സാമ്പത്തിക പ്രതിസന്ധിയിലൂടെ പരക്കം പായുന്ന ഇന്ത്യൻ യുവത

പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആകാംഷയോടെ അവരുടെ സാമൂഹ്യ ശാസ്ത്രം ചോദ്യപ്പേപ്പർ എടുക്കുന്നു... എല്ലാവരുടെയും കണ്ണുകൾ സമാധാനത്തോടെ ഒരു ചോദ്യത്തിലേക്ക് തന്നെ കേന്ദ്രീകരിക്കുന്നു, "What are the major problems faced by youths in India?". കുട്ടികൾ പൊടുന്നനെ അവരുടെ പേനകൾ എടുത്തു തൂവെള്ള കടലാസിൽ എഴുതി തുടങ്ങി, "Poverty, Unemployment, and Inflation". ഈ ചോദ്യം വന്നാൽ എന്ത് എഴുതണം എന്ന് അവരുടെ ടീച്ചർ ആദ്യമേ ക്ലാസ്സിൽ പറഞ്ഞു പഠിപ്പിച്ചിരുന്നു. അന്ന് തന്നെ ഒരു സംഗീതാത്മമായി കുട്ടികൾ ഈ മൂന്ന് കാര്യവും പഠിച്ചു വച്ചിരുന്നു. കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും, ഈ ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും മാറിയിട്ടില്ല. 

ഇതിനെ ശരിവെക്കുന്ന ചില ജീവിത സാഹചര്യം നമ്മുക്ക് കാണാൻ സാധിക്കും. നിരവധി യുവാക്കൾ ഒരോ ദിവസവും കഴിച്ചു നീക്കാൻ പ്രയാസപ്പെടുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. നീതി ആയോഗിന്റെ കീഴിൽ 2030 ഓടെ ഇന്ത്യ സുസ്ഥിര വികസനം കൈവരിക്കും എന്നാണ് പറയുന്നത്. അതിന് വേണ്ട കാര്യങ്ങൾ നമ്മൾ നേടികൊണ്ട് ഇരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അതിനെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇന്ന് പല സാമ്പത്തിക സർവ്വേകളും പറയുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോഗ്നിധി സി. എസ്. ഡി. എസ് (LOKNITI CSDS) നടത്തിയ സർവ്വേ പറയുന്നതു ഇത് തന്നെയാണ്. ഇന്ത്യൻ യുവാക്കളുടെ തൊഴിൽ അഭിലാഷങ്ങൾ, ജോലി മുൻഗണനകൾ, പ്രതീക്ഷകൾ എന്ന വിഷയത്തിൽ അവർ നടത്തിയ സർവ്വേ റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലെ 36% വരുന്ന യുവാക്കളും പറയുന്നത് തൊഴിലില്ലയാമായാണ് ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം എന്നാണ്. ഇന്ത്യയിലെ 18 സംസ്‌ഥാനങ്ങളിലായി 9316 ആളുകളിൽ നടത്തിയ പഠനത്തെയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എസ്പ്രെസ് പങ്കുവച്ചത്. ലോഗ്നിധിയുടെ സർവ്വേ പറയുന്നത് 16% ആളുകളും വിശ്വസിക്കുന്നത് പട്ടിണിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം. 13% കരുതുന്നത് വിലക്കയറ്റമാണ് പ്രധാന വിഷയം. 6% കരുതുന്നത് അഴിമതി എന്നാണ്. 4% കരുതുന്നത് വിദ്യാഭ്യാസ സംവിധാനവും ജനസംഖ്യ പെരുപ്പവും എന്നാണ്. 2016 ൽ സമാനമായ ഒരു പഠനം നടന്നിരുന്നു. ഈ രണ്ടിനെയും കൂട്ടി വായിക്കുമ്പോൾ മനസ്സിലാവുന്നത് 2016 നേക്കാൾ 18% ആളുകൾ കരുതുന്നത്  തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം എന്നാണ്. 7% ശതമാനം അതികം ആളുകൾ ആണ് വിലക്കയറ്റമാണ് പ്രശ്നം എന്ന് അഭിപ്രായപെടുന്നത്. വിദ്യാസമ്പന്നരായ ആളുകളിൽ 40% ആളുകളും കരുതുന്നത് തൊഴിലില്ലായ്മയാണ് എന്നാണ്.

