പ്രണയിക്കാനറിയാമോ...
പ്രണയിക്കാനറിയാമോ നിങ്ങൾക്ക്?
ഹെന്തു ചോദ്യമാണിത് ?
പിന്നില്ലാതെ, 5 വർഷത്തെ പ്രണയം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ, ഒന്ന് ശ്വസിക്കാൻ പോലുമാവാതെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിയ കാമുകിയുടെ വിശേഷം തന്നെ പറയാം.... ഇനി വയ്യെന്നും പറഞ്ഞ് ജീവനും കൊണ്ടോടിയവളെ , പുറകെ ഓടിചിട്ടു പ്രണയിക്കാനും .. ദുഷിച്ചു പറയാനും
സ്വകാര്യ നിമിഷങ്ങളിലെടുത്ത ചിത്രങ്ങളത്രയും നാട്ടാർക്കും വീട്ടാർക്കും അയച്ച് സ്നേഹം കൊണ്ട് പൊതിയാനും മറ്റാർക്കാണാവുക ? അല്ലെങ്കിൽ , എനിക്കവളെ നഷ്ടപ്പെടില്ലേ? അവളില്ലാതെ , ഞാനെങ്ങനെ ശ്വസിക്കും ? അവൾ മറ്റൊരാളിന്റെതാവുന്നത് എനിക്ക് ചിന്തിക്കാനൊക്കുമോ?? അവൾക്ക് ജീവിക്കണം പോലും , ഇനി ജീവിക്കുന്നത് ഞാനൊന്ന് കാണട്ടെ , കുടുംബ മഹിമയും പാരമ്പര്യവും സമൂഹത്തിന്റെ സകലമാന സംഭവ വികാസങ്ങളും പെണ്ണിന്റെ തുടയിടുക്കിലാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്ന് ഞാൻ എന്റെ പ്രിയതമയെ ഓർമിപ്പിച്ചുവെന്നുമാത്രം... അവൾക്ക് മറവി വളരെയധികം കൂടുതലാണ് ... പാവം ... കൊച്ചു പെണ്ണ് ..
അവളുടെ സുഹൃത്തുക്കളൊക്കെ വന്നു പലതും പറയുന്നുണ്ട് , ഇതൊക്കെ പുറത്ത് വല്ലോരോടും പറയാമോ ? ഛെ മോശം... ഇവൾക്കെന്നാണ് ബോധമുണ്ടാവുക??
ഒരു പെണ്ണിന് എങ്ങനെയാണ് ഇത്ര പെട്ടന്ന് മറ്റൊരാളെ സ്വീകരിക്കാൻ കഴിഞ്ഞത് എന്നോർത്ത് എനിക്ക് സഹിക്കുന്നില്ല... ഭർത്താവ് മരിച്ച സ്ത്രീകളെ കണ്ടിട്ടില്ലേ... അവർ പെട്ടന്ന് വിവാഹം ചെയ്യാറില്ല... ദുഖിച്ചു ജീവിക്കും, വളരെ കാലം.... അതല്ലേ വേണ്ടത്? ഹതെങ്ങനെ, അതിന് സ്നേഹം വേണ്ടേ? ഒക്കെ നാഢ്യം തന്നെ.. ഇനി പറഞ്ഞിട്ടെന്താ, സ്നേഹിച്ചു പോയില്ലേ...
ധൈര്യമൊക്കെ ചോർന്നുപോയിക്കാണും ... പാവം ... ഓടിവന്നിരുന്നെങ്കിൽ ഒന്നുകെട്ടിപ്പിടിക്കാമായിരുന്നു ...
ഇപ്പോഴും എനിക്കവളോട് പരിഭവമില്ലകെട്ടോ...
എത്ര നന്മ നിറഞ്ഞ ഹൃദയമാണെന്റേതെന്നു നോക്കു ... അവളതു കാണാതെ പോയല്ലോ...
പ്രണയത്തിനൊരു നിർവചനമുണ്ടെങ്കിൽ ... അതു ഞാനാണ് ... എനിക്കവളോടുള്ള പ്രണയം അനന്തമായ സാഗരം പോലെ വിശാലമായി നീളെ നീളെ പരന്നു മലർന്നു കിടക്കുന്നു....
Ms. Rinsha. V. P, Assistant Professor of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment