മഴവില്ലുപോലെ.. കാതൽ

കഴിഞ്ഞ ആഴ്ചയിലാണ്  ആദ്യമായി വീട്ടുകാരോടൊപ്പമല്ലാതെ ഒരു യാത്ര പോയത്..  ഒരുപാട് നാളുകളായി ഞങ്ങൾ ആറ് കൂട്ടുകാർ എങ്ങോട്ടെങ്കിലും ഒരു യാത്ര പോവാം എന്ന് പ്ലാൻ ചെയ്യുന്നു.. ഞങ്ങൾ സ്ത്രീകൾ മാത്രമായതുകൊണ്ടാവാം  പല പല കാരണങ്ങളാൽ അതെപ്പോഴും മുടങ്ങാറാണ് പതിവ്.. എല്ലാവരും കുടുംബിനികൾ ആയത് കൊണ്ട് കാരണങ്ങൾക്ക് ഒരു കുറവും ഉണ്ടാകാറില്ല.. മക്കൾക്ക് എക്സാം, വീട്ടിലാർക്കെങ്കിലും അസുഖം , എന്തെങ്കിലും ഫങ്ക്ഷൻസ് ..അങ്ങനെയങ്ങനെ.. അവസാനം യാതൊരു തയ്യാറെടുപ്പുമില്ലാതെ കഴിഞ്ഞ ആഴ്ച ഞങ്ങൾ എറണാംകുളം പോയി..എറണാകുളം ആർക്കും പുതുമയുള്ള സ്ഥലമല്ല.. എല്ലാവരും എത്രയോ തവണ വന്ന് പോയ സ്ഥലം.. എന്നാലും ഞങ്ങൾക്കത് മറക്കാനാവാത്ത അനുഭവമായിരുന്നു .. ട്രെയിൻ ടിക്കറ്റ് ഒന്നും ബുക്ക്‌ചെയ്യാത്തത് കൊണ്ട്, അങ്ങാടിപ്പുറത്ത് നിന്ന് 5മിനിറ്റ് മാത്രം നിർത്തുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്മെന്റ് കണ്ടുപിടിക്കാൻ ഓടിയും..സീറ്റ് കിട്ടിയപ്പോൾ ആർത്തുചിരിച്ചും.. വടയും ചായയും വാങ്ങികഴിച്ചും.. രാത്രി എറണാകുളം എത്തിയിട്ട് എന്ത് ചെയ്യും എന്ന് നൂറു നൂറ് അഭിപ്രായങ്ങളും പൊട്ടത്തരങ്ങളും പറഞ്ഞും.. ഞങ്ങൾ ആറ് പെണ്ണുങ്ങൾ.. 

ഞങ്ങളുടെ സന്തോഷവും ചിരിയും സംസാരവും കണ്ടിട്ടാവണം തൊട്ടപ്പുറത്തിരുന്ന മൂന്ന്  സ്ത്രീകൾ, ഞങ്ങളെ പരിചയപ്പെടാൻ വന്നത്.  പെരിന്തൽമണ്ണയുടെ പരിസരപ്രദേശങ്ങളിൽ ജോലി നോക്കുന്ന ആലപ്പുഴക്കാരായ വില്ലേജ് ഓഫീസേഴ്സ് ആയിരുന്നു അവർ.. മലപ്പുറത്തെ കുറിച്ചും , അവർക്ക് സാധാരണക്കാരായ നമ്മുടെ നാട്ടിലെ ആളുകളോട് ഇടപഴകേണ്ടി വരുമ്പോൾ നമ്മുടെ ഭാഷ മനസ്സിലാകാതെ പറ്റിയ അമളികളെ കുറിച്ചുമെല്ലാം പറഞ്ഞു അവരും ഞങ്ങളോടൊപ്പം കൂടി . യാത്ര പറയുമ്പോൾ നിങ്ങളോട് അസൂയ തോന്നുന്നു എന്നാണ് അവര് പറഞ്ഞത്.. നമുക്കും ഇനി കൂട്ടുകാരോടൊപ്പം യാത്ര പോകണമെന്നും, റിട്ടയർമെന്റ് വരെയൊന്നും കാത്തിരിക്കേണ്ടതില്ല എന്നും  ഞങ്ങളിറങ്ങുമ്പോൾ അവര് പരസ്പരം പറയുന്നുണ്ടായിരുന്നു..


എറണാകുളം എത്തിയ ഞങ്ങളും പതിവ് തെറ്റിച്ചില്ല.. നേരെ ലുലുവിലേക്ക്.. അവിടെ നിന്ന് ഫുഡ് കഴിച്ചു റൂമിൽ പോണോ സെക്കന്റ്‌ ഷോക്ക് കേറണോ എന്ന് ആലോചിച്ചു നിക്കുമ്പോൾ കൂട്ടത്തിലെ മമ്മൂട്ടിഫാൻ കാതൽ – ദി കോർ ഉണ്ട്.. ടിക്കറ്റ് ഉണ്ടോന്ന് നോക്കട്ടെ എന്നായി.. നാളെ പതിവ് ദിവസങ്ങളിലെ പോലെ നേരത്തെ എണീക്കണ്ട.. ഫുഡ് ഉണ്ടാക്കണ്ട.. സ്കൂൾ തിരക്കുകളില്ല.. വൈകിയാലും കുഴപ്പമില്ല.. എല്ലാവർക്കും സമ്മതം.. ക്ഷീണം കാരണം തിയേറ്ററിൽ ഇരുന്ന് ഉറങ്ങിപോകും എന്ന് വിചാരിച്ചാണ് കയറിയത് എങ്കിലും..ഈ ജിയോ ബേബി സിനിമ രണ്ടര മണിക്കൂർ നമ്മളെ പിടിച്ചിരുത്തും.

കാതൽ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരമായ ശ്രമമാണ് എന്ന് നമുക്ക് വിലയിരുത്താം. ഒരു പക്ഷേ ഒരു വലിയ മാറ്റത്തിന് തുടക്കമിടാൻ ഈ സിനിമക്ക് കഴിഞ്ഞേക്കും.”ആളുകൾ എന്ത് പറയും?" എന്ന പഴയ സാമൂഹിക ആശങ്കയാൽ ഇപ്പോഴും ഏറെക്കുറെ നിഷിദ്ധമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ' കാതൽ' തയ്യാറായിരിക്കുന്നു.

റിട്ടയെർഡ് ബാങ്ക് ഉദ്യോഗസ്ഥനായ മാത്യു ദേവസ്സിയുടെയും ഭാര്യ ഓമനയുടെയും ജീവിതമാണ് കാതൽ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് മാത്യു . എന്നാൽ അതേസമയം ഭാര്യ ഓമന വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്നു. മാത്യു സ്വവർഗാനുരാഗിയാണെന്നും ഡ്രൈവർ തങ്കനുമായി ദീർഘകാല ബന്ധമുണ്ടെന്നും അവർ പറയുന്നു. രാജ്യം നിയമവിധേയമാക്കിയിട്ടും നിഷിദ്ധമായി കണക്കാക്കപ്പെടുന്ന സ്വവർഗരതിയെക്കുറിച്ചാണ്  സിനിമ പറയുന്നത്. സ്വവർഗാനുരാഗികളായ ആളുകൾ പുറത്തുവരാൻ പാടുപെടുന്നതിനെക്കുറിച്ചും സമൂഹം അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുമാണ് 

പിന്നീട് നമുക്ക് കാണാൻ കഴിയുന്നത്. ഓമനക്കും മാത്യുവിനും ഒരു ശത്രുതയും ഇല്ല. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിൽ, അവൾ അവനെ മനസ്സിലാക്കുന്നു, ഇപ്പോൾ സ്വതന്ത്രയാകാനും, അവനെ സ്വാതന്ത്ര്യനാക്കാനും അവൾ ആഗ്രഹിക്കുന്നു. അവൾ ജീവനാംശം തേടുന്നില്ല..വാക്കുതർക്കങ്ങളില്ല..വിവാഹമോചനം ആഗ്രഹിക്കുന്നെന്ന് മാത്രം.. തന്റെ സെക്‌ഷ്വൽ ഓറിയന്റേഷൻ വ്യത്യസ്തമായിരിക്കുമ്പോഴും ഓമനയോട് മാത്യൂവിനും തിരിച്ചും തീവ്രമായ സ്നേഹമാണ്.

സിനിമയുടെ രണ്ടാം പകുതിയിൽ സമൂഹത്തിൽ തങ്ങളായിരിക്കാൻ അവർ ലജ്ജിക്കേണ്ടതില്ലെന്ന് മമ്മൂട്ടിയുടെ മാത്യുവിനോട്  പറഞ്ഞുമനസ്സിലാക്കുന്നത് ജ്യോതികയുടെ ഓമന എന്ന ഭാര്യ കഥാപാത്രമാണ്. കാതൽ  എന്നത് ഒരു പ്രണയരഹിത ദാമ്പത്യത്തിന്റെ പുറംതോട് വേർപെടുത്തുന്ന ഒരു സിനിമയുടെ ശീർഷകമാണ്.. മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതും മുറിവേൽപ്പിക്കുന്നതുമായ വികാര വിചാരങ്ങളെ കുറിച്ചാണ്  ഈ സിനിമ നമ്മളോട് സംവദിക്കുന്നത്..

ഏതാനും മലയാള സിനിമകൾ  സ്ത്രീ അനുരാഗവും ഗേ റിലേഷൻഷിപ്പും ട്രാൻസ്ജെൻഡർ ലൈഫും പരാമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വിവാഹിതനായ ഒരു പുരുഷന്റെ ഗേ ഓറിയന്റേഷനും റിലേഷൻഷിപ്പും അയാളുടെ കുടുംബത്തിലും സമൂഹത്തിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ ഹോമോസെക്‌ഷ്വലും ഹെട്രോസെക്‌ഷ്വലും ഉൾപെടെയുള്ള എല്ലാ സെക്‌ഷ്വാലിറ്റികൾക്കും സ്വതന്ത്രമായ ഐഡന്റിറ്റി ഉറപ്പാകുന്ന സമഗ്രമായൊരു സാമൂഹിക രാഷ്ട്രീയ പ്രസ്താവന മുന്നോട്ടു വെക്കുന്ന ഒരു മലയാള സിനിമ എന്ന നിലയിലാണ് 'കാതൽ' പ്രസക്തമാകുന്നത് എന്ന് പറയാം.

രണ്ട് ദിവസത്തെ യാത്രയവസാനിച്ചു തിരിച്ചു പോരുമ്പോഴും മനസ്സിനുള്ളിൽ ,  മുഴുവൻ ലോകത്തിന്റെ മുമ്പിലും തല കുനിച്ച് സജലങ്ങളായ മിഴികൾ പാതി താഴ്ത്തി സ്വയം തകർന്ന് നില്ക്കുന്ന നിമിഷങ്ങളിൽ "ദൈവമേ" എന്ന് കരള് നോവുമാറ് വിലപിക്കുന്ന, വിതുമ്പുന്ന ഒരു സമൂഹത്തിന്റെ മുഴുവൻ പ്രതിനിധിയായ മാത്യുവായിരുന്നു..

Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്