ഈ സാഹചര്യത്തിലാണ് നമ്മൾ ഇന്ത്യയിലെ തൊഴിൽ അവസരങ്ങളും അതിൽ നിന്ന് ലഭിക്കുന്ന വേദനങ്ങളും ചർച്ച ചെയ്യേണ്ടത്. മുൻപൊരിക്കൽ കേരളത്തിൽ രാഷ്ട്രീയക്കാരിൽ ജനങ്ങളുടെ പ്രശ്നം മനസിലാക്കുന്നവർ ഇപ്പോഴും ഉണ്ട് എന്ന് ഒരു വിദ്യാർഥി പങ്കുവെക്കുകയുണ്ടായി. പൊതുവെ രാഷ്ട്രീയക്കാരെ പകൾകൊള്ളക്കാർ എന്ന് വിശേഷിപ്പിക്കുന്ന കുട്ടി തന്നെ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ ആകാംക്ഷയിൽ ഞാൻ കാര്യം തിരക്കി. ആ കുട്ടി അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ കാണിച്ചു തന്നു. മുവാറ്റുപുഴ എം. എൽ. എ. ശ്രീ മാത്യു കുഴൽനാടൻ നിയമസഭയിൽ ഒരു ചോദ്യം ഉന്നയിക്കുകയാണ്. കേരളത്തിലെ യുവാക്കളുടെ കൊഴിഞ്ഞു പോക്കാണ് അദ്ദേഹം ഉന്നയിച്ച വിഷയം. അദ്ദേഹത്തിന്റെ ആ പ്രസംഗത്തിലെ ഒരു വരി ഏറെ ശ്രദ്ധേയമാണ്, "സാർ, കേരളത്തിൽ ശരാശരി വരുന്ന ഒരു വിദ്യാസമ്പന്നരായ യുവാക്കകൾക്ക് കിട്ടുന്ന സാലറി എത്രയാണ്, On a average 10,000 മുതൽ 15,000 രൂപയാണ്, അതിലും താഴെ ശമ്പളത്തിന് ജോലി ചെയ്യുന്നവരുണ്ട് കേരളത്തിൽ". ഈ ഒരു പ്രസംഗം തന്നെയാണ് ആ പെണ്കുട്ടിയിലും അദ്ദേഹത്തോട് മതിപ്പ് ഉളവാക്കിയത്. കാരണം അവൾ അവളുടെ പഠനം കഴിഞ്ഞു ജോലിയിലേക്ക് കയറാൻ വേണ്ടി കാത്തിരിക്കുന്ന അവസരമാണ്. 

സർക്കാരുകൾ തൊഴിൽ അവസരങ്ങൾ നൽകാതെ വരുമ്പോൾ തൊഴിൽ രഹിതരുടെ എണ്ണം പെരുകി വരുന്നത് കാണാം. ഈ അവസരം മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ട്. ചെറുത് മുതൽ വലിയ തോതിൽ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾ ഇന്ന് മതിയായ ശമ്പളം നൽകുന്നില്ല. മറ്റു ചില സ്ഥാപനങ്ങൾ ആണെങ്കിൽ അവിടെ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് ഭേദപ്പെട്ട ശമ്പളം നൽകും, എന്നിട്ട് മറ്റു ചിലരുടെ വേതനം കുറക്കുകയും താൽക്കാലിക ജീവനക്കാരെ വച്ചു ആ കൊടുക്കുന്ന കൂടുതലിനെ താങ്ങി നിർത്തുകയും ചെയ്യുന്നു. ഇത്തരം താങ്ങി നിർത്തലുകളും ജോലിക്കാരിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു എന്നത് മുതലാളിമാരിൽ അറിയാം, മാത്രമല്ല ഇങ്ങനെ ഉള്ള സാഹചര്യത്തിൽ കൂടുതൽ വേതനം വാങ്ങുന്നവർ ആ കമ്പനിയെ പിന്തുണച്ചു വരുന്നത് കാണാം. ഇത് കേരളത്തിൽ വരുന്ന 90% കമ്പനികളും ചെയ്യുന്ന കാര്യമാണ്. ഇവിടെയും പ്രതീക്ഷയെല്ലാം നൽകി ജോലിക്ക് വരുന്ന ആളുകൾ ആണ് പ്രയാസം നേരിടുന്നത്. ചുരുങ്ങിയ വേതനത്തിൽ വലിയ ജോലി ചെയ്യുകയാണ് ഇന്നത്തെ മലയാളി എന്ന ഒരു വാചകം വളരെ പ്രസക്തമാവുന്നത് ഇപ്പോഴാണ്. 

ഞാൻ മുൻപൊരിക്കൽ എന്റെ പഠനം കഴിഞ്ഞു ആദ്യമായി ജോലിയിൽ പ്രവേശിച്ചപ്പോൾ കൂടെയുള്ള ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കെ അറിഞ്ഞ ഒരു കാര്യം എന്റെ വേതനവും 3 വർഷം അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുടെ വേതനവും ഒന്ന് തന്നെയാണ് എന്നാണ്. അവിടെ കിട്ടുന്ന ഉയർന്ന സാലറി എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ഒരു സ്ഥാപനത്തിൽ കാലങ്ങളായി തുടർന്ന് വരുന്ന ആളുകൾക്ക് കാലം മാറുന്നതിന് അനുസരിച്ച് വേതനം പുനർനിർണ്ണയിക്കുന്ന സമ്പ്രദായം തീരെ ഇത്തരം സ്ഥാപനങ്ങളിൽ ഇല്ല. 

