തിരുത്ത്
ഈ കഴിഞ്ഞ ദിവസം അധ്യാപക രക്ഷാ കർത്തൃ സംഘടനയുടെ യോഗം കോളേജിൽ വെച്ച് നടക്കുകയുണ്ടായി. രക്ഷിതാക്കളുമായി ഇടപെടുമ്പോൾ പഴയ സ്കൂൾ കാലഘട്ടത്തിലെ ഇത്തരത്തിലുള്ള യോഗങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. രക്ഷിതാക്കളെ അധ്യാപകരുടെ മുന്നിൽ നിർത്തി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ചങ്കിടിപ്പ് ഇന്നും വ്യക്തമായി കേൾക്കാം. മിഖായിൽ ഭക്തന്റെ പോളിഫണി എന്ന കോൺസെപ്റ്റ് ഇത്തരം സന്ദർഭങ്ങളിൽ വ്യക്തമായി കാണാൻ കഴിയും. എങ്ങിനെയെന്നാൽ, ഒരേ കഥാപാത്രത്തെ പല വ്യക്തികളുടെ കണ്ണിലൂടെ കാണുക, ഒരു വിദ്യാർത്ഥിയെ പല അധ്യാപകർ വിവിധ കോണുകളിൽ നിന്നും നോക്കി വിലയിരുത്തുന്നു! വിദ്യാർത്ഥികൾ ഏറെ മാറിയിട്ടുണ്ടെങ്കിലും പണ്ടത്തെയും ഇന്നത്തെയും രക്ഷിതാക്കൾ ഒരു പോലെ തന്നെയാണ്. തങ്ങളുടെ മക്കളുടെ പാഠ്യപഠേതര വിഷയങ്ങളെ വിശകലനം ചെയ്യുമ്പോൾ അവരുടെ കണ്ണിലെ ആശങ്ക കൃത്യമായി നമുക്ക് തിരിച്ചറിയാൻ കഴിയും.
പലരുടെയും സ്കൂൾ ജീവിതത്തിൽ അസൂയയോടെ നോക്കി കണ്ടിരുന്ന ചില ‘പഠിപ്പിസ്റ്റു’കൾ ഉണ്ടായിരുന്നിരിക്കും. അത്തരത്തിൽ ഒരു സുഹൃത്തിനെ ഇന്നും ഓർക്കുന്നു. നിരന്തരംഒന്നാം റാങ്ക് ബാഡ്ജ് തൻറെ വെളുത്ത യൂണിഫോം ഷർട്ടിന്റെ ഇടതുവശത്തായി ചേർത്തു കുത്തി വരുമായിരുന്നു അവൾ സ്കൂളിലേക്ക്. ആ സൂചിയുടെ കൂർത്തമുന അവളുടെ വെളുത്ത ഷർട്ടിനെ മാത്രമല്ല കുത്തി നോവിച്ചുകൊണ്ടിരുന്നത്,മറിച്ച് അത് കിട്ടാത്തത് മൂലം വീട്ടിൽ നിന്നും വഴക്ക് കേട്ടുകൊണ്ടിരുന്ന കുഞ്ഞുമനസ്സുകളെ കൂടിയായിരുന്നു. സ്വന്തം കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന കാലഘട്ടത്തിൽ വിദ്യാർത്ഥികൾ പരസ്പരം സുഹൃത്തുക്കളായിരിക്കുന്നതിനു പകരം ശത്രുക്കളായിരുന്നു. ‘അവളെ കണ്ടു പഠിക്ക് അവനെ കണ്ടു പഠിക്ക്’ എന്നിങ്ങനെ വിരൽചൂണ്ടി കാണിക്കാൻ കുറെ പേരുണ്ടായിരുന്നു ചുറ്റും. മാതാപിതാക്കളുടെ നിർബന്ധത്തിൽ വഴങ്ങി വിജയികളായ ഈ സുഹൃത്തുക്കളുടെ ഒരുകാലത്തും തുറന്നു പറയാത്ത പഠന രീതി, പഠനസമയം, പ്രൈവറ്റ്യൂഷൻ, എന്നിവ രഹസ്യമായി കണ്ടുപിടിക്കാൻ ശ്രമിക്കുകയും ഉണ്ടായിട്ടുണ്ട്.
