാറ്റങ്ങളും, ജീവിച്ചു പോയ്മറഞ്ഞ നിമിഷങ്ങളും തികച്ചുവരവിനായ് അവസരം കാത്തിരുക്കുകയായിരുന്നേക്കാം. 

        ഒരു പകലിന്റെ മധ്യത്തിലെ ഉറക്കത്തിൽ നിന്ന് ജെയിംസ് പുറത്തേക്കുവരുന്നത് സുന്ദരത്തിന്റെ ജീവിത സാഹചര്യങ്ങളിലേക്കാണ്. പിന്നെ സുന്ദരം എന്ന കഥാപാത്രം പിടിവളികളില്ലാതെ പടിയിറങ്ങിപോകുന്നതും മറ്റൊരു ഉറക്കത്തിലൂടെയാണ്. ചില സത്യങ്ങളെ തുറന്നു കാണിക്കാനായിരിക്കാം ഒരുപക്ഷെ സുന്ദരം ജെയിംസിലൂടെ അവതരിച്ചത്. 

        സ്വപ്‍നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ആഖ്യാനത്തിലൂടെ ദാർശനികവും മാനവികവുമായ ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നതാണ് ഈ ചിത്രം. അതിര്‍ത്തികള്‍ രൂപപ്പെടുത്തുന്നത് മനുഷ്യരുടെ മനസ്സിലാണെന്ന യാഥാര്‍ഥ്യത്തെ  തുറന്നുകാണിക്കുകയാണ് ഈ സിനിമ. 'നവീനമായ ഒരു ദൃശ്യ ഭാഷയുടെ കൃത്യമായി  ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്‍മയകരമായ ദൃശ്യാനുഭവമാണ് 'നൻ പകൽ നേരത്ത് മയക്കം ' എന്ന് ജൂറി വിലയിരുത്തിയതും ഈ കാരണങ്ങളുടെ പശ്ചതലത്തിൽ തന്നെ. ഒരു കഥയും, പശ്ചതലവും, അഭിനയ മികവും, അത് നൽകുന്ന വലിയ സന്ദേശവും, മൂല്യചോർച്ചയില്ലാതെ തന്നെ നിലനിർത്തി കാഴ്ചക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ സിനിമയെ മികച്ചതായി മാറ്റുന്നത്. 


Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices