ഓണവിശേഷങ്ങൾ
നാടെങ്ങും ഓണത്തിന്റെ ആഘോഷതിമിർപ്പിലാണ്.. ഈ അവസരത്തിലെ ചില ഓണവിശേഷങ്ങൾ..ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങാണല്ലോ ഓണം..
പ്രാദേശികവൈവിദ്ധ്യങ്ങളുടെ നിറവാണ് ഓണാഘോഷം. ഒരു ഐതിഹ്യത്തിനപ്പുറം നാടിന്റെ ദേശീയോത്സവമായി ഓണം മാറുന്നതെങ്ങനെയെന്ന് നോക്കിയാൽ മനസ്സിലാക്കാവുന്ന ചില വസ്തുതകൾ ഉണ്ട്.
കുട്ടനാട്ടിൽ ആറന്മുള
വള്ളംകളിയാണ് ഓണത്തിന്റെ ആഘോഷങ്ങളിൽ വേറിട്ട് നിൽക്കുന്ന ഒന്ന്. വലിയ ജനപങ്കാളിത്തവും
ആവേശവും ഉള്ള വള്ളംകളി മത്സരമാണ് ഇത്. പമ്പാനദിയിൽ നിരവധി ചുണ്ടൻവള്ളങ്ങളും നൂറുകണക്കിന്
തുഴച്ചിലുകാരും ഈ മത്സരത്തിൽ പങ്കെടുക്കുന്നു.
തൃശ്ശൂരിലെ പുലിക്കളിയാണ്
ഓണക്കാലത്തെ ഏറ്റവും വർണ്ണാഭമായ ആഘോഷ. പുലിവേഷം കെട്ടിയ വിവിധ ദേശങ്ങളുടെ പുലിക്കളിക്കാർ
പുലികളിയുടെ ദിവസം തൃശൂർ നഗരത്തിലെ റോഡുകളിൽ ചുവടുവെയ്ക്കും. നിരവധി കാഴ്ചക്കാരാണ്
ഇത് കാണാനെത്തുക. തൃശൂർ പൂരം കഴിഞ്ഞാൽ തൃശൂരുകാർ ഏറ്റവും ആഘോഷിക്കുന്ന സാംസ്കാരിക ഉത്സവവും
പുലിക്കളി എന്ന് പറയാം.
തൃക്കാക്കരയപ്പനെ
ഒരുക്കലാണ് ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്ന്.
തിരുവോണ ദിവസമാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങ് നടക്കുക. കളിമണ്ണിൽ തീർത്ത രൂപങ്ങളാണ്
തൃക്കാക്കരയപ്പൻ എന്ന് വിളിക്കപ്പെടുന്നത്. അരിമാവ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ അലങ്കരിക്കുന്ന
രീതിയും ഉണ്ട്. വള്ളുവനാട്ടിൽ ഉത്രാടദിവസംമുതല്‍ അരിമാവുകൊണ്ട് അണിഞ്ഞ് മുറ്റത്തുവയ്ക്കുന്ന
മണ്ണുകൊണ്ടുണ്ടാക്കുന്ന തൃക്കാക്കരയപ്പനോടൊപ്പം മാതേവരും കാണും.
മലബാറുകാര്‍ ഓണമാഘോഷിക്കുന്നത്
പോലെയല്ല തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ ഓണമാഘോഷിക്കുന്നത്. അത്തം മുതല്‍ പത്ത് ദിനവും
പൂവിടുന്നത് ഒഴിച്ചാല്‍ ഒരോ ദിനവും ഓരോ ദിവസവും വ്യത്യസ്ത തരം ആഘോഷങ്ങളാണ് അവർക്ക്
ഉള്ളത്.
വടക്കന്‍ ജില്ലകളിലാണ് ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍ എത്തുന്നത്. ഇന്നും പല സ്ഥലങ്ങളിലും ഓണപ്പൊട്ടനെ കാണാറുണ്ട്. എങ്കിലും മാഞ്ഞു പോവുന്ന കാഴ്ചകളില്‍ ഒന്നാണ് ഓണപ്പൊട്ടന്‍ എന്ന് പറയാം.സംസാരിക്കാത്ത തെയ്യമായത് കൊണ്ടാണത്രേ ഇത് ഓണപ്പൊട്ടന്‍ എന്ന് അറിയപ്പെടുന്നത്.
ഓണത്തിന്റെ പ്രധാന
ആകർഷണമാണ് ഓണക്കളി. കൈകൊട്ടിക്കളി, പകിടകളി, പുലിക്കളി, ആട്ടക്കളം കുത്തൽ, കരടികളി,
കുമ്മാട്ടിക്കളി, തലപ്പന്ത്, ഓണത്തല്ല്, കിളിത്തട്ടുകളി എന്നിങ്ങനെ ഒട്ടേറെ കളികൾ ഓണവുമായി
ബന്ധപ്പെട്ടുണ്ട്.
അത്തച്ചമയം,ഓണത്തെയ്യം,ഓണവില്ല്, വേലൻതുള്ളൽ,പുലിക്കളി,ഓണാക്കുമ്മാട്ടി,തുടങ്ങിയകളികളെല്ലാം ഓണവുമായി ബന്ധപ്പെട്ടതാണ്.
ഈ ഓണക്കാലം എല്ലാവർക്കും
നന്മകൾകൊണ്ട് സമ്പുഷ്‌ടമാകട്ടെ എന്ന് ആശംസിക്കുന്നു….
Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment