എതിരില്ലാത്ത എതിര്

 ഷുഹൈബ് സർ ആണ് എതിര് എന്ന പുസ്തകത്തിന്റെ കവർ പേജ് ആദ്യമായി അയച്ചു തന്നത്. 'ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം' എന്ന ആ ടൈറ്റിൽ അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നതാണ്. പിന്നീട് എം. കുഞ്ഞാമനും, എതിരും കേരള സാഹിത്യ അക്കാദമി അവാർഡ് തിരസ്കരണത്തിലൂടെ വീണ്ടും ചർച്ചയായി.മൂന്നാം സെമസ്റ്റർ ബി.എ വിദ്യാർത്ഥികൾക്ക് ആത്മകഥ എന്ന പാഠഭാഗത്തിൽ വി. ടി യെ പരിചയപ്പെടുത്തുമ്പോൾ നിങ്ങൾ വായിക്കണം എന്ന് പറഞ്ഞ് കുഞ്ഞാമനെയും എതിരും പരിചയപ്പെടുത്തി. നൂറുസിംഹാസനങ്ങൾ ബി. കോം .വിദ്യാർത്ഥികൾക്ക് എടുക്കുമ്പോൾ വീണ്ടും,ദളിത്‌ സാഹിത്യം എന്ന് പറഞ്ഞ് കുഞ്ഞാമനെയും പറഞ്ഞു കൊടുത്തു . ഈയിടെ വിവാദമായ ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ശ്രീ.കെ. രാധാകൃഷ്ണന്റെ 'ക്ഷേത്രത്തിലെ ജാതി വിവേചനം' കുട്ടികൾ 'മിസ്സേ..ഇപ്പഴും ഇതൊക്കെയുണ്ടല്ലോ' എന്ന് പറഞ്ഞ് ചർച്ചക്ക് തുടക്കം കുറിച്ചപ്പോൾ, 'എന്നെ പാണൻ എന്ന് വിളിക്കരുത്' എന്ന എതിരിലെ അധ്യായമാണ് ഓർമ്മ വന്നത്. പക്ഷേ അപ്പോഴും എതിര് എന്ന ആ ആത്മകഥ ഞാൻ മുഴുവനായും വായിച്ചിരുന്നില്ല എന്നതാണ് സത്യം. ചില അധ്യായങ്ങൾ മാത്രമേ വായിച്ചിരുന്നുള്ളൂ..കുട്ടികളോട് നിങ്ങൾ വായിക്കണം എന്ന് പറയുമ്പോഴെല്ലാം, ഉള്ളിൽ നീയത് മുഴുവൻ വായിച്ചില്ല ല്ലോ എന്ന് ഞാനെന്നെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. രോഹിത് സർ പുതിയഇടം തേടി പോവുന്നു എന്നറിഞ്ഞപ്പോഴാണ്, എന്തെങ്കിലും സമ്മാനമായി നൽകണം എന്ന് ആലോചിച്ചത്. അങ്ങനെ ബുക്ക്സ്റ്റാളിൽ ചെന്നപ്പോഴാണ് എതിര് കാണുന്നതും.. വാങ്ങിക്കുന്നതും..മുഴുവനാക്കുന്നതും..

'ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം' എന്ന ആ ടൈറ്റിൽ ഉള്ളത് കൊണ്ടാവാം ഒരു വ്യക്തിയുടെ ജീവിതകഥ എന്ന കൗതുകത്തോടെയാണ് വായിച്ചുതുടങ്ങിയത്. ആത്മകഥകൾ എപ്പോഴും അന്യന്റെ ജീവിതത്തിലേക്ക് അനുവാദത്തോടെയുള്ള എത്തിനോക്കലുകൾ ആണല്ലോ.. അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ,സാമൂഹിക നിരീക്ഷകൻ, കേരളയൂണിവേഴ്സിറ്റിയിലെ ലാക്ചർ, യു ജി സി അംഗം, ടിസ് ലെ പ്രൊഫസർ ഇങ്ങനെ അലങ്കാരങ്ങൾ ഒരുപാടുള്ള ഒരാൾക്ക് എന്താവും തന്റെ ജീവിതത്തെ കുറിച്ച് പറയാനുണ്ടാവുക എന്ന ജിജ്ഞാസയും ഉണ്ടായിരുന്നു പുസ്തകം കയ്യിലെടുക്കുമ്പോൾ..പക്ഷേ.. ഇതൊരു അതിജീവനകുറിപ്പാണ്. പൊരുതി വിജയിച്ച ഒരുവന്റെ കിരീടമാണ്..സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേൽക്കോയ്മക്ക് മുന്നിൽ അടിപതറാതിരിക്കാനുള്ള പ്രചോദനമാണ്.

അനുഭവം എന്ന ഒറ്റപ്പദത്തിൽ ഒതുക്കാനാവാതെ സാമൂഹിക, ധാർമിക വികസന ചിന്തകൾ ആവശ്യപ്പെടുന്ന ഒരു അക്കാദമിക കൃതി എന്ന് നമുക്കിതിനെ വിലയിരുത്താം.

' തലച്ചോറല്ല,ശരീരത്തിന്റെ പ്രധാന അവയവം വയറാണ്, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല ' എന്ന കൈപ്പേറിയ കാഴ്ചപ്പാടിലേക്ക് കൊണ്ടു ചെന്നെത്തിച്ച ഒരു കാലം. പതിനാലാം വയസ്സിൽ മണ്ണിൽ കുഴിച്ച്, കഞ്ഞി ഒഴിച്ച് തന്നപ്പോൾ, ആ കഞ്ഞിക്ക് വേണ്ടി തന്നോട് മത്സരിക്കാൻ വന്ന പട്ടിയോട് സ്വന്തം അവസ്ഥയുള്ള മറ്റൊരു ജീവിയോട് ഉള്ള സഹതാപമാണ് തനിക്ക് തോന്നിയതെന്ന് എഴുതിയിരിക്കുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കാലത്തെ കുറിച്ചാണ്. ആ കഠിന കാലത്തിന്റെ അനുഭവത്തിൽനിന്ന് കുഞ്ഞാമൻ എന്ന ബാലൻ ഏറെ ദൂരം സഞ്ചരിച്ചു.

ഗ്രാമജീവിതത്തെ കാല്‍പനികമായി വരച്ചിടുന്ന ആഖ്യാനങ്ങള്‍ക്ക് ഒരു മറുരേഖ വരക്കുകയാണ് മിക്കപ്പോഴും ദലിതർ സംസാരിക്കുമ്പോൾ സംഭവിക്കുക. ഇവിടെയും അങ്ങിനെ തന്നെയാണ്. വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ടേ കുഞ്ഞാമന് സ്കൂളില്‍ നേരിടേണ്ടി വന്നത് ജാതീയമായ അവഹേളനങ്ങളും ദാരിദ്ര്യം മൂലമുണ്ടാകുന്ന ഹിംസയും അപമാനങ്ങളുമായിരുന്നു. അതിൽ അധ്യാപകര്‍, സഹപാഠികള്‍, നാട്ടിലെ വലിപ്പചെറുപ്പമില്ലാത്ത മനുഷ്യർ.. എല്ലാവരുമുണ്ട്..ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യം സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോൾ “പാണ ചെറുക്കൻ” ആയിരുന്നയാള്‍ കോളേജിൽ എത്തുമ്പോഴേക്കും “ഹരിജൻ ചെറുക്കൻ” ആയി മാറുന്നുണ്ട് എന്നതാണ്. അപമാനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും തീരാക്കഥകൾ പറയുമ്പോഴും തന്നെ ചേര്‍ത്തുപിടിച്ചവരെയും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

ബാല്യകാല ജീവിതം വിശദമായി കുഞ്ഞാമന്‍ എഴുതുന്നുണ്ട്. 'ഇരുട്ട്‌നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നല്‍കിയിരുന്ന സമുദായം. ജാതി പാണന്‍. അച്ഛന്‍ അയ്യപ്പന്‍, അമ്മ ചെറോണ അവര്‍ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളര്‍ത്തി ' ഇങ്ങനെയാണ് ആത്മകഥ തുടങ്ങുന്നത്. ആ ഇരുണ്ട ലോകത്തുനിന്നുമാണ് വെളിച്ചത്തിലേക്ക് ഇറങ്ങാന്‍ കുഞ്ഞാമന്‍ ശ്രമിച്ചത്. വെല്ലുവിളികളും പ്രതിസന്ധികളും നിരവധി തലങ്ങളിലൂടെ നേരിട്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. ജാതി, സാമ്പത്തികം, സാമൂഹികബഹിഷ്‌കരണം, ദാരിദ്ര്യം, തുടങ്ങി പല സമസ്യകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇതൊരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല എന്ന നിലയിലാണ് കുഞ്ഞാമന്‍ ഇതിനെ കാണുന്നത്. ഒരു സമൂഹത്തിന്റെ അതിജീവനമായി പരിഗണിക്കാനാണ് ഇതിനെ അദ്ദേഹം ആഗ്രഹിക്കുന്നത്.

ഉയര്‍ന്ന മാര്‍ക്കോടെ വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാന്‍ കുഞ്ഞാമന്‍ ബുദ്ധിമുട്ടി. 'റാങ്ക് എന്നെ ഒരു വിധത്തിലും സന്തോഷിപ്പിച്ചില്ല. ഒരു ചായക്ക് പോലും അതെന്നെ സഹായിച്ചിട്ടില്ല. കുറെ വേദന നല്‍കിയതല്ലാതെ. സാമൂഹിക ജീവിതത്തില്‍ പ്രസക്തമായത് ഇതൊന്നുമല്ല എന്ന് എനിക്ക് തോന്നി. മറ്റുചിലര്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കാം. എന്നാല്‍, എന്നെ പോലുള്ളവര്‍ക്ക് ഇത് ഒരു ഗുണവും ചെയ്യില്ല എന്ന് തിരിച്ചറിഞ്ഞു '

 കുഞ്ഞാമൻ തന്റെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞ്നോക്കുന്നതിനോടൊപ്പം തന്നെ മുന്നിലേക്കും നോക്കുന്നുണ്ട്. ആ വിമർശനദൃഷ്ടിയിൽ നിന്നാണ് ഓർമ്മകുറിപ്പുകളിലെ ബാക്കി അധ്യയങ്ങൾ നമ്മളോട് സംവദിക്കുന്നത്.

മാർക്സിസവും,അംബേദ്കറിസവും സമാന്തര ആശയങ്ങൾ ആണെന്നും അവ ഒരിക്കലും ഒന്നിക്കില്ല എന്നും,'അംബേദ്കറിന്റെ ക്യാൻവാസ് വിപുലമാണ്, അത് അടിച്ചമർത്തപ്പെടുന്ന അധകൃതന്റെ മോചനത്തിനുള്ളതായിരുന്നു. അതേസമയം മാർക്സിസം ഒരിക്കലും വിമോചന ശാസ്ത്രമല്ല. അത് മുതലാളിത്തത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള വിശകലനമാണ്' എന്നിങ്ങനെ പ്രായോഗികതലത്തിലും സൈദ്ധാന്തിക തലത്തിലും ഉള്ള തന്റെ കാഴ്ചപ്പാട് ഈ കൃതിയിൽ അദ്ദേഹം വിശദമാക്കുന്നു. അതോടൊപ്പം വിദ്യാഭ്യാസത്തെക്കുറിച്ചും,വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ചും, അധികാരവും അച്ചടക്കവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും , വർണ്ണ, വർഗ സമരങ്ങളും, ദളിത് പ്രാധിനിത്യവും വിഷയങ്ങളാകുന്നു.

'പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കാനാണ്, പുരസ്കാരത്തിന് എഴുതിയതല്ല എതിര്' എന്ന് പറഞ്ഞു കൊണ്ടു അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിക്കുമ്പോൾ എതിര് എഴുതിയ കാലത്ത് നിന്നും വളരെ മൗലികമായ വ്യത്യാസം ഇന്ന് സമൂഹത്തിന് സംഭവിച്ചു എന്ന് താൻ കരുതുന്നില്ല എന്നും വന്നുചേര്‍ന്നതൊന്നും മാറ്റങ്ങളല്ല, മെച്ചപ്പെടലുകള്‍ മാത്രമാണ് എന്നും പറയുന്നു. ചേരികളിലും പുറമ്പോക്കുകളിലും താമസിക്കുന്നവര്‍ ഇന്നും അവിടെത്തന്നെയാണ് താമസിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു.

ആത്മകഥ എന്നതിലുപരി ആ പുസ്തകത്തെ താൻ കാണുന്നത് സാമൂഹിത സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളെ നോക്കിക്കാണുന്ന രീതിയാണ്. പുസ്തകം വിശകലനം ചെയ്യപ്പെടണം, അതിൽ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടുണ്ടോ എന്ന് കേരള സമൂഹവും ഇന്ത്യൻ സമൂഹവും വിലയിരുത്തണം എന്ന് അദ്ദേഹം പറയുമ്പോൾ നാമോരോരുത്തരുമാണ് ആ സമൂഹം എന്നത് എത്ര ലജ്ജാകരമാണ്.?

Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Post a Comment

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം