ഇന്ത്യൻ നിയമം വിശ്വാസയോഗ്യമോ..?

കഴിഞ്ഞ ദിവസം, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാവരും ആലുവയിലെ ഒരു ആളൊഴിഞ്ഞ പ്രദേശത്തേക്ക് കേന്ദ്രീകരിക്കുന്നു, കാണാതായ ഒരു പിഞ്ചു കുഞ്ഞിനു വേണ്ടിയുള്ള തിരച്ചിൽ ഇങ്ങനെ ഒരു സ്ഥലത്ത് എത്തുമെന്ന് ഒരുപക്ഷേ ആ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പോലും കരുതി കാണില്ല. കേരള പൊലീസിന്റെ അഭിമാനത്തെ ചോദ്യം ചെയ്ത നിമിഷം, പോലീസ് കണ്ട്രോൾ റൂമിലെ കമ്പ്യൂട്ടറുകളിൽ ആലുവയിൽ നിന്നുള്ള ദൃശ്യം പതിഞ്ഞു. പിഞ്ചു കുഞ്ഞുമായി ഒരു അന്യസംസ്ഥാന തൊഴിലാളി പോകുന്നത്. ആ ദൃശ്യം കണ്ട പൊലീസുകാർക്ക് മനസിലായില്ല അവന്റെ കാമ ഭ്രാന്തിന്റെ മുന്നിൽ ഇരയായി മാറേണ്ട ദുരവസ്ഥയിലേക്കാണ് ആ കുഞ്ഞു കൈപിടിച്ച് നടക്കുന്നത് എന്ന്. 

ഈ വാർത്ത കേട്ട് കേരള മനസാക്ഷി ഒരു നിമിഷം വിറങ്ങലിച്ചു പോയതിന് തൊട്ട് പിന്നാലെ തന്നെ മറ്റൊരു അസാധാരണ സംഭവം നമ്മുടെ കേരളത്തിൽ അരങ്ങേറുന്നു. മറ്റൊരു കുഞ്ഞിനെ കൂടെ മറു തലക്കെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായി പ്രചരിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞു നിസഹായതയോടെ കരഞ്ഞു വിളിക്കുമ്പോൾ ആ രംഗം ആ കപാലികന്റെ ഭാര്യ തന്നെ ചിത്രീകരിക്കുന്നു. ഭർത്താവിന്റെ അഭിമാന നേട്ടം എന്നായിട്ടാണോ ഈ പ്രവർത്തിയെ വിവരിക്കേണ്ടത്...? ഒരു കുഞ്ഞു നിലവിളിച്ചു കരയുമ്പോൾ തകരാത്ത ഹൃദയം മനുഷ്യ മനസ്സിന്റെ അല്ല...

ദിവസങ്ങൾ കടന്ന് പോയി, ജയ്പൂരിൽ നിന്നും പുറപ്പെട്ട ഒരു തീവണ്ടിയിൽ പെട്ടന്ന് ഒരു കാക്കി ധരിച്ച ഒരു മനുഷ്യൻ കയറുന്നു. ആ കംമ്പാർട്ട്മെന്റിൽ ഉയർന്ന റാങ്കിൽ ഇല്ല ഒരു ആർ. പി. എഫ്. ഉദ്യോഗസ്ഥനും ഉണ്ട്. ഉയർന്ന റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ കണ്ട് സല്യൂട്ട് നൽകുന്നതിന് പകരം അയാൾ അയാളുടെ തോക്ക് എടുത്ത് താമസിയാതെ തന്നെ നിറയൊഴിക്കുന്നു. അയാളുടെ കോപം എന്തിനാണ് എന്ന് പോലും അറിയാതെ അദ്ദേഹം ജീവൻ വെടിയുമ്പോൾ അതേ വണ്ടിയിലെ മാറ്റ് മൂന്ന് മനുഷ്യരുടെ കൂടെ ജീവൻ അയാൾ അപഹരിക്കുന്നു. ശേഷം ഒരു പരസ്യ വെല്ലുവിളിയും. ഉടനെ ആർ. പി. എഫ്. അവരുടെ നിലപാട് ഒരു തൂവെള്ള കടലാസിൽ എഴുതി ഇറക്കുന്നു. അതിലെ ഒരു മർമ്മപ്രധാനമായ ഒരു വരി, കൊലയാളിയായ ഉദ്യോഗസ്ഥൻ ഒരു മാനസിക രോഗിയാണ്.... ഒരു യൂണിഫോം സർവീസിൽ കയറിയ ഉദ്യോഗസ്ഥന്റെ മാനസിക നില പോലും കണക്കിൽ എടുക്കാതെ ആണ് ഈ വകുപ്പുകൾ അവരുടെ കൃത്യനിർവഹണം നടത്തുന്നത്. 

ഈ മൂന്ന് സംഭവങ്ങളിൽ നിന്നായി ഒരു ചോദ്യം മാത്രം....

ഇന്ത്യയിൽ പാലിക്കേണ്ടുന്ന ഒരു നിയമം ഉണ്ടോ...?

എന്ത് കൊണ്ട് നമ്മുടെ നാട്ടിലെ നിയമം നല്ല രീതിയിൽ നടക്കുന്നില്ല..? ചില കാര്യങ്ങൾ തന്നെയാണ് ഇതിനെല്ലാം പ്രശ്നം - നിയമം നടപ്പിലാക്കുന്നില്ല, നിയമം ഓരോരുത്തർക്കും ഓരോന്ന് ആണ്, നിയമങ്ങൾ പ്രായോഗികം അല്ല, ചില നിയമങ്ങൾ ആണെങ്കിൽ അതിൽ ന്യായം പോലും ഇല്ല...

പലപ്പോഴും പല ചെറുതും വലുതുമായ സംഭവങ്ങൾ നിയമത്തിന് പുല്ലു വിലയാണ് നൽകുന്നത്. പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ചാൽ പിഴ ഈടാക്കാവുന്ന നാട്ടിൽ ഖജനാവ് കാലി ആകുമ്പോൾ പോലും ഇങ്ങനെ ഒരു നിയമം നടപ്പിലാവുന്നില്ല. ഏതെങ്കിലും പൊലീസുകാർ വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മാത്രമായി ഈ നിയമം ഉപയോഗിക്കുന്നു. 

മറ്റൊരു വസ്തുതയാണ് ആളുകളെ നോക്കി നിയമം നടപ്പിലാക്കുന്നത്, രാഷ്ട്രീയ വേഷം അണിഞ്ഞ ആർക്കും നമ്മുടെ നാട്ടിൽ എന്ത് കൊള്ളാരുതായ്മയും ചെയ്യാം. 

ചില നിയമങ്ങൾ ആണെങ്കിലോ അപ്രായോഗികമാണ്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും കൂടെ ബൈക്കിൽ പോയാൽ അവരുടെ കുട്ടി അതിൽ പോകാൻ പാടില്ല, അത് നിയമവിരുദ്ധം ആണ് എന്നാണ്. ഒരു സാധാരണ ജനങ്ങൾക്ക് ഒരു കാർ വാങ്ങി യാത്ര ചെയ്യാൻ കഴിയില്ല എന്നതെല്ലാം ഇവിടെ മറക്കുന്നു.

മറ്റു ചില നിയമം ന്യായമല്ല... റോഡ് മുഴുവൻ കുഴികളും, അശാസ്ത്രീയമായ റോഡുകളും, വേണ്ട സുരക്ഷയും നൽകാതെ എല്ലാ ഭാഗത്തും എ. ഐ. ക്യാമറകൾ വെക്കുന്നതിൽ ആളുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നത് സ്വാഭാവികം മാത്രമാണ്. 

നമ്മുടെ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്താവുന്നത് ആണ് എന്ന് ഉറപ്പായ കാര്യം ആയിട്ടാണ് നമ്മൾ കരുതുന്നത്, അല്ലെങ്കിൽ അങ്ങിനെ ആണ് അത് നിർമിച്ചത്. അത് കൊണ്ട് തന്നെ ഇത്തരം നിലപാട്‌ മാറിയില്ല എങ്കിൽ ഇനിയും ഇത് പോലെ ഒരുപാട് ദുരന്ത വാർത്തകൾ കേൾക്കേണ്ടി വരും...

കാരണം, ഒരു തരി പോലും പേടി എന്നത് ഇപ്പോൾ നമ്മുടെ നാട്ടിലെ നിയമങ്ങളോട് ആർക്കും ഇല്ല....

Mr. Abdul Jaleel. C, Head, Department of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്