അക്കാലത്ത് കുട്ടികളുടെ പ്രോഗ്രസ് കാർഡിലെ അക്കങ്ങൾ ആയിരുന്നു അവൻറെ ഗുണനിലവാരത്തെ വിലയിരുത്തിയിരുന്നത്. എന്നാൽ ഇന്ന് അതിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രോഗ്രസ്സ് കാർഡിലുള്ള മാർക്കിനേക്കാൾ വലുതായി ഇന്ന് വിദ്യാർത്ഥികളുടെ ഗുണനിലവാരത്തെ അളക്കുന്നതിനായി വിവിധ തലത്തിലുള്ള അളവുകോലുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിശ്ചയിച്ച് പ്രാബല്യത്തിൽ കൊണ്ടുവരുന്നുണ്ട്. സ്വന്തം സർട്ടിഫിക്കറ്റിലെ മാർക്ക് അല്ല അവൻറെ ഭാവി നിർണയിക്കുക എന്ന തിരിച്ചറിവ് വന്നു തുടങ്ങിയിട്ടുണ്ട്.
ക്ലാസ് മുറികളിൽ അധ്യാപകരുടെ ശബ്ദം മുഴങ്ങി കേട്ടിരുന്ന കാലഘട്ടം മാറിക്കൊണ്ടിരിക്കുന്നു. അതിനു പകരമായി വിദ്യാർത്ഥി കേന്ദ്രീകൃതമായ ക്ലാസ് മുറികളിലേക്ക് ഇന്നത്തെ വിദ്യാഭ്യാസം മാറിക്കൊണ്ടിരിക്കുന്നു. കണക്കിലെ കുറെ ഫോർമുലകളും സയൻസിലെ കുറെ നിയമങ്ങളും ഹൃദ്യസ്ഥമാക്കിയിരുന്ന കാലത്ത് അത് എവിടെ പ്രയോഗിക്കണം എന്നോ ജീവിതത്തിൽ എപ്പോഴെങ്കിലും ഉപയോഗപ്പെടുമെന്നോ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. ഒരുപക്ഷേ ചിന്തിക്കാൻ അന്നത്തെ അധ്യാപകർ പരിശ്രമിച്ചിട്ടില്ലായിരുന്നു. ഒരേയൊരു ലക്ഷ്യം മാത്രം മുന്നിൽ . ഒന്നാം മെഡൽ സ്വന്തമാക്കണം. മൈക്കിൽ പേര് മുഴങ്ങണം. പ്രോഗ്രസ് കാർഡിൽ നക്ഷത്രം തിളങ്ങണം. പിടിഎ യോഗങ്ങളിൽ മറ്റു രക്ഷിതാക്കൾ നമ്മളെ ചൂണ്ടിക്കാണിക്കണം സുഹൃത്തുക്കളോട് നമ്മളെ കണ്ടു പഠിക്കാൻ പറയണം. . എന്തു വലിയ വിഡ്ഢിത്തം ആയിരുന്നു.
ഇപ്പോൾ കോളേജിൽ പരിചരിച്ചുവരുന്ന ക്ലാസ് റൂം അന്നുണ്ടായിരുന്നുവെങ്കിൽ! പ്രോഗ്രസ്കാർഡിൽ എത്ര മാർക്ക് ഉണ്ടായിട്ടും ഒരു വേദിയിൽ നിന്ന് ഒരു സദസ്സിനെ അഭിമുഖീകരിച്ച സംസാരിക്കുവാനോ ഇംഗ്ലീഷിൽ നൂറിൽ 90 മാർക്ക് വാങ്ങിയിട്ടും ഒരു വാക്യം മുറിയാതെ സംസാരിക്കുവാനോ കഴിയുമായിരുന്നില്ല. ഇന്ന് പലതും മാറി തുടങ്ങി. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം ഉളവാക്കുന്ന രീതിയിലുള്ള മുറികളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നവീനരീതികൾ ഇനിയെങ്കിലും പരിശീലിച്ചില്ലെങ്കിൽ ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കും. തെറ്റുകൾ തിരുത്താൻ ഇനിയും സമയമുണ്ട്! Saritha. K, Head, Dept. of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna.
Comments
Post a Comment