ദിവസേന അവശ്യ സാധനങ്ങളുടെ വില കൂടുന്ന മലയാളി പറയുന്നത് വിലക്കയറ്റം തീരെ ബാധിക്കാത്ത മേഖല ജോലിയിലെ സാലറിയെ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വില കുത്തനെ കൂടിയാലും അരിയുടെ കാര്യത്തിൽ വില വർദ്ധനവ് വന്നാലും നമ്മുടെ സാലറി പതറാതെ ഉറച്ചു നിൽക്കും എന്ന തമാശ വാചകം മുൻപൊരിക്കൽ ഒരു സ്കിറ്റിൽ കേട്ടു. ഇത് കേട്ട ചെറിയ കുട്ടികൾ പൊടുന്നനെ ചിരിച്ചപ്പോഴും യുവാക്കളായ ചില ആളുകളിൽ ഒരു ചെറുചിരി മാത്രം ആയിരുന്നു കണ്ടത്. ആ ചിരിയിലും കാണാം ഒരു നീറുന്ന മനസ്സ്. ഒരു കുടുംബം ഭക്ഷണം കഴിച്ചു പോകുന്നത് ഒരുപക്ഷേ അയാളുടെ വരുമാനത്തിനനെ ആശ്രയിച്ചു ആയിരിക്കും. "കമ്പനിയിലെ ജോലികൾ കൂടുന്നത് അല്ലാതെ നിങ്ങടെ സാലറി കൂടിയില്ലേ" എന്ന ചോദ്യം എല്ലാ വീടുകളിലും ഉയർന്ന് കേൾക്കുന്നത് കാണാം. ഒരിക്കൽ എങ്കിലും ഇത്തരം കാര്യത്തെ എതിർത്തു ജോലിയിൽ നിന്നും തിരിച്ചു പോരുവാൻ നിൽക്കുന്ന തൊഴിലാളിക്കും ഉണ്ട് സ്വാശ്രയ മാനേജ്മെന്റ് നൽകുന്ന നല്ല എട്ടിന്റെ പണി. നിശ്ചിത സമയം വരെ നോട്ടീസ് പീരിയഡ് ഉണ്ടാവും. അത് അനിവാര്യമാണ് എങ്കിലും അതിന്റെ കൂടെ അലങ്കരമായി പലതും ഉണ്ടാവും. അയാളുടെ വിലപ്പെട്ട രേഖകൾ, മുൻപ് ജോലി ചെയ്ത സമയത്തെ ശമ്പളം, പിന്നെ നോട്ടീസ് പീരിയഡ് കാലത്ത് പിടിച്ചു വെക്കുന്ന സാലറി. ഈ അലങ്കാര വസ്തുക്കൾ എല്ലാം നിയമപ്രകാരം പോയാൽ എടുത്തു മാറ്റേണ്ടി വരും എന്നത് ഈ കമ്പനികൾക്ക് അറിയാം എങ്കിലും ഈ മിക്ക ജോലിക്കാരും അവരുടെ അവകാശം അറിയാത്തവരോ, അറിഞ്ഞിട്ടും ചോദിച്ചു വാങ്ങാത്ത ആളുകളോ ആയിരിക്കും. വളരെ പ്രയാസപ്പെട്ടാൽ മാത്രമേ ഒരു ജോലിയിൽ നിന്നും ഒരാൾക്ക് ഇറങ്ങി പോരാൻ കഴിയൂ എന്നതാണ് ചുരുക്കം. 

ഇതെല്ലാം വളരെ വ്യക്തമായി അറിയാവുന്ന സർക്കാരുകൾ ആരുടെ ഒക്കെയും താൽപ്പര്യങ്ങൾക്ക് വേണ്ടി മൗനം ഭുജിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനങ്ങളോട് കൂറ് പുലർത്താൻ വേണ്ടി പലരും അനീതികളെ മാറി നിന്ന് ചിരിച്ചു തള്ളുന്നു. അങ്ങിനെ നീണ്ടു പോകുന്നു ഒരു ശരാശരി മലയാളിയുടെ ജീവിത പ്രശ്നങ്ങൾ. 

ഒരിക്കൽ എങ്കിലും ഇതിന് എതിരെ ഒരു ശബ്ദം ഉയരേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യമാണ്. സഹജീവികളെ മനസ്സിലാക്കുമ്പോൾ ആണ് പഠിച്ച ഏതൊരു വിദ്യാഭ്യാസത്തിനും വിലയുള്ളത് എന്ന് പഴയ ജോയ് സാറിന്റെ വാക്കുകൾ ഇപ്പോൾ മനസ്സിലേക്ക് കടന്നു വരുന്നു. ഇതെല്ലാം വായിക്കുന്ന സമയം കൊണ്ട് പലയിടത്തായി നിരവധി ആളുകൾ ആത്മഹത്യയെ പറ്റി ചിന്തിക്കുന്നു.

നല്ല നാളേക്കായി ഒരു ശബ്ദം എങ്കിലും പ്രത്യാശിക്കാം നമുക്ക്.

Abdul Jaleel. C, Head, Dept. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്