ആ പത്തുവയസ്സുകാരി പറഞ്ഞു: 'ഞാൻ നുജൂദ്, പത്ത് വയസ്സ്. എനിക്ക് വിവാഹമോചനം വേണം.




വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും പത്താം വയസ്സിൽ വിവാഹമോചിതയാവുകയും ചെയ്ത യമനിലെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട തൻറെ അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ കഥ.

അറേബിയ ഫെലിക്സ് എന്നുവച്ചാൽ സന്തുഷ്ടമായ അറേബിയ എന്ന് വിശേഷിക്കപ്പെട്ട ഒരു കൊച്ചു രാജ്യം, ഒരുപാട് അടിച്ചമർത്തലുകൾക്ക് ഇരയായ രാജ്യം, ഒരുപാട് ആഭ്യന്തര കലഹങ്ങൾ നേരിട്ട രാജ്യം. ഇങ്ങനെയൊക്കെയുള്ള അസാധാരണമായ കലുഷിതമായ രാജ്യത്തിലാണ് നുജൂദ് ജനിക്കുന്നത്. 

വടക്കുപടിഞ്ഞാറൻ യെമനിലെ ഖാർഡ്ജി എന്ന ഗ്രാമം അവിടെ ഷോയ-അലി മൊഹമ്മദ് അൽ അദെൽ ദമ്പതികളുടെ പതിനാറ് മക്കളിൽ ഒരാളാണ് നുജൂദ്. കടലിനെ സ്വപ്നം കാണുന്ന, ഒരു കടലാമായായി തീർന്ന് വെള്ളത്തിനടിയിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന ഒരു പെൺകുട്ടി.. തിരയുടെ നിറം നീലയാണെന്നു അവളുടെ കൂട്ടുകാരി മലക് പറഞ്ഞപ്പോ അത്ഭുതം കൊണ്ട് കണ്ണുകൾ വിടർന്ന ഒരു യെമൻ ബാലിക. നുജൂദ്.

അങ്ങനെയിരിക്കെ അവളോട് ഉപ്പ പറയുകയാണ് നുജൂദ് നീ വിവാഹിതയാകാൻ പോകുന്നു.. എന്താണ് വിവാഹം.. കൊച്ചു നുജൂദിനെ സംമ്പത്തിച്ചിടത്തോളം ഒരുപാട് മധുര പലഹാരം കിട്ടുന്ന, സമ്മാനങ്ങൾ കിട്ടുന്ന ഒരു ആഘോഷം. മുപ്പത് വയസ്സുകാരനായ ഫൈസ് അലി താമർ എന്നയാൾക്ക് നുജൂദിനെ കൈപിടിച്ചു കൊടുക്കുമ്പോൾ അതിനെ അവളുടെ ഉപ്പ ന്യായീകരിക്കുന്നത് ഇത് കഴിഞ്ഞാൽ ഒരു വയർ ഒഴിയുമല്ലോ എന്ന് പറഞ്ഞാണ്. ആ കുടുംബത്തിന്റെ ദാരിദ്ര്യം ആ വാക്കുകളിൽ അറിയാം. എന്നിരുന്നാലും ആ പത്ത് വയസ്സുകാരി നുജൂദ്, തീരുമാനങ്ങൾ പുരുഷന്റെതാണ് അത് അനുസരിക്കാൻ മാത്രമേ സ്ത്രീകൾക്ക് കഴിയു എന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം.

കല്യാണം കഴിഞ്ഞതോ, പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നതോ, വിയർപ്പ് നാറുന്ന ഒരുവന്റെ കൂടെ ഉറങ്ങേണ്ടി വന്നതോ അല്ല, മറിച്ച് താൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പാഠപുസ്തകങ്ങൾ നഷ്ടമായതും, മലക് എന്ന തോഴിയേയും തന്റെ സ്കൂളിനെയും ടീച്ചർമാരെയും പിരിയേണ്ടി വന്നതുമാണ് അവളെ സങ്കടത്തിൽ ആഴ്ത്തിയത്.

കുഞ്ഞു നുജൂദിന് പ്രായം ആകുന്നത് വരെ അവളുടെ ദേഹത്ത് സ്പർശിക്കില്ലെന്ന ഉറപ്പ് ആദ്യ രാത്രി തന്നെ താമർ ലംഘിച്ചപ്പോൾ ആ രാത്രി നുജൂദിന് സമ്മാനിച്ചത് എന്തെന്ന് അറിയാത്ത വേദനയാണ്. പിന്നെ അങ്ങോട്ട് എല്ലാ രാത്രികളും അവൾക്ക് വേദന നിറഞ്ഞതായിരുന്നു, കണ്ണീര് നിറഞ്ഞതായിരുന്നു. അവസാനം ഷാദ എന്ന വക്കീലിന്റെ കൈകളിൽ എത്തും വരെ.

'നീ ഇപ്പോഴും കന്യകയാണോ ?

'അല്ല,രക്തമൊലിക്കുകയുണ്ടായി'

ജഡ്ജിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ നുജൂദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം വായനക്കാരുടേതും. കാരണം അത്രമേൽ നിഷ്കളങ്കയാണ് നുജൂദ്.

അവിടുന്നങ്ങോട്ട് നിയമ പോരാട്ടങ്ങളാണ്. ആ കുഞ്ഞു മനസ്സിനെ അവളുടെ വലിയ ലോകത്തിലേക്ക് സ്വതന്ത്രമായി തുറന്നു വിടാൻ വേണ്ടി ഷാദ എന്ന വക്കീൽ നടത്തുന്ന പോരാട്ടം. അത് കൊണ്ട് തന്നെയാകാം വളർന്നു വലുതാകുമ്പോ തനിക്കും ഷാദയെ പോലെ ഒരു വക്കീൽ ആകണം എന്ന് നുജൂദ് ആഗ്രഹിച്ചത്.

വിവാഹമോചനം ലഭിച്ചതിന് ശേഷം ഷാദ അവളോട് ചോദിക്കുന്നുണ്ട് നുജൂദ് നിനക്ക് എന്ത് വേണം.? അതിനവളുടെ മറുപടി 'എനിക്ക് കുറച്ച് കളിപ്പാട്ടങ്ങൾ വേണം, ചോക്ലേറ്റും കേക്കും തിന്നാനും തോന്നുണ്ട്.' അവിടെ അവസാനമല്ല. നുജൂദിന്റെ തുടക്കമാണ്. അവൾ സ്വപ്നം കാണുന്ന ലോകത്തിലേക്കുള്ള തുടക്കം.

തോൽക്കാൻ മനസില്ലാത്ത, ആകാശത്തെ സ്വപ്നം കാണുന്ന, സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എല്ലാ യെമൻ പെൺകിടാങ്ങൾക്കുമാണ് ഡെൽഫിൻ മിനോയിയും നുജൂദും ഈ പുസ്തകം സമർപ്പിക്കുന്നത്.

Anjal Juman, Assistant Professor of Economics, Al Shifa College of Arts and Science 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം