ക്രിസ്മസ് നൽകുന്ന സന്ദേശം.
December 26, 2023
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം... എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍..
സ്നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു., ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിക്കുകയാണ് നാമെല്ലാം. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. അത്തരത്തിൽ മികച്ച ഒരു ക്രിസ്മസ് ആവട്ടെ എല്ലാവർക്കും എന്ന് ആശംസിക്കുന്നു.
പണ്ടൊരിക്കൽ എവിടേയോ കേട്ടു മറന്ന കഥയാണ് ഈയവസരത്തിൽ ഓർമ്മവരുന്നത്.
ഒരിക്കൽ ക്രിസ്മസ് അവധിക്കായി സ്കൂൾ അടക്കുന്നതിനു രണ്ടുദിവസം മുമ്പ് അദ്ധ്യാപകൻ കുട്ടികളോടായി ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ചു പറയുവാൻ ഇടയായി. ക്ലാസ്സിലെ ക്രിസ്മസ് സമ്മാനം നൽകുന്നത് രസകരമാക്കുന്നതിനു വേണ്ടി ക്ലാസ്സിലെ നാൽപ്പത്തൊമ്പതു കുട്ടികളും പിറ്റേന്ന് വരുമ്പോൾ നൂറ് രൂപ കൊണ്ടുവരാനായി അദ്ധ്യാപകൻ പറഞ്ഞു.
ക്ലാസ്സിൽ രണ്ട് പെട്ടികൾ വച്ചിട്ടുണ്ടാവും എന്നും, അതിൽ ആദ്യത്തേതിൽ താൻ അടക്കം നാല്പത്തൊമ്പത് കുട്ടികളും നൂറ് രൂപ നിക്ഷേപിക്കണം എന്നും, മറ്റേ പെട്ടിയിൽ എല്ലാവരും സ്വന്തം പേരെഴുതി മടക്കി ഇടണമെന്നും ആദ്ദേഹം പറഞ്ഞു. നറുക്ക് എടുക്കുമ്പോൾ ആരുടെ പേരാണോ വരുന്നത്, അവർക്ക് പെട്ടിയിലെ ആകെ തുകയായ അയ്യായിരം രൂപ സമ്മാനമായി എല്ലാവരും ചേർന്ന് നൽകുമെന്നും ആദ്ദേഹം അറിയിച്ചു. കുട്ടികളെല്ലാം ആവേശത്തോടെ സമ്മതിച്ചു.
എന്നാൽ പിറ്റേദിവസം ആരും അറിയാതെ അദ്ധ്യാപകൻ ഒരു കാര്യം ചെയ്‌തു. അതെ ക്ലാസ്സിലെ തന്നെ മേരി എന്ന പെൺകുട്ടി രോഗം ബാധിച്ച് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതറിയാവുന്ന അദ്ധ്യാപകൻ തന്റെ പേര് എഴുതുന്നതിനു പകരം മേരിയുടെ പേരെഴുതി പെട്ടിയിൽ ഇട്ടു. അതോടൊപ്പം മേരിക്ക് നറുക്ക് വന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്‌തു.
കുട്ടികൾ എല്ലാം പേരെഴുതി നിക്ഷേപിച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് ലീഡറോട് നറുക്കെടുക്കാൻ ആവശ്യപ്പെട്ടു. നറുക്ക് തുറന്നു നോക്കിയപ്പോൾ അധ്യാപകന്റെ ആഗ്രഹം പോലെ മേരിയുടെ പേര് വരികയും ചെയ്‌തു. അതുകണ്ടതും അധ്യാപകനു അതിയായ സന്തോഷം തോന്നി.
സമ്മാനത്തുക ആശുപത്രിയിൽ എത്തിച്ചു തിരിച്ചുവന്ന അദ്ധ്യാപകൻ ഒരു കൗതുകത്തിനു പെട്ടിലെ നറുക്ക് തുറന്നു നോക്കി. അതിലെ പേരുകണ്ട് ആദ്ദേഹം അമ്പരന്നുപോയി. മേരി എന്നായിരുന്നു അതിലെ പേര്. അദ്ധ്യാപകൻ വേഗംതന്നെ മറ്റു നറുക്കുകൾ കൂടി തുറന്നു നോക്കി. അദ്ദേഹത്തെ അത്ഭുതപ്പെടുത്തി മറ്റെല്ലാ നറുക്കിലും മേരി എന്ന പേരാണ് അദ്ദേഹത്തിന് കാണാൻ സാധിച്ചത്. ഇതുകണ്ടതും ഒരുനിമിഷം സന്തോഷത്താൽ അധ്യാപകന്റെ കണ്ണുകൾ ഈറനണിഞ്ഞു.
ക്രിസ്തു നമ്മെ പഠിപ്പിച്ചതും ഇതുതന്നെ ആയിരുന്നു. സ്വന്തമാക്കാൻ ആയിരുന്നില്ല, മറ്റുള്ളവരെ സഹായിക്കാൻ ആയിരുന്നു. എടുക്കാൻ ആയിരുന്നില്ല, കൊടുക്കാൻ ആയിരുന്നു.
അത്തരത്തിൽ ലോകമാകുന്ന ക്ലാസ്സ്‌മുറിയിലെ അധ്യാപകനാണ് യേശു എങ്കിൽ ശിഷ്യനായ നമുക്കെല്ലാവർക്കും ആദ്ദേഹം പഠിപ്പിച്ച പാഠം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ എന്ന് ഈ ക്രിസ്മസ് കാലത്ത് ആഗ്രഹിക്കുന്നു. അതിനു നമുക്ക് സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
എല്ലാവരേയും സ്നേഹിക്കാന്‍ പഠിപ്പിച്ച ത്യാഗത്തിന്‍റെ പര്യായമായ യേശുനാഥന്‍റെ ഓര്‍മയില്‍,സന്തോഷകരമായ ഒരു ക്രിസ്മസ് ഒരിക്കൽക്കൂടി നേരുന്നു.
Mekha C. M, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattur, Perinthalmanna
Comments
Post a Comment