മോഷണം പോയ പുഞ്ചിരി
ഫ്യൂരിഡാനും എൻഡോസൾഫാനും ശ്വസിച്ച്
അവസാന മിന്നാമിനുങ്ങും
യാത്ര പറഞ്ഞതിന്റെ ഏഴാം ദിവസം...
കൂരിരുട്ടിൽ കണ്ണു കാണാതെയാണ്
വസന്തം വഴി തെറ്റി പോയത്...
അന്നു മുതൽ ചെത്തി വെളുത്തും
കോളാമ്പി പൂക്കൾ കറുത്തും പൂത്തുതുടങ്ങി...
കാലം തെറ്റി പെയ്ത മഴയിൽ
മനുഷ്യർ ഭയം പുതച്ച് വീടുകളിൽ ഒളിച്ചു...
സംഗീതം മറന്ന പുഴകൾ ആർത്തട്ടഹസിച്ചു...
നീതിയും നെറികേടും വേർതിരിച്ചറിയാൻ ആവാതെ
കടൽ അന്ധാളിച്ചു കിടക്കുന്നു...
കൈകളിലെ കെട്ടു നോക്കി 'മധു'
മാത്രം ലോകത്തെ നോക്കി ചിരിച്ചു.
കാലത്തേയും....
അലൈൻ കുർദിയും വിയാനും കടപ്പുറത്ത്
മണൽ കോട്ടകൾ പണിത് കളിക്കുന്നു...
ഒരു പുഞ്ചിരി പോലും മറ്റെവിടെയും കണ്ടില്ല
കലി കാലത്തിന്റെ വിത്തുകൾ ഒരുപക്ഷേ,
അതും മോഷ്ടിച്ചിരിക്കാം...
Adithya. S, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment