അയാൾ
വാർദ്ധക്യം അയാളുടെ ശരീരത്തിൽ മാത്രമല്ല ഹൃദയത്തിലും ചുളിവുകൾ വീഴ്ത്താൻ തുടങ്ങിയിരുന്നു.. ഒന്നു നോക്കിയാൽ ഭയംകൊണ്ട് തല താഴ്ത്തിയിരുന്ന മക്കൾ അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുപോലും മറന്നുപോയിക്കാണണം.. നീണ്ട നാല്പത്തെട്ട്‍ വർഷത്തെ ദാമ്പത്യത്തിനുശേഷം നിങ്ങൾക്കിനി ആരുണ്ട് എന്ന് വേവലാതിപ്പെട്ട് അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവൾ മരിച്ചുപോയിരുന്നു.. ഒരിക്കലും അവൾക്ക് സമാദാനം കൊടുത്തിട്ടില്ല.. രാത്രികളിൽ അന്നന്നത്തെ എല്ലാ നിരാശകളും അയാൾ അവളിൽ തീർത്തു.. ശരീരത്തിലെ ഒടിവുകളും ചതവുകളും ആളുകൾ അന്വേഷിക്കുമ്പോൾ അടുക്കളപ്പുറത്ത് കാലുതെറ്റി വീണെന്ന് അവൾ കള്ളം പറഞ്ഞു.. എന്നിട്ടും അവൾ അയാളെ സ്നേഹിച്ചു.. പതിവുകളൊന്നും തെറ്റിക്കാതെ ഒരു കുഞ്ഞിനെപ്പോലെ ശുശ്രൂഷിച്ചു.. അവൾ പോയതിനു ശേഷം അയാളുടെ ജീവിതം കൂടുതൽ നരച്ചു പോയി, ഉള്ളിലെവിടെയോ അയാളും അവളെ സ്നേഹിച്ചു കാണണം.. ആ പഴയ വീട്ടിൽ അയാൾ തനിച്ചായി.. ആ ഗർവോക്കെ എവിടെപ്പോയെന്നു പറഞ്ഞ് അയൽക്കാരി പെണ്ണുങ്ങൾ കളിയാക്കി ചിരിച്ചു...
നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു.. അയാൾക് എഴുന്നേൽക്കാൻ തോന്നിയില്ല...
അയാൾ തൻ്റെ സഹോദരനെ കുറിച്ചോർത്തു.. അവൻ സുന്ദരനായിരുന്നു.. അപ്പന്റെ സ്വഭാവാമായിരുന്നു അവന്.. ആശിച്ചതെല്ലാം അവൻ നേടി.. ഒരിക്കലും കർത്താവിനെ മറന്നില്ല.. കുടുംബം മറന്നില്ല.. അവൻ എല്ലാവരെയും സ്നേഹിച്ചു.. എത്ര സന്തോഷത്തോടെയാണ് അവനും കുടുംബവും ജീവിച്ചത്.. ഒരു കാറപകടത്തിൽ അവനും കെട്ടിയോളും മരിക്കുമ്പോൾ അവന് 30 തികഞ്ഞിട്ടില്ല.. മരിക്കേണ്ട പ്രായമാണോ അത്? അത്ഭുതകരമായി രക്ഷപ്പെട്ട അവന്റെ ഇളയ മകളെ വീട്ടിലേക്ക് കൊണ്ടുവരാൻ ഭാര്യ ഒരുപാട് നിർബന്ധിച്ചതാണ്.. പക്ഷെ അയാൾ അതിന്ന് തയാറായില്ല, അവളെ കെട്ടിച്ചു വിടാനുള്ള പൊന്നും പണോം നിൻറപ്പൻ തരുവോടി എന്നയാൾ അവളോട് ആക്രോശിച്ചു.. കള്ളപ്രമാണാം ഉണ്ടാക്കി അവന്റെ സ്വത്തെല്ലാം കൈക്കലാക്കുകയും ചെയ്തു... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അയാൾ എഴുന്നേറ്റിരുന്നു... മേശവലിപ്പ് തുറന്ന് ഒരു കത്തുപുറത്തെടുത്തു.. അത് വീണ്ടും വീണ്ടും വായിച്ചു.... ഇന്നലെ പോസ്റ്മാൻ കത്തുമായി വന്നപ്പോൾ അയാൾ അത്ഭുദത്തെപ്പട്ടു.. അയാൾക്ക് ആര് കത്തെഴുതാനാണ്.. ആർത്തിയോടെ അയാൾ കത്ത് പൊട്ടിച്ചു വായിച്ചു.. അത് അവളുടെ കത്തായിരുന്നു.. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു എന്ന് കേട്ടറിവുണ്ട്.. അതുകൊണ്ടാണല്ലോ പള്ളി അവളെ ഏറ്റെടുത്തു പഠിപ്പിച്ചത്...പലരുടെയും സഹായത്തോടെ അവൾ പഠിച്ചു ,വിദേശത്തുപോയി.. ഇതുവരെ അവളെക്കുറിച്ഛ് അന്വേഷിച്ചിട്ടില്ല..ഇപ്പോൾ അയാളുടെ സുഖവിവരങ്ങൾ അന്വേഷിച് അവൾ കത്തയച്ചിരിക്കുന്നു.. അവൾ വിദേശത്ത് കുടുംബമായി സുഖമായി ജീവിക്കുന്നു.. അവൾക്കൊപ്പം താമസിക്കാൻ അയാളെ അവൾ ക്ഷണിച്ചിരിക്കുന്നു... അവളുടെ അപ്പന്റെ സ്ഥാനമാണത്രെ അയാൾക്.. അയാൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി... കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി... അയാൾ വെറും നിലത്ത് നിവർന്നുകിടന്നു... പാപങ്ങൾ ഓർമകളുടെ നീരാളികയ്യ്കൾകൊണ്ട് അയാളെ വരിഞ്ഞു മുറുക്കി... അയാൾക് ശ്വാസം തിങ്ങുന്നുണ്ടായിരുന്നു...
Rinsha. V. P, Assistant Professor of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment